ഉജ്ജയിന്‍ (മധ്യപ്രദേശ്): റുഹാലയ തിയോളജിക്കല്‍ മേജര്‍ സെമിനാരി രജത ജൂബിലി നിറവില്‍. സെന്റ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.ടി) എന്നറിയപ്പെടുന്ന ‘മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പോസ്തല്‍’ സഭയുടെ മേജര്‍ സെമിനാരിയാണ് റൂഹാലയ. സുവിശേഷ പ്രഘോഷണത്തില്‍ സജീവമായി പങ്കുചേരാനും സിറോമലബാര്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് സുവിശേഷ പ്രഘോഷണം നടത്താനുമായി ഭാഗ്യ സ്മരണാര്‍ഹനായ പാലാ മുന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ സ്ഥാപിച്ചതാണ് സെന്റ് തോമസ് മിഷനറി സൊസൈറ്റി.
മധ്യപ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ ഉജ്ജയിന്റെ പ്രാന്തപ്രദേശത്താണ് സെമിനാരി സ്ഥിതി ചെയ്യുന്നത്. അറാമായ പദമായ ‘റുഹ’ യും സംസ്കൃത പദമായ ‘ആലയ’വും സമന്വയിച്ചതാണ് ‘റുഹാലയ’ എന്ന പേരു വന്നത്. 1986 ല്‍ റുഹാലയയില് തത്വശാസ്ത്ര പഠന വിഭാഗം തുടങ്ങി. 1997 ല്‍ മേജര്‍ സെമിനാരിയായി ഉയര്‍ത്തപ്പെട്ടതോടെ ദൈവശാസ്ത്ര പഠന വിഭാഗം ആരംഭിച്ചു. 1998 ഒക്ടോബര്‍ 22ന് റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയുടെ അഫിലിയേഷന് ലഭിച്ചു. 2006 സെപ്റ്റംബര്‍ 10ന് കോട്ടയത്തെ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അഗീകാരവും കിട്ടി. ഫാ. ചാണ്ടി കളത്തൂര്‍ ആണ് ഇപ്പോഴത്തെ റെക്ടര്‍.
1968 ഫെബ്രുവരി 22 നാണ് എം.എസ്.ടി സഭ നിലവില്‍വന്നത്. മധ്യപ്രദേശില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട മൂന്നു മിഷന് പ്രദേശങ്ങളില്‍ ഒന്നായ ഉജ്ജയിന്‍ സെന്റ് തോമസ് മിഷനറി സൊസൈറ്റിയെ 1968 ല്‍ ഏല്പിച്ചു. 1977ല്‍ ഉജ്ജയിന്‍ മിഷന് പ്രദേശം രൂപതയായി ഉയര്‍ത്തപ്പെട്ടു. മാര്‍ ജോണ്‍ പെരുമറ്റമായിരുന്നു പ്രഥമ മെത്രാന്. മാര്‍ സെബാസ്റ്റ്യന്‍ വടക്കേലാണ് ഇപ്പോഴത്തെ രൂപതാധ്യക്ഷന്‍. മാനന്തവാടി രൂപതയുടെ ഭാഗമായിരുന്ന മാണ്ഡ്യാ 1978 ല്‍ രണ്ടാമത്തെ മിഷന് പ്രദേശമായി എം.എസ്.ടിക്ക് നല്കി.
അജപാലനത്തോടൊപ്പം പാര്‍ശ്വവല്‍ ക്കരിപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളിലും എം.എസ്.ടി വൈദികര്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്നു. ഗ്രാമങ്ങളിലെ പാവപ്പെട്ട സ്ത്രീകളെയും കുട്ടികളെയും ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കും മാനസിക രോഗികള്‍ക്കും വേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, എയ്ഡ്സ് ബാധിതര്‍ക്കുള്ള പരിശീലന-പുനരധിവാസ പദ്ധതികള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഈ സമൂഹം നടത്തിവരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *