Follow Us On

21

October

2021

Thursday

‘ദ ഗാർഡൻ ഓഫ് ഏദൻ’: യെമനിൽ രക്തസാക്ഷിത്വം വരിച്ച ചാരിറ്റി സിസ്റ്റേഴ്‌സിന്റെ ജീവിതം സിനിമയാകുന്നു

‘ദ ഗാർഡൻ ഓഫ് ഏദൻ’: യെമനിൽ രക്തസാക്ഷിത്വം വരിച്ച ചാരിറ്റി സിസ്റ്റേഴ്‌സിന്റെ ജീവിതം സിനിമയാകുന്നു

ഏദൻ: യെമനിലെ ഏദനിൽ ഐസിസ് തീവ്രവാദികൾ അരുംകൊല ചെയ്ത നാല് കന്യാസ്ത്രീകളുടെ രക്തസാക്ഷിത്വം ഇതിവൃത്തമാക്കി സിനിമ ഒരുങ്ങുന്നു. ആംഗ്ലോ- യെമനി സിനിമാ നിർമാതാക്കളായ ഷെർണാ ബദ്രേസ, ലിയാം ഡ്രൈവർ, ബാദർ ബെൻ ഹിർസി എന്നിവരാണ് ‘ദ ഗാർഡൻ ഓഫ് ഏദൻ’ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ അണിയറ ശിൽപ്പികൾ. കൊൽക്കത്തയിലെ വിശുദ്ധ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ സഭാംഗങ്ങളായ കന്യാസ്ത്രീകളെ 2016 മാർച്ച് നാലിനാണ് ഐസിസ് തീവ്രവാദികൾ അരുംകൊല ചെയ്തത്.

ഭാരതത്തിൽനിന്നുള്ള സിസ്റ്റർ ആൻസുലം (57), റുവാണ്ടയിൽനിന്നുള്ള സിസ്റ്റർമാരായ മാർഗരറ്റ് (44), റിജിനിറ്റ് (32), കെനിയയിൽനിന്നുള്ള സിസ്റ്റർ ജൂഡിറ്റ് (41) എന്നിവരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സമർപ്പിതർ. ഇവർ ഉൾപ്പെടെ 16 പേരാണ് കൊല്ലപ്പെട്ടത്. ഏഡനിലെ അഭയ കേന്ദ്രത്തിലെ അനാഥകുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുമ്പോഴായിരുന്നു തീവ്രവാദികളുടെ ആക്രമണം. സലേഷ്യൻ സഭാംഗമായ ഫാ. ടോം ഉഴുന്നാലിനെ ഭീകർ ബന്ധിയാക്കിയതും ഈ ആക്രമണത്തിലാണ്. ഏതാണ്ട് 18 മാസങ്ങൾക്കുശേഷമാണ് അദ്ദേഹം മോചിതനായത്.

സിനിമാ പ്രവർത്തകരായ ലിയാം ഡ്രൈവർ, ബാദർ ബെൻ ഹിർസി, ഷർണാ ബദ്രേസ.

ഈ നാല് കന്യാസ്ത്രീകളുടെ ത്യാഗോജ്വല ജീവിതം വസ്തുനിഷ്ടമായി അടയാളപ്പെടുത്തുന്നതാണ് സിനിമ. ഇവരുടെ സമർപ്പണം മാത്രമല്ല, ക്രിസ്തുവിനെപ്രതി ജനിച്ച നാടും വീടും ഉപേക്ഷിച്ച് മറ്റൊരു ദേശത്ത് മിഷണറി ദൗത്യം നിർവഹിക്കുന്ന കത്തോലിക്കാ കന്യാസ്ത്രീകളുടെ ത്യാഗജീവിതം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും സിനിമ സഹായകമാകും. ഈ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുമെന്നും രക്തസാക്ഷിത്വത്തിന്റെ ഈ സംഭവ കഥ മാനവികതയുടെ പ്രഘോഷണം കൂടിയായിരിക്കുമെന്നും നിർമാതാവായ ഷെർണാ ബദ്രേസ അഭിപ്രായപ്പെട്ടു.

ഡോക്യുമെന്ററിയല്ല മറിച്ച്, സംഭവങ്ങളുടെ നാടകീയമായ പുനരാവിഷ്‌കാരമായിരിക്കും ഈ സിനിമയെന്ന് നിർമാതാവായ ലിയാം ഡ്രൈവർ പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരും ഈ സിനിമയിലുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സിനിമയുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പവും വെളിപ്പെടുത്തി: ‘വിശുദ്ധ മദർ തെരേസ എന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഞാനും സഹോദരനും കുഞ്ഞായിരിക്കുമ്പോൾ വിശുദ്ധ മദർ തെരേസ എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും കത്തുകൾ അയക്കാറുണ്ടായിരുന്നു.’

യെമനിൽ 2014ന് ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ 2,33,000 പേർക്കാണ് ജീവൻ നഷ്ടമായത്. ഏതാണ്ട് 30 ലക്ഷം പേർ ഭവനരഹിതരായി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?