Follow Us On

19

April

2024

Friday

വാക്കാലല്ല, പ്രവൃത്തികൊണ്ട് കൂടെനിൽക്കണം; ലെബനീസ് ജനതയ്ക്കുവേണ്ടി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് പാപ്പ

വാക്കാലല്ല, പ്രവൃത്തികൊണ്ട് കൂടെനിൽക്കണം; ലെബനീസ് ജനതയ്ക്കുവേണ്ടി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ബെയ്‌റൂട്ട് തുറമുഖത്തെ സ്‌ഫോടനത്തെ തുടർന്ന് സമാനതകളില്ലാത്ത സാമ്പത്തിക, സാമൂഹ്യ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലെബനീസ് ജനതയുടെ ഉയിർപ്പിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെ (ഓഗസ്റ്റ് നാലിന്) വത്തിക്കാനിൽ നൽകിയ പൊതുസന്ദർശന സന്ദേശത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ അഭ്യർത്ഥന.

‘ഇന്ന് ഞാൻ അന്താരാഷ്ട്ര സമൂഹത്തോട് ഒരു സഹായം അഭ്യർത്ഥിക്കുന്നു, ലെബനന്റെ ഉയിർപ്പിനുവേണ്ടി വാക്കുകൾ കൊണ്ടുമാത്രമല്ല സമൂർത്തമായ പ്രവർത്തികളിലൂടെയും സഹായമേകണം,’ പാപ്പ അഭ്യർത്ഥിച്ചു. പ്രതിസന്ധികളിൽനിന്ന് ലെബനൻ മുക്തമാകാൻ ജൂലൈ ഒന്നിന് ക്രൈസ്തവമത നേതാക്കൾ നടത്തിയ പ്രാർത്ഥനയെക്കുറിച്ച് അനുസ്മരിച്ച പാപ്പ, ലെബനനെ സഹായിക്കാൻ ഫ്രാൻസിന്റെയും ഐക്യരാഷ്ട്രസഭയുടെയും മേൽനോട്ടത്തിലുള്ള അന്താരാഷ്ട്ര കോൺഫറൻസ് ഫലവത്താകുമെന്ന പ്രത്യാശയും പങ്കുവെച്ചു.

ബെയ്‌റൂട്ട് തുറമുഖത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റിന് തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ 200ൽപ്പരം പേരാണ് കൊല്ലപ്പെട്ടത്. ആറായിരത്തിൽപ്പരം പേർക്ക് പരിക്കേൽക്കുകയും മൂന്ന് ലക്ഷത്തിൽപ്പരം പേർ ഭവനരഹിതരാകുകയും ചെയ്തു. മുമ്പുതന്നെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികളുടെ പിടിയിലായ ലെബനനിലെ സ്ഥിതിഗതികൾ സ്‌ഫോടനാനന്തരം രൂക്ഷമാകുകയായിരുന്നു.

കറൻസിയുടെ മൂല്യത്തിൽ 90% ഇടിവുണ്ടായി എന്ന് അറിയുമ്പോഴേ, ലെബനൻ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാകൂ. ഭക്ഷ്യവസ്തുക്കൾക്ക് ഉണ്ടായ വിലക്കയറ്റം 400%ത്തിലും അധികമാണ്. ലെബനൻ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം ആവർത്തിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്:

‘പ്രിയപ്പെട്ട ലെബനീസ്, നിങ്ങളെ സന്ദർശിക്കാനുള്ള എന്റെ ആഗ്രഹം വളരെ വലുതാണ്,  നിങ്ങൾക്കായി ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നു. മിഡിൽ ഈസ്റ്റിന് മുഴുവനും ലെബനൻ വീണ്ടും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമായി മാറട്ടെ.’ സ്‌ഫോടനത്തിന്റെ കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും വീട് നഷ്ടപ്പെട്ടവർക്കുംവേണ്ടി പാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?