Follow Us On

19

April

2024

Friday

പദവിയോ സമ്പത്തോ അല്ല, ശുശ്രൂഷാ മനോഭാവമാണ്‌ ദൈവദൃഷ്ടിയിൽ ശ്രേഷ്ഠം: ഫ്രാൻസിസ് പാപ്പ

പദവിയോ സമ്പത്തോ അല്ല, ശുശ്രൂഷാ മനോഭാവമാണ്‌ ദൈവദൃഷ്ടിയിൽ ശ്രേഷ്ഠം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ശുശ്രൂഷിക്കുന്നതിലൂടെ നാം ചെറുതാകുകയല്ല മറിച്ച്, വളർച്ചയിലേക്ക് നയിക്കപ്പെടുകയാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവദൃഷ്ടിയിൽ, ഒരാളുടെ ശ്രേഷ്ഠതയും വിജയവും അളക്കപ്പെടുന്നത് സാമൂഹിക പദവിയോ ഉദ്യോഗമോ സ്ഥാനമോ സമ്പത്തോ നോക്കിയല്ല. മറിച്ച്, ശുശ്രൂഷാ മനോഭാവമാണ് ദൈവം മാനദണ്ഡമാക്കുന്നതെന്നും പാപ്പ ഓർമിപ്പിച്ചു. ആഞ്ചലൂസ് പ്രാർത്ഥനാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

തങ്ങളിൽ ആരാണ് വലിയവൻ എന്ന് ക്രിസ്തുശിഷ്യൻ ചർച്ച ചെയ്യുന്ന സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കിയാണ് ദൈവഹിതപ്രകാരമുള്ള ശുശ്രൂഷാ മനോഭാവത്തിന്റെ പ്രസക്തി പാപ്പ പങ്കുവെച്ചത്. ‘ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ ഏറ്റവും അവസാനത്തെയാളും എല്ലാവരുടെയും ദാസനുമായിരിക്കണം,’ ക്രിസ്തുവിന്റെ ഈ വാക്കുകൾ ഇന്നും പ്രസക്തമാണ്. സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നതിലൂടെ ശുശ്രൂഷ എന്ന ആശയത്തിന് ക്ഷീണം സംഭവിച്ചിട്ടുണ്ട്. എന്നാൽ, അതേസംബന്ധിച്ച് സുവിശേഷത്തിൽ കൃത്യവും സുനിശ്ചിതവുമായ അർത്ഥമുണ്ട്.

ശുശ്രൂഷിക്കപ്പെടാനല്ല മറിച്ച്, ശുശ്രൂഷിക്കാൻ ലോകത്തിലേക്ക് വന്ന ക്രിസ്തുവിനെപ്പോലെ പ്രവർത്തിക്കുക എന്നതാണ് ഇതിനർത്ഥം. നാം ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവിടുന്ന് പഠിപ്പിച്ച ശുശ്രൂഷയുടെ പാത നാം പിന്തുടരണം. ശുശ്രൂഷിക്കാനുള്ള സന്നദ്ധതയെ ആശ്രയിച്ചാണ് കർത്താവിനോടുള്ള നമ്മുടെ വിശ്വസ്തത കുടികൊള്ളുന്നത്. നാം എത്രമാത്രം ശുശ്രൂഷാനിരതരാകുന്നോ അത്രത്തോളം ദൈവസാന്നിധ്യം അനുഭവിക്കാൻ നമുക്ക് സാധിക്കും.

ഒരു കുട്ടിയെ ചൂണ്ടിക്കാട്ടി, അവരെപ്പോലെ നിഷ്‌കളങ്കരാകണമെന്നാണ് ശിഷ്യരോട് ക്രിസ്തു ആവശ്യപ്പെട്ടത്. കുഞ്ഞുങ്ങൾ നിഷ്‌കളങ്കതയുടെ മാത്രമല്ല എളിമയുടെയും പ്രതീകം കൂടിയാണ്. ഒന്നും പകരം തരാൻ സാധിക്കാത്ത ചെറിയവരെ സേവിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയായിരുന്നു ക്രിസ്തു. അവരിലൂടെ ക്രിസ്തുവിനെതന്നെയാണ് നാം സ്വീകരിക്കുന്നതെന്ന് കൂട്ടിച്ചേർത്ത പാപ്പ, നാം ശുശ്രൂഷാതൽപ്പരരാണോ അതോ, വ്യക്തിപരമായ സംതൃപ്തി തേടുന്നവരാണോ എന്ന് ആത്മശോധന ചെയ്യാനും ആഹ്വാനം ചെയ്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?