Follow Us On

26

September

2021

Sunday

ഹൃദയത്തിൽ കുരിശ് സംവഹിക്കുന്നവർ ആരേയും ശത്രുവായി കരുതില്ല: ഫ്രാൻസിസ് പാപ്പ

ഹൃദയത്തിൽ കുരിശ് സംവഹിക്കുന്നവർ ആരേയും ശത്രുവായി കരുതില്ല: ഫ്രാൻസിസ് പാപ്പ

പ്രസോവ്: ഹൃദയത്തിൽ കുരിശ് സംവഹിക്കുന്നവർ ആരേയും ശത്രുവായി കരുതില്ലെന്നും മറിച്ച്, ക്രിസ്തു ജീവൻ നൽകിയ സഹോദരങ്ങളേയാണ് കണ്ടെത്തുകയെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വിശ്വാസം വ്യാപിക്കുന്നത് ലൗകീക ശക്തിയാലോ സംവിധാനങ്ങളാലോ അല്ല, കുരിശിലെ വിജ്ഞാനവും സാക്ഷ്യവും കൊണ്ടാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, കുരിശിനെ രാഷ്ട്രീയ പദവിയുടെ അടയാളമായി തരംതാഴ്ത്തരുതെന്നും മുന്നറിയിപ്പു നൽകി.

ലോകത്തിന്റെ കണ്ണിൽ കുരിശ് തോൽവിയുടെ അടയാളമാണ്. ഉപരിപ്ലവമായി കുരിശിനെ കണുന്നവർ അതിന്റെ സന്ദേശം ഗ്രഹിക്കുന്നില്ല. ലോകത്തിലെ എല്ലാ തിന്മകളും സ്വയം ഏറ്റെടുത്ത് ക്രിസ്തു നമ്മെ രക്ഷിക്കുകയായിരുന്നു എന്ന കുരിശിന്റെ സന്ദേശം പിടികിട്ടാത്ത അപകടം നമുക്കും വരാം. ദുർബലനും ക്രൂശിതനുമായ ഒരു ദൈവത്തെ അംഗീകരിക്കുന്നതിൽ പരാജയമടഞ്ഞ് ശക്തനും വിജയിയുമായ ഒരു ദൈവത്തെ സ്വപ്‌നം കാണാൻ നാം ഇഷ്ടപ്പെട്ടെക്കാം. ഇത് ഒരു വലിയ പ്രലോഭനമാണ്.

പലപ്പോഴും വിജയവും മഹത്വവും സ്വാധീനവുമുള്ള ഒരു ക്രൈസ്തവത്വം നാം ആഗ്രഹിക്കുന്നു. എന്നാൽ, കുരിശില്ലാത്ത ക്രിസ്തുമതം ലൗകീകവും വന്ധ്യവുമാണ്.സ്വയം രക്ഷിക്കാമായിരുന്നിട്ടും ഏറ്റവും ക~ിനമായ കുരിശിന്റെ മാർഗമാണ് അവിടുന്ന് തിരഞ്ഞെടുത്തത്. നിരാശയുടെയും ആകുലതയുടെയും തഴയപ്പെടലിന്റെയും ദുരിതങ്ങളുടെയുംമധ്യേ ഭൂമിയിൽ ആർക്കും അവിടുത്തെ കണ്ടെത്താനാകാതെ വരരുത് എന്നതിനാലാണിണ്. ദൈവം ഉണ്ടാവില്ല എന്ന് നാം കരുതുന്നിടത്ത് അവിടുന്ന് വന്നു. അതിനാൽ അവിടുത്തോടൊപ്പം നാം ഒരിക്കലും തനിച്ചല്ല.

കുരിശാകുന്ന പുസ്തകം തുറന്ന് വായിക്കുന്നതിലൂടെയാണ് കുരിശിന്റെ മഹത്വം കാണാൻ പ~ിക്കേണ്ടത്. ക്രൂശിതനായ യേശുവിനെ നോക്കിനിൽക്കാതെ, നമ്മുടെ ഹൃദയം അവിടുത്തേക്കായി തുറക്കാതെ ദൈവാലയങ്ങളിൽ ക്രൂശിതരൂപം ചിത്രീകരിച്ചിട്ടോ, കഴുത്തിലും വീട്ടിലും കാറിലും പോക്കറ്റിലും കൊണ്ടുനടന്നിട്ടോ കാര്യമില്ല. നമുക്കായി മുറിവേറ്റ ദൈവത്തിന്റെ മുന്നിൽ ഹൃദയങ്ങൾ വിങ്ങിപ്പൊട്ടണം. ഇല്ലെങ്കിൽ ശീർഷകവും രചയിതാവും ആരാണെന്ന് അറിഞ്ഞിട്ടും വായിക്കാതെ പോയ ഒരു പുസ്തകമായി കുരിശ് മാറും.

കുരിശിനെ ഒരു വെറും വണക്ക വസ്തുവോ അതിനേക്കാൾ മോശമായി ഒരു രാഷ്ട്രീയ, മത, സാമൂഹ്യ പദവിയുടെ അടയാളമോ ആക്കി തരം താഴ്ത്തരുത്. കുരിശിന്റെ സാക്ഷികൾക്ക് ഒരു നയം മാത്രമേയുള്ളൂ ഗുരുവിന്റെ എളിമയാർന്ന സ്‌നേഹം. അനുദിന ജീവിത സംഭവങ്ങളിൽ ക്രിസ്തുവിന്റെ സ്‌നേഹം ഫലം നൽകുന്നതിനാൽ ഈ ലോക വിജയമല്ല അവർ നോക്കുക. കുരിശ് സുതാര്യമായ സാക്ഷ്യമാണ് ആവശ്യപ്പെടുന്നത്. അത് വീശാനുള്ള പതാകയല്ല മറിച്ച്, വിശുദ്ധ ഗ്രന്ഥത്തിലെ സുവിശേഷ ഭാഗ്യങ്ങളിലെ പുത്തൻ ജീവതരീതിയുടെ ശുദ്ധമായ ഉറവിടമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?