Follow Us On

28

March

2024

Thursday

മലേഷ്യ: അനിസ്ലാമിക മതങ്ങളെ നിയന്ത്രിക്കാൻ നീക്കം; ശരിയത്ത് നിയമത്തിനെതിരെ സംഘടിച്ച് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷം

മലേഷ്യ: അനിസ്ലാമിക മതങ്ങളെ നിയന്ത്രിക്കാൻ നീക്കം; ശരിയത്ത് നിയമത്തിനെതിരെ സംഘടിച്ച് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷം

ക്വാലാലംപൂർ: അനിസ്ലാമിക മതങ്ങൾക്കുമേൽ നിയന്ത്രണം കടുപ്പിക്കുന്നത് ഉൾപ്പെടെ, ഇസ്ലാമിക രാഷ്ട്രമായ മലേഷ്യ പദ്ധതിയിടുന്ന ശരിയത്ത് നിയമ നിർമാണ ശ്രമത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ തയാറെടുത്ത് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷം. ശരിയത്ത് അടിസ്ഥാനമാക്കി അണിയറയിൽ ഒരുങ്ങുന്ന നാല് ബില്ലുകളിൽ ഒന്നായ ‘അനിസ്ലാമിക മതങ്ങളുടെ വിശ്വാസപ്രചാരണം തടയുന്ന കരട് നിയമ’മാണ് (റെസ്ട്രിക്ഷൻ ഓൺ ദ പ്രൊപ്പഗേഷൻ ഓഫ് നോൺ മുസ്ലീം റിലീജിയൻസ് ബിൽ) ഇപ്പോൾ കൂടുതൽ വിവാദമായിരിക്കുന്നത്.

നിർദിഷ്ട ബില്ലുകൾ മതന്യൂനപക്ഷ വിരുദ്ധമാണെന്ന് ബുദ്ധിസം, ക്രിസ്തുമതം, ഹിന്ദുമതം, സിഖ്, താവോയിസം തുടങ്ങിയ മതവിഭാഗങ്ങളുടെ കൂട്ടായ്മ (എം.സി.സി.ബി.സി.എച്ച്.എസ്.ടി) കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രസ്തുത ബിൽ, സ്വന്തം മതത്തിൽ വിശ്വസിക്കാനും ജീവിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും ഭരണഘടനയുടെ 11^ാം അനുശ്ചേദം ഉറപ്പുനൽകുന്ന അവകാശത്തെ നിഷേധിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നാലു പുതിയ ‘ശരിയത്ത്’ നിയമങ്ങളുടെ കരടുരേഖ തയാറാക്കുന്ന വിവരം മതകാര്യ ഡെപ്യൂട്ടി മന്ത്രി വൈബി ഉസ്താസ് അഹമദ് മർസൂക് ഷാരി ദിവസങ്ങൾക്കുമുമ്പാണ് വെളിപ്പെടുത്തിയത്. വഖഫ് ബിൽ, മുഫ്തി ബിൽ, ശരിയത്ത് കോർട്ട് ബിൽ എന്നിവയാണ് മറ്റ് മൂന്ന് കരടുനിയമങ്ങൾ. ഫെഡറൽ ഭരണ പ്രദേശങ്ങളിലെ ശരിയത്ത് നിയമങ്ങളെ ശക്തിപ്പെടുത്താൻ 2020ൽ ആവിഷ്‌ക്കരിച്ച പഞ്ചവത്‌സര പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയതും ഭേദഗതിയും ഉൾപ്പെടുന്ന 11 ‘ശരിയത്ത്’ നിയമങ്ങൾ നടപ്പാക്കുകയാണ് പഞ്ചവത്‌സര പദ്ധതിയുടെ ലക്ഷ്യം.

മതകാര്യ ഡപ്യൂട്ടി മന്ത്രിയുടെ പ്രസ്താവനയിൽ അമ്പരപ്പ് പ്രകടിപ്പിച്ച സാറവാക്കിലെ വിവിധ സഭകളുടെ സമിതിയായ ‘എ.സി.എസും’ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുസ്ലീം ഇതര മതങ്ങളെ ദോഷകരമായി ബാധിക്കുന്ന ശരിയത്ത് നിയമങ്ങൾ നടപ്പാക്കാനുള്ള ശ്രമം വിവിധ വംശീയ വിഭാഗങ്ങളും മതങ്ങളും തമ്മിലുള്ള യോജിപ്പിൽ അധിഷ്ഠിതമായ മലേഷ്യൻ ഫെഡറേഷന്റെ ചിന്താരീതിക്ക് വിരുദ്ധമാണെന്ന് സമിതിയുടെ അധ്യക്ഷൻകൂടിയായ കുച്ചിങ് ആർച്ച്ബിഷപ്പ് സൈമൺ പോ ഹൂൻ സെങ്ങ് വ്യക്തമാക്കി.

ഏതാണ്ട് 32 ദശലക്ഷം വരുന്ന ജനസംഖ്യയുടെ 61%വും മുസ്ലീങ്ങൾ അധിവസിക്കുന്ന മലേഷ്യയിലെ പ്രധാന ന്യൂനപക്ഷം 19.8% വരുന്ന ബുദ്ധമത വിശ്വാസികളാണ്. 9.2% വരുന്ന ക്രൈസ്തവരും 6.3% വരുന്ന ഹൈന്ദവരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒൻപത് രൂപതകളിലായി ഒരു ലക്ഷത്തിൽപ്പരം കത്തോലിക്കരാണ് (ക്രിസ്ത്യൻ ജനസംഖ്യയുടെ 3.56%) മലേഷ്യയിലുള്ളത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?