Follow Us On

21

October

2021

Thursday

മാർ കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും, വിവാദമല്ല വേണ്ടത് അന്വേഷണം: സീറോ മലബാർ സഭ

മാർ കല്ലറങ്ങാട്ടിനെ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും, വിവാദമല്ല വേണ്ടത് അന്വേഷണം: സീറോ മലബാർ സഭ

എറണാകുളം: സഭാമക്കൾക്ക് ചില മുന്നറിയിപ്പുകൾ നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങൾ ചെറുക്കുമെന്ന് സീറോ മലബാർ സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ചെയർമാൻ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിലാണ് സീറോ മലബാർ സഭയുടെ ഈ നിലപാട് വ്യക്തമാക്കിയത്. മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമധ്യേ നടത്തിയ പ്രസംഗത്തിൽ ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടല്ല എന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്.

‘നാർക്കോ ജിഹാദ്’ എന്ന വാക്ക്, അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്’ ന്റെ 2017ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണ്. അഫ്ഗാനിസ്ഥാനിൽ നിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഏതാനും ദിവസങ്ങൾക്കു മുമ്പു പിടിച്ചെടുത്തു.

അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോടു ശത്രുതാപരമായ അകലം പാലിക്കുന്നവരാണു കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരള സമൂഹത്തിലും അപകടകരമായ ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരെയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നൽകിയത്.

മാർ കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്നു ആരോപിച്ചുകൊണ്ട് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവകമായ പ്രചാരണം നടത്തുന്നവർ അതിൽനിന്നു പിന്മാറണം. സമ്മർദ്ധങ്ങൾക്കു വഴങ്ങി മാർ കല്ലറങ്ങാട്ടിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളും.

കേരളത്തിന്റെ മതസൗഹാർദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോ മലബാർസഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വർഗീയതയോ മതസ്പർധയോ വളർത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. മതവിദ്വേഷവും സാമുദായിക സ്പർദ്ധയും വളർത്തുന്ന പ്രചാരണങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭ്യർത്ഥിച്ചു.

പബ്ലിക് അഫയേഴ്സ് കമ്മീഷൻ, കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ, മാധ്യമ കമ്മീഷൻ, യുവജന കമ്മീഷൻ, സമർപ്പിതർക്കായുള്ള കമ്മീഷൻ എന്നിവയെ പ്രതിനിധീകരിച്ച് ബിഷപുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസഫ് പണ്ടാരശേരിൽ, മാർ തോമസ് തറയിൽ, കമ്മീഷൻ സെക്രട്ടറിമാർ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?