മുംബൈ തെരുവുകളില്‍ സ്‌നേഹ വിപ്ലവം സൃഷ്ടിച്ച ഫാ. പ്ലാസിഡോ ഫോണ്‍സെകായ്ക്കയാത്രയായി. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ ഉടന്‍ മാധ്യമങ്ങള്‍ അന്വേഷിച്ചത് അമീന്‍ ഷെയ്ക്കിനെയായിരുന്നു. ‘ലൈഫ് ഈസ് ലൈഫ്, ഐ ആം ബിക്വാസ് ഓഫ് യു’ എന്ന ഒറ്റ പുസ്തകംകൊണ്ട് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിക്കുകയും വിവിധ വിദേശ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും ചെയ്ത പുസ്തകത്തിന്റെ രചയിതാവാണ് അമീന്‍. മുംബൈയില്‍ ദാദര്‍ റെയില്‍വേസ്റ്റേഷനിലെ വെയ്സ്റ്റുബോക്‌സിന്റെ സമീപത്തുനിന്നുമാണ് അമീനിനെയും സഹോദരി സബീറയെയും ഫാ. പ്ലാസിഡോയ്ക്ക് ലഭിച്ചത്. എച്ച്.ഐ.വി /എയ്ഡ്‌സ് ബാധിതരുടെയും ക്ഷയ രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സബീറ ഇപ്പോള്‍ നേഴ്‌സാണ്.
താന്‍ കണ്ട ദൈവത്തിന്റെ മുഖച്ഛായയുള്ള വൈദികദിനെക്കുറിച്ച് അമീന്‍ എഴുതിയ കുറിപ്പ് വൈറലാകുകയും ചെയ്തു. അഞ്ചാം വയസില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ രണ്ട് രൂപാ ശമ്പളത്തിന് ജോലിക്കു പോയ ഭൂതകാലത്തില്‍നിന്നും തുടങ്ങിയ അനുസ്മരണം ഹൃദയ സ്പര്‍ശിയായിരുന്നു. ‘മുംബൈ ടു ബാഴ്‌സിലോണ’ എന്ന പേരില്‍ മുംബൈയില്‍ ഒരു ലൈബ്രറി കം കഫേ നടത്തുകയാണ് അമീന്‍. അതിനെല്ലാം വഴിയൊരുക്കിയത് ഫാ. പ്ലാസിഡോ ആയിരുന്നു. അമീന് ജീവിത സാഹചര്യം ഉണ്ടാക്കുക മാത്രമല്ല, അവന്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തനാകുംവരെ കാവല്‍ ദൂതനെപ്പോലെ ഫാ. പ്ലാസിഡോ ഒപ്പം ഉണ്ടായിരുന്നു. കഫെയില്‍ ജോലി ചെയ്യുന്ന എല്ലാവരും മുംബൈയിലെ സ്‌നേഹസദനില്‍ ബാല്യം ചെലവഴിച്ചവരാണ്. തെരുവില്‍ അലയുന്ന ഏതൊരു കുട്ടിക്കും കോഫിയും സ്‌നാക്‌സും കഴിച്ചിട്ടുപോകാം. ആരും അവരോടു പണം ചോദിക്കില്ല.
അമീന്‍ എഴുതിയ ഒറ്റക്കുറിപ്പു മതി ഫാ. പ്ലാസിഡോ എന്ന മനുഷ്യസ്‌നേഹിയായ ഈശോ സഭാ വൈദികനെക്കുറിച്ചറിയാന്‍. മുംബൈ നഗരത്തിന്റെ തെരുവുകളില്‍ മുങ്ങിപ്പോകാന്‍ സാധ്യത ഉണ്ടായിരുന്ന ഒരുപാട് തെരുവു കുട്ടികളെ ജീവിതത്തിന്റെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഫാ. പ്ലാസിഡോ നിത്യസമ്മാനത്തിനായി യാത്രയായത് ഇക്കഴിഞ്ഞ ജൂലൈ 31-നാണ്. 84 വയസായിരുന്നു. ഏതാനും വര്‍ഷങ്ങളായി കാന്‍സറിനോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം.
1962-ല്‍ ഫാ. റിക്കാര്‍ഡോ ഫ്രാന്‍സിസ് എസ്.ജെ എന്ന സ്പാനിഷ് വൈദികനാണ് സ്‌നേഹസദന്‍ ആരംഭിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫാ. പ്ലാസിഡോ അവിടെക്ക് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുംബൈയുടെ വിവിധ ഭാഗങ്ങളിലായി 12 സ്‌നേഹസദനുകള്‍ ഉയര്‍ന്നു.1970 മുതല്‍ 2013 വരെയുള്ള 43 വര്‍ഷ കാലയളവില്‍ 36 വര്‍ഷവും സ്‌നേഹസദന്റെ ഡയറക്ടായിരുന്നു ഫാ. പ്ലാസിഡോ. സാധാരണ അനാഥാലയങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് സ്‌നേഹസദന്റെ പ്രവര്‍ത്തന രീതികള്‍. 20 മുതല്‍ 30 കുട്ടികള്‍ വരെയാണ് ഒരു ഹൗസിലുള്ളത്. അതും തികഞ്ഞ കുടുംബാന്തരീക്ഷത്തില്‍.
40,000-ത്തോളം കുട്ടികളെ ഫാ. പ്ലാസിഡോയ്ക്ക് തെരുവില്‍നിന്നും വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്നാണ് കണക്ക്. 1985-ല്‍ ശിശുക്ഷേമ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇന്ത്യയിലെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് രൂപം നല്‍കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയില്‍ ഫാ. പ്ലാസിഡോ അംഗമായിരുന്നു. മുംബൈ തെരുവുകളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച മനുഷ്യസ്‌നേഹി എന്നായിരിക്കും നാളെകളിലെ ചരിത്രകാരന്മാര്‍ ഫാ. പ്ലാസിഡോ ഫോണ്‍സെകായ്ക്കയെ വിശേഷിപ്പിക്കാന്‍ സാധ്യത.
Leave a Comment
Your email address will not be published. Required fields are marked with *