Follow Us On

19

April

2024

Friday

ജനസംഖ്യ കുറച്ച് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാവില്ല: കെസിബിസി

ജനസംഖ്യ കുറച്ച് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാവില്ല: കെസിബിസി

കൊച്ചി: വികസനനയങ്ങളിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക പ്രതിസന്ധികള്‍ക്ക് ജനസംഖ്യ കുറയ്ക്കുകയാണ് പരിഹാരമെന്ന നിലപാട് യുക്തിസഹമല്ലെന്ന് കേരളത്തിലെ കത്തോലിക്ക മെത്രാന്‍ സമിതി. ഓഗസ്റ്റ് രണ്ട്  മുതല്‍ ആറ് വരെ ഓണ്‍ലൈനില്‍ നടന്ന കെസിബിസി സമ്മേളനത്തിനും മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തനും ശേഷം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനന നിരക്ക് കുറച്ച വികസിത രാജ്യങ്ങളും  ചൈനയും അതിന്റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്‌സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണം. ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും ജാമ്യം ലഭിക്കാതെ ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഖകരമാണ്. അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട  ആരോപണങ്ങളുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.
ഡല്‍ഹിയില്‍ കത്തോലിക്കാപള്ളി പൊളിച്ചുമാറ്റിയ നടപടി അത്യന്തം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയും കൂദാശകളെയും പൗരോഹിത്യത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണത കലാരംഗത്ത് വിശേഷിച്ചും ചലച്ചിത്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല.  ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് പ്രസ്താവനയില്‍ ഓര്‍മപ്പെടുത്തി.   ദൈവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍പേര്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നവിധം അനുവാദം നല്‍കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?