Follow Us On

26

September

2021

Sunday

വംശീയവും ദേശീയവുമായ അതിർവരമ്പുകളില്ല, പരിശുദ്ധ കന്യകാമറിയം സകലജനപഥങ്ങളുടെയും മാതാവാണ്: പാപ്പ

വംശീയവും ദേശീയവുമായ അതിർവരമ്പുകളില്ല, പരിശുദ്ധ കന്യകാമറിയം സകലജനപഥങ്ങളുടെയും മാതാവാണ്: പാപ്പ

വത്തിക്കാൻ സിറ്റി: വംശീയവും ദേശീയവുമായ വേർതിരിവുകൾക്കപ്പുറം പരിശുദ്ധ കന്യാകാമറിയം സകലജനപഥങ്ങൾക്കും മാതാവാണെന്നും ഭിന്നതകളുടെ മതിലുകൾ ഭേദിക്കാൻ കഴിയുന്ന സംസ്‌കാരത്തിന്റെ അടയാളമായി പരിശുദ്ധ അമ്മയുടെ വ്യക്തിത്വം നിലനിൽക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പ. ‘മറിയം, ഇന്നത്തെ ദൈവശാസ്ത്രങ്ങൾക്കും സംസ്‌കാരങ്ങൾക്കുമിടയിൽ’ എന്ന വിഷയത്തിൽ സമ്മേളിക്കുന്ന 25-ാമത് അന്താരാഷ്ട്ര മരിയൻ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

പരിശുദ്ധ കന്യാമറിയത്തെപ്പോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനും അതിരുകളില്ലാത്ത സഹോദര്യത്തിലേക്ക് വളരാനുമുള്ള ദൗത്യം വിശ്വാസീസമൂഹം തിരിച്ചറിയണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. ‘പൊന്തിഫിക്കൽ മരിയൻ അക്കാദമി’ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മരിയോളജിക്കൽ സൊസൈറ്റികളെ പ്രതിനിധീകരിച്ച് 300ൽപ്പരം വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്.

സുവിശേഷത്തെ പിഞ്ചെല്ലുന്നതിലൂടെയും മനുഷ്യരുടെയും ഭൂമിയുടെയും പൊതുനന്മയ്ക്കായുള്ള സേവനത്തിലൂടെയും പരിശുദ്ധ കന്യാമറിയം സ്വരമില്ലാത്തവരുടെ സ്വരം കേൾക്കാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം പരിശുദ്ധ അമ്മ ആ സ്വരമായി മാറുകയും ചെയ്യുന്നു. സമൂഹം വലിച്ചെറിഞ്ഞവർക്കും സ്ഥാനം ലഭിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിക്കായി പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ദൈവത്തിൽനിന്ന് വരുന്ന യഥാർത്ഥ സന്തോഷം സമൂഹത്താൽ മറക്കപ്പെടുന്നവരുടെ ശബ്ദത്തിന് ഇടം നൽകുന്നു. അവരോടൊപ്പം മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്താൻ വേണ്ടിയാണത്. അതിനാൽ, മഹാമാരിയാൽ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരങ്ങളുടെ നിശബ്ദ നിലവിളികൾ നമ്മുടെ സന്തോഷങ്ങൾക്കിടയിൽ നാം മറന്നുപോകരുതെന്നും പാപ്പ കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മരിയൻ ചിന്തകരെ ഒരുമിച്ചുകൂട്ടുന്ന ‘പൊന്തിഫിക്കൽ മരിയൻ അക്കാദമി’യുടെ ആറ് പതിറ്റാണ്ട് പിന്നിടുന്ന പ്രവർത്തനങ്ങളെ പാപ്പ ശ്ലാഘിക്കുകയും ചെയ്തു.

ആളുകളുടെ ജീവിതരീതികളും പരസ്പര വിനിമയരീതികളും തലമുറകൾ തമ്മിലുള്ള സമ്പർക്കരീതികളും വിശ്വാസം മനസിലാക്കുന്നതും ജീവിക്കുന്നതുമായ രീതികളും മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, പുതിയ ചിന്തകളും ഉൾക്കാഴ്ചകളും പകരാൻ ‘പൊന്തിഫിക്കൽ മരിയൻ അക്കാദമി’ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. 1946 ജൂലൈയിൽ ഫ്രാൻസിസ്‌കൻ സഭ ആരംഭിച്ച മരിയൻ അക്കാദമിക്ക് 1959 ഡിസംബർ എട്ടിന് ജോൺ 23-ാമൻ പാപ്പയാണ് പൊന്തിഫിക്കൽ പദവി നൽകിയത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?