Follow Us On

26

September

2021

Sunday

സ്ലൊവാക്യൻ ചത്വരം വേദിയായി, ലോകം സാക്ഷിയായി; പുത്തൻ ആത്മീയാനുഭവമായി ബൈസന്റൈൻ പേപ്പൽ ദിവ്യബലി

സ്ലൊവാക്യൻ ചത്വരം വേദിയായി, ലോകം സാക്ഷിയായി; പുത്തൻ ആത്മീയാനുഭവമായി ബൈസന്റൈൻ പേപ്പൽ ദിവ്യബലി

പ്രിസോവ്: പാശ്ചാത്യ, പൗരസ്ത്യ സഭാ പാരമ്പര്യങ്ങൾ ഒരു അൾത്താരയ്ക്ക് ചുറ്റും ക്രിസ്തുവിന്റെ ബലിയർപ്പിക്കാൻ ഒന്നിച്ചണഞ്ഞപ്പോൾ അവിസ്മരണീയ ആത്മീയ അനുഭവത്തിന് ലോകം സാക്ഷി! സ്ലൊവാക്യൻ പര്യടനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കോസൈസലിലെ മെസ്റ്റസ്‌ക സ്‌പോർട്ടോവ ഹാല ചത്വരത്തിൽ ബൈസന്റൈൻ (ഗ്രീക്ക്) ആരാധനക്രമത്തിൽ അർപ്പിക്കപ്പെട്ട പേപ്പൽ ദിവ്യബലി, പാശ്ചാത്യ ആരാധനക്രമം പിന്തുടരുന്നവർക്ക് പുത്തൻ അനുഭവത്തിനൊപ്പം പുത്തൻ അറിവുകളും സമ്മാനിക്കുന്നതായിരുന്നു.

തിരുവസ്ത്രങ്ങളുടെ സവിശേഷതകൾ മുതൽ ദിവ്യബലിയിലെ വ്യത്യസ്ഥതകൾവരെ അതിൽ ഉൾപ്പെടും. തിരുവോസ്തിക്ക് പകരം പ്രത്യേകം തയാറാക്കിയ ‘പുളിപ്പിച്ച അപ്പം’ ദിവ്യബലിയിൽ വാഴ്ത്തി വിഭജിക്കുന്നതും ദിവ്യകാരുണ്യ സ്വീകരണത്തിൽ മുന്തിരിച്ചാറിൽ മുക്കിയ ‘അപ്പം’ സ്പൂൺ ഉപയോഗിച്ച് വിശ്വാസികളുടെ നാവിൽ നൽകുന്നതും ഓരോരുത്തർക്കും ഓരോരോ സ്പൂണുകൾ അതിനായി ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള ബൈസന്റൈൻ ആരാധനക്രമ സവിശേഷതകൾ ലോകജനതയ്ക്ക് അടുത്തറിയാനുള്ള അവസരവുമായി പേപ്പൽ ദിവ്യബലി.

ബൈസന്റൈൻ ആരാധനക്രമത്തിൽ അർപ്പിക്കപ്പെട്ട പേപ്പൽ ദിവ്യബലിയിൽനിന്ന്. 

‘സ്വർണ നാവുകാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ജോൺ ക്രിസോസ്‌തോമിന്റെ അനാഫൊറയിൽ (കാനോൻ) അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ ഏതാണ്ട് 30000ൽപ്പരം പേർ നേരിട്ട് പങ്കെടുത്തപ്പോൾ വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുക്കർമങ്ങളിൽ അണിചേർന്നത്. പേപ്പൽ പര്യടനത്തിന്റെ ലോഗോ പതിച്ച പേപ്പൽ പതാകകൾ കൈയിലേന്തിയ വിശ്വാസികളാൽ തിങ്ങിനിറഞ്ഞ ചത്വരത്തിലേക്ക് പാപ്പാമൊബീലിൽ ആഗോളസഭയുടെ പരമാചാര്യൻ ആഗതനാകുന്ന രംഗം അതിമനോഹര കാഴ്ചയായിരുന്നു.

സ്ലൊവാക്യൻ ജനത സവിശേഷമാംവിധം വണങ്ങുന്ന പരിശുദ്ധ ദൈവമാതാവിന്റെ (മിറക്കുലസ് ഐക്കൺ ഓഫ് ദ വിർജിൻ മേരി ഓഫ് ക്ലോക്കോചോവോ) തിരുരൂപവും ബൈസന്റൈൻ പാരമ്പര്യമനുസരിച്ചുള്ള കുരിശുരൂപവും പ്രതിഷ്ഠിച്ച ബലിവേദിയിലേക്ക് പാപ്പയും സഹകാർമികരും ആഗതരായപ്പോൾ പാശ്ചാത്യ, പൗരസ്ത്യ സഭകളുടെ സമന്വയം വിശേഷിപ്പിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ആവർത്തിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും പ്രഘോഷിക്കപ്പെടുകയായിരുന്നു: ‘രണ്ട് ശ്വാസകോശങ്ങളിലൂടെയാണ് ക്രിസ്തുവിന്റെ സഭ ശ്വസിക്കുന്നത്- ഒന്ന് പാശ്ചാത്യ സഭയും മറ്റൊന്ന് പൗരസ്ത്യ സഭയും.’ (റോമൻ സഭ എന്ന് അറിയപ്പെടുന്ന പാശ്ചാത്യസഭയ്‌ക്കൊപ്പം 23 പൗരസ്ത്യസഭകൾ കൂടിച്ചേരുന്നതാണ് കത്തോലിക്കാ സഭ)

ബൈസന്റൈൻ ആരാധനക്രമത്തിൽ അർപ്പിക്കപ്പെട്ട പേപ്പൽ ദിവ്യബലിയിൽനിന്ന്.

പാപ്പയും മറ്റ് റോമൻ സഭാ വൈദികരും റോമൻ ആരാധനക്രമ പ്രകാരമുള്ള തിരുവസ്ത്രങ്ങൾ അണിഞ്ഞും പ്രിസോവ് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് ജാൻ ബാബ്ജാക്ക് ഉൾപ്പെടെയുള്ള ഗ്രീക്ക് സഭാ വൈദികർ അവരുടെ തനത് തിരുവസ്ത്രങ്ങൾ അണിഞ്ഞുമാണ് ബലിവേദിയിൽ എത്തിയത്. ചെറിയ ഐക്കണുകൾ, കുരിശടയാളം, പരിശുദ്ധ കന്യകയുടെയും ക്രിസ്തുവിന്റെയും രൂപങ്ങൾ ഉൾപ്പെടെയുള്ള അലങ്കാരങ്ങളാൽ സവിശേഷമാണ് ബൈസന്റൈൻ ആരാധനക്രമപ്രകാരമുള്ള തിരുവസ്ത്രങ്ങൾ. പരിശുദ്ധ ത്രിത്വത്തെയും ക്രിസ്തുവിന്റെ ദൈവ- മനുഷ്യ അസ്ഥിത്വങ്ങളെയും അടയാളപ്പെടുത്തുന്ന രണ്ട് തിരിക്കാലുകൾ, അൾത്താരയിൽ മാലാഖയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ‘പെക്‌സാപെറ്റേർജൻ’ എന്നിവയുടെ അകമ്പടിയോടെയാണ് അവർ അൾത്താരയിലേക്ക് പ്രവേശിച്ചത്.

തിരുവോസ്തിക്ക് പകരം പുളിപ്പിച്ച അപ്പം ആശീർവദിച്ച് വിശ്വാസികൾക്ക് ദിവ്യകാരുണ്യമായി നൽകുന്നു എന്നതാണ് റോമൻ ആരാധനക്രമത്തിൽനിന്നുള്ള പ്രധാന വ്യത്യാസം. ക്രൂശിതനായ ഈശോയുടെ വിലാവിൽ കുത്തിയ കുന്തത്തെ പ്രതീകവത്ക്കരിക്കുന്ന വസ്തുകൊണ്ടാണ് അപ്പം, കൂദാശയ്ക്കുശേഷം വിഭജിക്കുന്നത്. വാഴ്ത്തിയ അപ്പത്തിന്റെ ചെറിയ ഭാഗങ്ങളും വീഞ്ഞും കാസയിലാക്കി വിശ്വാസികളുടെ നാവിലേക്ക് ‘കൊക്ലിയേറിയൻ’ എന്ന് വിശേഷിപ്പിക്കുന്ന ഒരു സ്പൂൺ ഉപയോഗിച്ച് നൽകുകയാണ് പതിവ്.

ബൈസന്റൈൻ ആരാധനക്രമത്തിൽ അർപ്പിക്കപ്പെട്ട പേപ്പൽ ദിവ്യബലിയിൽനിന്ന്.

ഗ്രീക്ക് കത്തോലിക്കാ വൈദികർതന്നെയാണ് വിശുദ്ധ കുർബാന വിതരണം ചെയ്യുന്നത്. യൂക്കരിസ്റ്റ് മിനിസ്റ്റേഴ്‌സിനെ അതിനായി നിയോഗിക്കാറില്ല. 30000ൽപ്പരം പേർ പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ദിവ്യബലിയിൽ ദിവ്യകാരുണ്യം നൽകിയതും വൈദികർതന്നെയാണ്. അവർക്കൊപ്പം സ്പൂണുകളുള്ള ഒരു പാത്രവും അവ ശേഖരിക്കുന്നതിന് മറ്റൊരു പാത്രവുമായി ശുശ്രൂഷകർ അകമ്പടിസേവിക്കും. ഓരോ തവണ കുർബാന നൽകുമ്പോഴും വ്യത്യസ്ത സ്പൂണുകളാണ് ഉപയോഗിക്കുക. വീഞ്ഞും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയശേഷമാണ് പിന്നീട് അവ ഉപയോഗിക്കുക.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?