Follow Us On

01

December

2022

Thursday

ഒളിമ്പ്യന്‍ പി.വി സിന്ദുവിന്റെ നേട്ടങ്ങള്‍ക്കുപിന്നിലും ഒരു കന്യാസ്ത്രീയുണ്ട്

ഒളിമ്പ്യന്‍ പി.വി സിന്ദുവിന്റെ നേട്ടങ്ങള്‍ക്കുപിന്നിലും ഒരു കന്യാസ്ത്രീയുണ്ട്

കൊല്‍ക്കത്ത: ടോക്കിയോയില്‍ ചൈനീസ് താരത്തെ പരാജയപ്പെടുത്തി ബാറ്റ്മിന്റണില്‍ പി.വി  സിന്ദു വെങ്കലം നേടിയപ്പോള്‍ പുതിയൊരു റിക്കാര്‍ഡു പിറക്കുകയായിരുന്നു. ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരി. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന റിയോ ഒളിമ്പിക്‌സില്‍ ഇതേ ഇനത്തില്‍ സിന്ദു വെള്ളി നേടിയിരുന്നു. ഒളിമ്പ്യന്‍ പി.വി സിന്ദുവിന്റെ നേട്ടങ്ങളുടെ പിന്നില്‍ ഒരു കന്യാസ്ത്രീ സാന്നിധ്യം ഉണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും അവിശ്വസനീയമായിരിക്കും. സെക്കന്ധ്രാബാദിലെ ഓക്‌സിലിയം ഹൈസ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന സിസ്റ്റര്‍ റോസിലി തെക്കനാത്തിന്റെ മനസില്‍ സിന്ദുവിനെക്കുറിച്ചുള്ള മധുരമായ ചില ഓര്‍മകളുണ്ട്. രാജ്യത്തോളം വളര്‍ന്നിട്ടും സിന്ദു തന്റെ പ്രിയപ്പെട്ട അധ്യാപികയോടുള്ള സ്‌നേഹം ഇപ്പോഴും മനസില്‍ സൂക്ഷിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ സിന്ദുവിന് ഹൈദ്രാബാദില്‍ വിപുലമായ സ്വീകരണം നല്‍കി. ആള്‍ക്കൂട്ടത്തിനിടയില്‍ സിസ്റ്റര്‍ റോസിലിയെ കണ്ട സിന്ദു വേദിയിലേക്ക് ക്ഷണിച്ചാണ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. സലേഷ്യന്‍ സഭാംഗമായ സിസ്റ്റര്‍ റോസിലി തെക്കനാത്ത് 2009 ലാണ് ഓക്‌സിലിയം സ്‌കൂളിലെ പ്രധാന അധ്യാപികയായി നിയമിതയായത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം സിന്ദുവിന്റെ പിതാവ് രമണ മകളുമായി സിസ്റ്ററിനെ കാണാനെത്തി. ഗോപിചന്ദ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സിന്ദു ചേര്‍ന്നതിനാല്‍ എല്ലാ ദിവസവും സ്‌കൂളില്‍ വരുന്നതില്‍നിന്നും ഒഴിവുകൊടുക്കുമോ എന്നു ചോദിക്കുകയായിരുന്നു വരവിന്റെ ഉദ്ദേശ്യം.
സിന്ദുവിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. മുഴുവന്‍ ഹാജരും നല്‍കിയെന്നു മാത്രമല്ല അവളുടെ നോട്ടുകള്‍ കൂട്ടുകാരും അധ്യാപകരും ചേര്‍ന്ന് എഴുതി നല്‍കുകയും ചെയ്തു. ഇക്കാലത്ത് ചെറുതും വലുതുമായ നിരവധി മത്സരങ്ങളില്‍ സിന്ദു പങ്കെടുത്തിരുന്നു. ഓരോ മത്സരവും കഴിഞ്ഞുവരുമ്പോഴും സ്‌കൂള്‍ അസംബ്ലിയില്‍ സിന്ദുവിനെ ആദരിക്കുക പതിവായിരുന്നു. പഠനത്തെക്കുറിച്ചുള്ള ടെന്‍ഷനില്ലാതെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സിന്ദുവിനായി. മകള്‍ക്ക് സ്‌കൂളില്‍നിന്ന് ലഭിച്ച പിന്തുണ അവളുടെ വിജയങ്ങള്‍ക്കു പിന്നില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പിതാവ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
10-ാം ക്ലാസിലെ  ബോര്‍ഡ് പരീക്ഷയുടെ സമയത്തായിരുന്നു സിന്ദുവിന് മലേഷ്യയില്‍ ഒരു മത്സരം വന്നത്. ഒരാള്‍ പരീക്ഷ എഴുതാതിരുന്നാല്‍ സ്‌കൂളിന്റെ സ്ഥിരമായുള്ള 100 ശതമാനം വിജയം എന്ന നേട്ടം നഷ്ടപ്പെടുമായിരുന്നു. ഒരു വര്‍ഷം ആ നേട്ടം ഉപേക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ പൂര്‍ണ മനസോടെ തയാറായി. മലേഷ്യയില്‍ നിന്നും സ്വര്‍ണമെഡലുമായി തിരിച്ചെത്തിയ സിന്ദുവിന് സിസ്റ്റര്‍ റോസിലിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ പ്രത്യേക പരീശീലനം നല്‍കി. ആ ജൂണില്‍ നടന്ന പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷന്‍ വാങ്ങിയാണ് സിന്ദു വിജയിച്ചതും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?