Follow Us On

28

March

2024

Thursday

ദൈവാലയങ്ങൾക്കു നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു; 17 മാസത്തിനിടെ യു.എസിൽ ആക്രമിക്കപ്പെട്ടത് 95 ദൈവാലയങ്ങൾ

ദൈവാലയങ്ങൾക്കു നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു; 17 മാസത്തിനിടെ യു.എസിൽ ആക്രമിക്കപ്പെട്ടത് 95 ദൈവാലയങ്ങൾ

വാഷിംഗ്ടൺ ഡി.സി: 2020 മേയ് മുതൽ ഇതുവരെയുള്ള 17 മാസങ്ങൾക്കിടയിൽ അമേരിക്കയിലെ 95 കത്തോലിക്കാ ദൈവാലയങ്ങൾ വിവിധ തരത്തിലുള്ള ആക്രമണത്തിന് ഇരയായെന്ന് യു.എസ് കത്തോലിക്കാ മെത്രാൻ സമിതിയുടെ റിപ്പോർട്ട്. തീവെയ്പ്പ്, വിശുദ്ധരുടെ രൂപങ്ങൾ തകർക്കൽ, ദൈവാലയ ഭിത്തികളും സെമിത്തേരികളും വികൃതമാക്കൽ ഉൾപ്പെടെയുള്ള ആക്രമണങ്ങളാണ് ദൈവാലയത്തിനുനേരെ ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

29 സംസ്ഥാനങ്ങളിൽ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സെപ്തംബർ അഞ്ചിന് കൊളറാഡോയിലെ ലൂയിസ്‌വിൽ ദൈവാലയത്തിലെ വാതിലുകളിൽ പെയിന്റുകൊണ്ട് വികൃതമാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവം. ന്യൂയോർക്കിൽ 14 ആക്രമണങ്ങളും കാലിഫോർണിയയിൽ 12 ആക്രമണങ്ങളും ഉണ്ടായി. കാലിഫോർണിയയിൽ വിശുദ്ധ ജൂണിപ്പെറോ സെറയുടെ തിരുരൂപം മറിച്ചിട്ടതും സാൻ ഗബ്രിയേൽ മിഷനിലെ 249 വർഷങ്ങളുടെ ചരിത്രമുള്ള മിഷൻ ദൈവാലയം അഗ്‌നിക്കിരയായതും ഉൾപ്പെടെയാണിത്.

ന്യൂയോർക്കിലെ വിഖ്യാതമായ സെന്റ് പാട്രിക് കത്തീഡ്രലിന്റെ പുറം ഭിത്തികൾ അക്രമികൾ വികൃതമാക്കിയതും ഇതേ കാലയളവിലാണ്. ബ്ലാക് ലൈവ്‌സ് മാറ്റർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദൈവാലയങ്ങൾക്കുനേരെ ആക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ദൈവാലയങ്ങൾക്ക് കർശന സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശങ്ങൾ ഉണ്ടായെങ്കിലും അക്കാര്യത്തിൽ കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ.

പ്രസ്തുത ആക്രമണങ്ങൾ രോഗസൗഖ്യം ആവശ്യമുള്ള ഒരു സമൂഹത്തിന്റെ അടയാളങ്ങളാണെന്ന് മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യു.എസ് മെത്രാൻ സമിതിയുടെ ചെയർമാനും മയാമി ആർച്ച്ബിഷപ്പുമായ തോമസ് വെൻസ്‌കി അഭിപ്രായപ്പെട്ടു. അമേരിക്ക അസാധാരണമായ സാംസ്‌ക്കാരിക സംഘർഷത്തിന്റെ നാളുകളിലാണെന്ന് ദേശീയ നീതിക്കും മാനവ വികസനത്തിനും വേണ്ടിയുള്ള യു.എസ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് പോൾ കോക്ക്‌ലി വ്യക്തമാക്കി.

‘നിസ്വാർത്ഥ സ്‌നേഹത്തിന്റെയും ഭക്തിയുടെയും ഈ വിശുദ്ധ അടയാളങ്ങൾക്ക് എതിരായ ആക്രമങ്ങൾക്ക് പിന്നിലെ ചേതോവികാരം മനസ്സിലാക്കാൻ പരിശ്രമിക്കുമ്പോൾതന്നെ അതിന് കാരണമായ ആളുകൾക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ… whatsapp.com

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?