Follow Us On

31

October

2020

Saturday

എന്റെ റോസ്‌മേരിയുടെ 'അമ്മ' ഈ കുറിപ്പ് വായിക്കുമോ?

എന്റെ റോസ്‌മേരിയുടെ 'അമ്മ' ഈ കുറിപ്പ് വായിക്കുമോ?

”മനുഷ്യജീവന് ശുശ്രൂഷ ചെയ്യാനുള്ള വിളി ലഭിച്ച നഴ്‌സാണ് ഞാൻ. അതുകൊണ്ട് അനേകം ജീവനുകളെ ഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുവരാനും നിത്യതയിലേക്ക് യാത്ര അയക്കാനും എനിക്ക് അവസരം ലഭിക്കുന്നു. ഒപ്പം അനേകർക്ക് സൗഖ്യാനുഭവം പകർന്നു നൽകുന്നതിനുള്ള ദൈവത്തിന്റെ ഒരുപകരണമാകാനും എനിക്ക് കഴിയുന്നു. ജീവന്റെ സംരക്ഷണത്തിനും പരിപോഷണത്തിനുംവേണ്ടിയാണ് ആശുപത്രികൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെങ്കിലും വാണിജ്യതാല്പര്യങ്ങൾ ജീവസംസ്‌കാരത്തെ ഗ്രസിക്കുന്നതോടെ മരണസംസ്‌കാരം ആധിപത്യം നേടുകയാണ്. ഇത്തരം പല സ്ഥാപനങ്ങളിലും ജീവനെ ദൈവദാനമായി കണ്ട് ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് ഈ രംഗത്തെ പ്രവർത്തനം നിരന്തരമായ പോരാട്ടം ആവശ്യമായിവരുന്ന ഒന്നാണ്.
എന്റെ ബി.എസ്.സി നഴ്‌സിംഗ് പഠനകാലത്തെ ഒരനുഭവം, വർഷങ്ങൾക്കുശേഷവും മനസിൽ തെളിമയോടെ നിലനിൽക്കുന്നു. സാധാരണഗതിയിൽ സംഭവങ്ങളും അനുഭവങ്ങളുമൊക്കെ കാലം ചെല്ലുന്തോറും മാഞ്ഞും മറഞ്ഞും മറന്നും പോവുകയാണ് പതിവെങ്കിലും ഈ അനുഭവവുമായി ബന്ധപ്പെട്ട ഓർമചിത്രങ്ങൾ കാലം ചെല്ലുന്തോറും കൂടുതൽ വ്യക്തത കൈവരിക്കുകയാണെന്ന് തോന്നുന്നു. തിരക്കിട്ട ഒരു ലേബർ റൂം പോസ്റ്റിംഗ് ദിവസം. അമ്മമാരുടെ നിലവിളിയും നവജാതരായ കുഞ്ഞുമക്കളുടെ കരച്ചിലും കലർന്ന് ശബ്ദമുഖരിതമായ അന്തരീക്ഷം. ലേബർ റൂമിൽ മുഴങ്ങുന്ന നിലവിളി ആരെയും ദുഃഖിപ്പിക്കുന്നില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള പ്രക്രിയയുടെ ഭാഗമായി അമ്മയ്ക്കനുഭവപ്പെടുന്ന കഠോരവേദന ദൈവകല്പിതമാണ്. നവജാതശിശുവിന്റെ കരച്ചിലാകട്ടെ മധുരഗീതംപോലെ, ജീവനെ സ്‌നേഹിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ദൈവസ്‌നേഹത്തിന്റെ വിളംബരമാണല്ലോ ആ കരച്ചിലിൽ പ്രതിധ്വനിക്കുന്നത്. എന്നാൽ ഈ നിലവിളികളും കോലാഹലവുമൊന്നും തന്നിൽ ഒരു സ്വാധീനവും ഉളവാക്കുന്നില്ല എന്ന മട്ടിൽ ലേബർ റൂമിന്റെ ഒരു മൂലയ്ക്ക് ഒരു യുവതി കിടക്കുന്നു. പ്രസന്നവതിയാണ് അവളെന്നു പറയാം.
തിരക്കായതിനാൽ കുറെ സമയം കഴിഞ്ഞാണ് അവൾക്കരികിലെത്താൻ എനിക്ക് സാധിച്ചത്. അവളുടെ കേസ്ഷീറ്റിലൂടെ ഒരു കാര്യം ഞാൻ മനസിലാക്കി, തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞുജീവനെ നശിപ്പിക്കാനാണ് അവളെത്തിയത്. മരുന്നുവച്ച് കുഞ്ഞ് പുറത്തള്ളപ്പെടാൻ കാത്തുകിടക്കുകയാണ് അവൾ കുഞ്ഞിന് കിഡ്‌നി സംബന്ധമായ തകരാർ ഉള്ളതായി നാലുമാസം തന്റെ ഉള്ളിൽ വളർന്ന ശിശു വൈകാതെ പുറന്തള്ളപ്പെടുകയും മരിക്കുകയും ചെയ്യുമെന്ന് ബോധ്യമുണ്ടായിട്ടും എന്തേ അവൾക്ക് ഒരല്പംപോലും വേദനയില്ലാത്തത്? ഇത് എന്നെ അത്ഭുതപ്പെടുത്തി.
കുറച്ചുകഴിഞ്ഞ് അവളുമായി സംസാരിക്കൻ ഇടയായപ്പോൾ അവൾ പറഞ്ഞത്, ഇത് തന്റെ രണ്ടാമത്തെ അബോർഷൻ ആണെന്നാണ്. വളരെ ലാഘവബുദ്ധിയോടെയാണ് അവൾ ഇതെല്ലാം എന്നോട് പങ്കുവച്ചത്. ”ഓ, എത്രനേരമായി ഇവിടെ കിടക്കുന്നു, ഇതൊന്നു പോയിക്കിട്ടിയാൽ മതിയായിരുന്നു” അവൾ പറഞ്ഞു. അന്ന് അവളോട് ജീവന്റെ സുവിശേഷമൊന്നും ഞാൻ പറഞ്ഞില്ല. ജീവന്റെ നാഥനോട് ഉള്ളിന്റെ ഉള്ളിൽ ഞാൻ പ്രാർത്ഥിച്ചു, ”ജീവന്റെ മൂല്യം ഇവൾക്ക് മനസിലാക്കി കൊടുക്കണേ…”
ഏതാനും നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് പുറത്തുവന്നു. വലിപ്പക്കുറവൊഴികെ മറ്റെല്ലാ കാര്യങ്ങളിലും പൂർണതയുള്ള സാധാരണ കുഞ്ഞ്! ആ ഗർഭഛിദ്രം അസിസ്റ്റ് ചെയ്യാൻ ഞാൻ കൂട്ടാക്കിയില്ല. പഠനകാലമായിരുന്നതുകൊണ്ട് അബോർഷന് അസിസ്റ്റ് ചെയ്ത് ഒപ്പുവാങ്ങേണ്ടിയിരുന്നു എനിക്ക്. എന്നിട്ടും ഒരു ഗർഭഛിദ്രത്തിനുപോലും അസിസ്റ്റ് ചെയ്യാൻ ദൈവം എനിക്കിടയാക്കിയില്ല. ”എന്റെ ദൈവമേ എനിക്ക് അതിനിടയാക്കരുതേ” എന്ന് എന്നും ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുമായിരുന്നു. ഗർഭഛിദ്രത്തിന് അസിസ്റ്റ് ചെയ്യുന്നത് എന്റെ വിശ്വാസത്തിനെതിരാണെന്ന് വിധേയത്വത്തോടെ തന്നെ അധികാരികളോട് പറഞ്ഞ് ഞാൻ മാറിനിന്നു. എന്നാലെന്ത്, അവൾക്ക് വേണ്ട സർവശുശ്രൂഷകളും ചെയ്യാൻ ജാഗ്രതയോടെ അവൾക്കുചുറ്റും ധാരാളംപേർ ഉണ്ടായിരുന്നു.
എന്നാൽ ആ കുരുന്നിനെ കൈക്കുമ്പിളിൽ വാങ്ങാൻ, നെഞ്ചോട് ചേർത്ത് ചൂട് പകരാൻ ആരും കാത്തുനിൽക്കുന്നുണ്ടായിരുന്നില്ല. വേസ്റ്റ് എടുക്കാനുള്ള ഒരു ട്രേയിലേക്ക് അവളെ ഇട്ടുവച്ചു. 16 ആഴ്ച പ്രായമുള്ള ഒരു പെൺകുഞ്ഞ്, ഒരു സുന്ദരിക്കുട്ടി. മാസം തികഞ്ഞ് ജനിച്ച ഒരു കുഞ്ഞിനെപ്പോലെ എല്ലാ അവയവങ്ങളും ഉള്ള ഒരു ശിശു. അവൾ കണ്ണു തുറന്നിരുന്നു. അവളുടെ കുഞ്ഞിക്കണ്ണുകൾക്ക് എന്തോ ചോദിക്കാനും പറയാനുമുണ്ട്. അതെന്താണെന്ന് വായിച്ചെടുക്കാൻ ഞാൻ ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ”എന്നോടിങ്ങനെ ചെയ്തത് എന്റെ അമ്മയാണോ? പാവം എന്റെ അമ്മ, അവൾക്കറിയില്ല ഞാൻ എത്ര കണ്ട് അവളെ സ്‌നേഹിക്കുന്നുവെന്ന്! അറിഞ്ഞിരുന്നെങ്കിൽ എന്നോടിങ്ങനെ ചെയ്യില്ലായിരുന്നില്ല എന്നെനിക്കറിയാം. അതുകൊണ്ട് അമ്മയോട് എനിക്ക് പിണക്കമൊന്നുമില്ലെന്ന് പറയണം.
ഞാൻ ഈശോയുടെ അടുത്തേക്ക് പോവുകയാണെന്ന് പറയണം.” എനിക്കുറപ്പാണ് അവൾക്ക് എന്നോട് പറയാനുണ്ടായിരുന്നത് ഇതാണ്. ഞാൻ അല്പം പാലുകൊണ്ടുവന്ന് അവളുടെ വായിൽ പകർന്നുകൊടുത്തു. സാവധാനം അത് ഇറങ്ങിപ്പോയി. കുഞ്ഞിനെ കാണാൻ ആഗ്രഹമുണ്ടോ എന്ന് അവളെ ഗർഭത്തിൽ വഹിച്ച സ്ത്രീയോട് ഞാൻ ചോദിച്ചു. ”എനിക്ക് കാണണ്ട” ഉടൻ വന്നു മറുപടി. കൊലക്ക് വിട്ടുകൊടുത്ത കുഞ്ഞിനെ മകളായി കണക്കാക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ. പുറത്തുനിന്നിരുന്ന അവളുടെ അമ്മയോടും കുഞ്ഞിനെ കാണാൻ താൽപര്യമുണ്ടോ എന്ന് ഞാൻ ചോദിച്ചു, അവർക്കും ഇല്ല താൽപര്യം.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, പലരുടെയും പാപത്തിന്റെ ബലിവസ്തുവായി, ആരുടെയൊക്കെയോ സുഖാനുഭവത്തിന്റെ ഉപോല്പന്നമായി അവളങ്ങനെ കിടന്നു. തന്റെ അന്ത്യനിമിഷങ്ങളും കാത്ത്. പക്ഷേ, അവളെ അനാഥയായി വിട്ടുകളയാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അവൾക്ക് ഒരു സത്യവിശ്വാസിയുടെ അധികാരമുപയോഗിച്ച് മാമോദീസ നൽകി. ‘റോസ്‌മേരി’ എന്നവൾക്ക് പേരിടാൻ ഈശോ എന്നോട് പറഞ്ഞു. മെല്ലെ മെല്ലെ ആ കുഞ്ഞിക്കണ്ണുകൾ അടഞ്ഞു. ഈശോയുടെ സന്നിധിയിലേക്ക് എന്റെ പ്രിയപ്പെട്ട മാനസപുത്രി റോസ്‌മേരി പറന്നുയർന്നു.
എന്റെ റോസ്‌മേരിയുടെ ‘അമ്മ’ ഈ കുറിപ്പ് വായിക്കുമോ ആവോ? വായിക്കാനിടയായാൽ ഒന്നോർക്കണേ, ദൈവകാരുണ്യത്തിന്റെ ഈ വർഷത്തിലൂടെ കടന്നുപോകുമ്പോൾ, അവിടുത്തെ കരുണ നിന്നെയും നിന്റെ കുടുംബത്തെയും പശ്ചാത്താപത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. അതിനായി ഒരുപാട് കുഞ്ഞിപ്പൈതങ്ങളുടെ ആത്മാക്കൾ ദൈവസന്നിധിയിൽ മാധ്യസ്ഥ്യം വഹിക്കുന്നുണ്ട്. തിരിച്ചു നടക്കണം, പടിയിറങ്ങിപ്പോയ പറുദീസയിലേക്ക്, ജീവന്റെ സമൃദ്ധിയിലേക്ക്. ദൈവകരുണയുടെ വിശുദ്ധ വാതിലുകൾ തുറന്നിട്ട് സൗഖ്യാനുഭവത്തിലേക്ക് സഭാമാതാവ് ക്ഷണിക്കുന്നത് കേൾക്കുന്നില്ലേ? ഗർഭഛിദ്രം, ഗർഭനിരോധനം തുടങ്ങി ജീവനെതിരെ എന്തെങ്കിലും നാം ചെയ്തിട്ടുണ്ടെങ്കിൽ, അതിന് കൂട്ടുനിന്നിട്ടുണ്ടെങ്കിൽ ഇനിയുള്ള ജീവിതം ജീവന്റെ സുവിശേഷപ്രഘോഷണത്തിനായി മാറ്റിവയ്ക്കാം. ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനും വന്ന നമ്മുടെ കർത്താവിനോട് ചേർന്നുനിന്ന് ലോകത്തിൽ ജീവസംസ്‌കാരം പുഷ്‌കലമാക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
(ഇത് കഥയല്ല, ലേഖികയുടെ വ്യക്തിപരമായ അനുഭവം)
അപർണ  കോഴിക്കോട്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?