Follow Us On

01

December

2022

Thursday

വിശുദ്ധ എഡിത്ത് സ്റ്റെയിന്റെ രക്തസാക്ഷിത്വം 80-ാം വർഷത്തിലേക്ക്; പരിചയപ്പെടാം യൂറോപ്പിന്റെ സഹമധ്യസ്ഥയെ

ഫാ. ജയ്‌സൺ കുന്നേൽ എം.സി.ബി.എസ്

വിശുദ്ധ എഡിത്ത് സ്റ്റെയിന്റെ രക്തസാക്ഷിത്വം 80-ാം വർഷത്തിലേക്ക്; പരിചയപ്പെടാം യൂറോപ്പിന്റെ സഹമധ്യസ്ഥയെ

ഇന്ന് (ഓഗസ്റ്റ് ഒൻപത്). കത്തോലിക്കാ സഭ വിശുദ്ധ എഡിത്ത് സ്റ്റെയിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ അടുത്തു പരിചയപ്പെടാം, യൂറോപ്പിന്റെ സഹ മധ്യസ്ഥയായി വിശുദ്ധ ജോൺ രണ്ടാമൻ പ്രഖ്യാപിച്ച ആ രക്തസാക്ഷി വിശുദ്ധയെ.

ഇന്ന്, ഓഗസ്റ്റ് ഒൻപത്, ‘കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ട്’ എന്ന വിശുദ്ധ എഡിത്ത് സ്റ്റെയിന്റെ തിരുനാൾ ദിനം. യഹൂദ മതത്തിൽനിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും വൈജ്ഞാനികതയുടെ ഉന്നതിയിൽ നിന്നിറങ്ങി സമർപ്പിത ജീവിതം തിരഞ്ഞെടുക്കുകയും ഒടുവിൽ, ക്രിസ്തുവിനെപ്രതി ഓഷ്വിറ്റ്‌സിലെ നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധ എഡിത്ത് സ്റ്റെയിൻ.

1891 ഒക്ടോബർ 12ന്, യഹൂദരുടെ പാപപരിഹാര തിരുനാളായ ‘യോം കിപ്പൂർ’ ദിനത്തിലായിരുന്നു എഡിത്തിന്റെ ജനനം. രണ്ട് വയസുള്ളപ്പോൾ പിതാവിനെ നഷ്ടപ്പെട്ട അവൾ യൗവനത്തിൽ എത്തിയപ്പോഴെക്കും യഹൂദമത ജീവിതത്തിൽനിന്ന് അകന്നു. വൈജ്ഞാനികമായ അറിവിൽ സമർത്ഥയായിരുന്ന  അവൾ തത്വശാസ്ത്ര പഠനത്തിൽ ആകൃഷ്ടയായി 1913ൽ പ്രശസ്ത ജർമൻ തത്വചിന്തകൻ എഡ്മണ്ട് ഫുസേലിന്റെ  ശിഷ്യത്വം സ്വീകരിച്ചു.

പഠനകാലത്ത് മതകാര്യങ്ങളിൽ താൽപ്പര്യം ഇല്ലായിരുന്നെങ്കിലും അവൾ കണ്ടുമുട്ടിയ ക്രൈസ്തവ ചിന്തകരുടെ ആത്മീയ ജീവിതവും ദർശനങ്ങളും അവളിൽ ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും നല്ല മതിപ്പുണ്ടാക്കി. പ്രശസ്തമായ ‘ഗോട്ടിൻജെൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് 1915ൽ ഉന്നതവിജയം നേടിയശേഷം ഏതാണ്ട് ഒരു വർഷം ഓസ്ട്രിയിൽ നഴ്‌സായി ശുശ്രൂഷ ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ നാളുകളായിരുന്നു അത്. 1916 ൽ പാ~്യരംഗത്തേക്ക് തിരിച്ചു വന്ന അവൾ ഡോക്‌റേറ്റും കരസ്ഥമാക്കി.

കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനും ദൈവത്തിനു സ്വയം സമർപ്പിക്കാനും എഡിത്ത് സ്റ്റെയിനു വഴിവിളിക്കായത് മൂന്ന് സംഭവങ്ങളാണ്. അവ ചുവടെ കൊടുക്കുന്നു:

മാർക്കറ്റിൽ സാധനസാമഗ്രികൾ വാങ്ങാനെത്തിയ ഒരു സ്ത്രീ വഴിയരികിലുണ്ടായിരുന്ന കത്തോലിക്കാ ദൈവാലയത്തിൽ കയറി മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് കാണാനിടയായതാണ് ആദ്യ സംഭവം. തീർത്തും അപചരിതയായ ഒരു സ്ത്രീയുടെ ലളിതമായ ഭക്തി എഡിത്ത് സ്റ്റെയിന്റെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചു. അതേക്കുറിച്ച് അവൾ ഇപ്രകാരം എഴുതി:

‘അതു എനിക്ക് പുതിയ ഒരു അനുഭവമായിരുന്നു. സിനഗോഗിലും ഞാൻ സന്ദർശിച്ചിട്ടുള്ള പ്രൊട്ടസ്റ്റന്റ് ദൈവാലയങ്ങളിലും ജനങ്ങൾ പ്രാർത്ഥനാ സമയങ്ങളിൽ പോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, ഇവിടെ തീർത്തും തിരക്കുള്ള ഒരു മാർക്കറ്റിൽ ശൂന്യമായ ദൈവാലയത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നു, ഒരു സ്‌നേഹസംഭാഷണം നടത്തുന്ന രീതിയിലാണ് അവർ കത്തോലിക്കാ  ദൈവാലയത്തിലേക്കു പോയത്. എനിക്കു ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവമാണത്.’

വിധവയായ ഒരു സുഹൃത്തിന്റെ വലിയ വിശ്വാസമാണ് എഡിത്തിനെ സ്വാധീനിച്ച രണ്ടാമത്തെ സംഭവം. ‘കുരിശുമായുള്ളതും അതിനെ വഹിക്കുന്നവർക്കു ലഭിക്കുന്ന ദൈവീക ശക്തിയെക്കുറിച്ചുമുള്ള  എന്റെ ആദ്യത്തെ സമാഗമായിരുന്നു അത്. എന്റെ അവിശ്വാസം തകർന്നടിഞ്ഞതും ക്രിസ്തു എന്റെ ജീവിതത്തിൽ- കുരിശിന്റെ രഹസ്യത്തിൽ ക്രിസ്തു – പ്രകാശിക്കാൻ തുടങ്ങിയ നിമിഷവുമായിരുന്നു അത്.’

1921ലായിരുന്നു മൂന്നാമത്തെ സംഭവം. തന്റെ കത്തോലിക്കാ സുഹൃത്തുക്കളെ സന്ദർശിക്കുന്നതിനിടെ, കർമലീത്താ സന്യാസിനിയായിരുന്ന വിശുദ്ധ അമ്മ ത്രേസ്യായുടെ ജീവചരിത്രം എഡിത്ത് സ്റ്റെയിന് ലഭിച്ചു. ആ രാത്രിയിൽത്തന്നെ അവൾ അത് വായിച്ചുതീർത്തു. അതിനു ശേഷം അവൾ എഴുതി: ‘ഞാൻ ആ പുസ്തകം വായിച്ചു തീർന്നപ്പോൾ, ഞാൻ എന്നോടു തന്നെ പറഞ്ഞു: ഇതാണ് സത്യം.’

ഈ സംഭവമാണ് കത്തോലിക്കാ സഭാവിശ്വാസത്തിലേക്ക് എഡിത്ത്  സ്റ്റെയിനെ നയിച്ച പ്രധാന സംഭവം. 1922 ജനുവരി ഒന്നിന് എഡിത്ത് സ്റ്റയിൻ മാമ്മോദീസാ സ്വീകരിച്ച് സഭയിൽ അംഗമായി. ഉടൻ തന്നെ കർമമലീത്താ സഭയിൽ അംഗമാകാൻ ആഗ്രഹിച്ചെങ്കിലും 11 വർഷംകൂടി അതിന് കാത്തിരിക്കേണ്ടി വന്നു. ഈക്കാലയളവിൽ എഡിത്ത് ഒരു ഡൊമിനിക്കൻ സ്‌കൂളിൽ പഠിപ്പിക്കുകയും സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. വിശുദ്ധ തോമസ് അക്വീനാസിന്റെ പഠനങ്ങളിലും ഗവേഷണം നടത്തി. 1932ൽ യൂണിവേഴ്‌സിറ്റിയിൽ അധ്യാപനം തുടങ്ങി.

1933ലെ നാസി ഭരണകൂടത്തിന്റെ ഉദയവും എഡിത്തിന്റെ യഹൂദ വംശീയതയുംമൂലം യൂണിവേഴ്‌സിറ്റിയിലെ അധ്യാപനത്തിന് വിരാമം കുറിക്കേണ്ടി വന്നു. ‘കുരിശിന്റെ തേരേസാ ബനഡിക്ട്’ എന്ന നാമം സ്വീകരിച്ച് 1934ൽ കർമലീത്താസഭയിൽ അംഗമായി. ദൈവത്തിന്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ അവൾ, ജർമനിയിലുള്ള യഹൂദരുടെ ദാരുണാവസ്ഥ മനസിലാക്കി അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.

‘എന്റെ ജീവിതവും മരണവും സ്വീകരിക്കണമേ എന്നു ഞാൻ എന്റെ കർത്താവിനോട് അപേക്ഷിക്കുന്നു. അതുവഴി എന്റെ നാഥൻ എല്ലാ ജനങ്ങളാലും അംഗീകരിക്കപ്പെടുകയും അവിടുത്തെ രാജ്യത്തിന് മഹത്വമുണ്ടാവുകയും ചെയ്യട്ടെ. അങ്ങനെ ജർമനിയുടെ രക്ഷയും ലോകസമാധാനവും ഫലമണീയട്ടെ,’ ഇതായിരുന്നു ആ കന്യാസ്ത്രീയുടെ പ്രാർത്ഥന.

കുരിശിന്റെ വിശുദ്ധ യോഹന്നാനെ കുറിച്ചുള്ള തന്റെ അവസാന പുസ്തകം ‘ദ സയൻസ് ഓഫ് ദ ക്രോസ്’ പൂർത്തിയാക്കിയ നാളുകളിലാണ് സിസ്റ്റർ സ്റ്റൈയിനെ നാസി സൈന്യം അറസ്റ്റ് ചെയ്തത്, 1942 ആഗസ്റ്റ് ഓഗസ്റ്റ് ഏഴിന്. നാസികളുടെ യഹൂദ വിരോധത്തെ വിമർശിച്ച് ഡച്ച് ബിഷപ്പുമാർ ഇടയലേഖനം എഴുതിയതിന്റെ പ്രതികാരമായിരുന്നു അറസ്റ്റ്. 1942 ആഗസ്റ്റ് ഒൻപതിന് രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ എഡിത്തിനെ 1998ൽ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് വിശുദ്ധയും യുറോപ്പിന്റെ സഹ മധ്യസ്ഥയുമായി പ്രഖ്യാപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?