നൈജീരിയ: ഇസ്ലാമിക തീവ്രവാദികളുടെ നിരന്തര ആക്രമണത്താൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഭൂമികയായി മാറുമ്പോഴും നൈജീരിയൻ സഭയിൽ പൗരോഹിത്യവസന്തം. ഒരാഴ്ചയുടെ ഇടവേളയിൽ നൈജീരിയയിലെ പീഡിതസഭയിൽനിന്ന് 24 നവവൈദികർ അഭിഷിക്തരാകുമ്പോൾ ആ ചരിത്രസത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്- ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചുവളരും!

പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങളിൽനിന്ന്.
എനുഗു സംസ്ഥാനത്തെ എൻസുക്ക രൂപതയ്ക്കുവേണ്ടി 20 പേരും ‘സോമാസ്കാൻ ഫാദേഴ്സ്’ എന്നറിയപ്പെടുന്ന ‘ക്ലാർക്ക് റെഗുലർ ഓഫ് സോമാസ്ക’ സന്യാസസമൂഹത്തിനുവേണ്ടി നാലു പേരുമാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. ഓഗസ്റ്റ് ഏഴിന് സെന്റ് തെരേസാസ് കത്തീഡ്രലിൽ വെച്ചായിരുന്നു 20 ഡീക്കന്മാർ തിരുപ്പട്ട സ്വീകരണം. സന്യാസ സമൂഹാംഗങ്ങളുടെ തിരുപ്പട്ട സ്വീകരണം ഓഗസ്റ്റ് 14ന് മദർ ഓഫ് ഗോഡ് ദൈവാലയത്തിലും.
എൻസുക ബിഷപ്പ് ഗോഡ്ഫ്രി ഇഗ്വെബുകെയുടെ മുഖ്യകാർമികത്വത്തിലായിരുന്നു രണ്ട് സ്ഥലങ്ങളിലെയും തിരുക്കർമങ്ങൾ. ലോക രക്ഷകനായ ക്രിസ്തുവിലേക്ക് ജനങ്ങളെ നയിക്കാൻ നവവൈദികർക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ വർദ്ധിക്കുമ്പോഴും ദൈവവിളിയോട് സധൈര്യം പ്രത്യുത്തരിക്കുന്ന യുവസമൂഹത്തിന്റെ വിശ്വാസസാക്ഷ്യം ആഫ്രിക്കൻ സഭയുടെ ശോഭനമായ ഭാവി അടയാളപ്പെടുത്തുന്നു എന്നാണ് വിലയിരുത്തലുകൾ.

പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങളിൽനിന്ന്.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അഭംഗുരം തുടരുമ്പോഴും ഉയർന്ന ക്രിസ്ത്യൻ ജനസംഖ്യയുള്ള ആറാമത്തെ രാജ്യമാണ് നൈജീരിയ. 80 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളുള്ള നൈജീരിയയിൽ ഒൻപത് സഭാ പ്രവശ്യകളിലായി 44 രൂപതകളും 29 ദശലക്ഷം കത്തോലിക്കരുമുണ്ട്. ഈ വർഷത്തിന്റെ ആദ്യ നാല് മാസങ്ങൾക്കിടയിൽ മാത്രം നൈജീരിയയിൽ 1,470 ക്രൈസ്തവർ കൊല്ലപ്പെട്ടു എന്നാണ് മനുഷ്യാവകാശ സംഘടനയായ ‘ഇന്റർ സൊസൈറ്റി റൂൾ ഓഫ് ലോ’യുടെ റിപ്പോർട്ടുകൾ. ഇതേ കാലയളവിൽ 2200ൽപ്പരം ക്രൈസ്തവരെ ജിഹാദികൾ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *