Follow Us On

21

October

2021

Thursday

ക്രൈസ്തവരേ, രാജ്യത്തിന്റെ വികസനത്തിനായി നിങ്ങൾ ഇവിടെ തുടരണം; അഭ്യർത്ഥനയോടെ കുർദിഷ് പ്രസിഡന്റ്

ക്രൈസ്തവരേ, രാജ്യത്തിന്റെ വികസനത്തിനായി നിങ്ങൾ ഇവിടെ തുടരണം; അഭ്യർത്ഥനയോടെ കുർദിഷ് പ്രസിഡന്റ്

എർബിൽ: ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം ഉറപ്പാക്കാൻ രാജ്യത്ത് തുടരണമെന്ന് അഭ്യർത്ഥിച്ച് കുർദിഷ് പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുർദിസ്ഥാന്റെ സമ്പന്നമായ വൈവിധ്യം ചൂണ്ടിക്കാട്ടിയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമായിരുന്നു പ്രസിഡന്റിന്റെ അഭ്യർത്ഥന. അസീറിയൻ സഭയുടെ പാത്രിയാർക്കീസായി മാർ അവ മൂന്നാമന്റെ സ്ഥാനാരോഹണ തിരുക്കർമങ്ങളിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത അതിക്രമങ്ങൾ അരങ്ങേറിയ ഐസിസ് അധിനിവേശകാലത്ത് ഇറാഖിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകിയ രാജ്യമാണ് കുർദിസ്ഥാൻ. ഐസിസ് അധിനിവേശം അവസാനിച്ചതിനെ തുടർന്ന് പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ്, രാജ്യം ഉപേക്ഷിച്ച് പോകരുതെന്ന കുർദിഷ് പ്രസിഡന്റിന്റെ അഭ്യർത്ഥന എന്നതും ശ്രദ്ധേയം. നിലവിൽ ഒന്നേകാൽ ലക്ഷത്തോളം ക്രൈസ്തവർ കുർദിസ്ഥാനിൽ ഉണ്ടെന്നാണ് കണക്ക്.

കുർദിസ്ഥാൻ മേഖലയിലെ എല്ലാ വംശീയ, മത വിഭാഗങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തെ അഭിമാനപൂർവം ഉയർത്തിക്കാട്ടിയ കുർദിഷ് പ്രസിഡന്റ്, അസീറിയൻ സഭയുടെ പുതിയ പാത്രിയാർക്കീസിന് ആശംസകൾ നേരുകയും ചെയ്തു. പ്രസിഡന്റ് ബർസാനിയെ കൂടാതെ, സർക്കാർ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും സർക്കാരിനെ പ്രതിനിധീകരിച്ച് അഭിഷേക കർമത്തിൽ പങ്കെടുക്കാനെത്തി. പാത്രിയാർക്കീസ് എമിരിത്തൂസ് ഗീവർഗീസ് മൂന്നാമൻ സ്ലീവ ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നാണ് അസീറിയൻ സഭയുടെ 122-ാമത്തെ പാത്രീയാർക്കീസായി മാർ അവ മൂന്നാമനെ തിരഞ്ഞെടുത്തത്.

കുർദിസ്ഥാൻ തയാറാക്കുന്ന ഭരണഘടനയിൽ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനൽകിയ കാര്യം മാസങ്ങൾക്കു മുമ്പ് വലിയ വാർത്തയായിരുന്നു. ഇറാഖിലെ വത്തിക്കാൻ അംബാസിഡറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്: ‘ക്രൈസ്തവർ കുർദിസ്ഥാന്റെ അവിഭാജ്യ ഘടകമാണ്. മേഖലയുടെ പുരോഗതിയിലും സഹവർത്തിത്വത്തിലൂന്നിയ സംസ്‌കാര രൂപീകരണത്തിലും ക്രൈസ്തവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.’ ഇറാഖ് പര്യടനത്തിന്റെ ഭാഗമായി കുർദിസ്ഥാൻ സന്ദർശിച്ച പാപ്പ, ഐസിസ് അധിനിവേശകാലത്ത് ക്രൈസ്തവർക്ക് അഭയം നൽകിയതിന് കുർദിസ്ഥാൻ ഭരണകൂടത്തെ നന്ദി അറിയിച്ചിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?