Follow Us On

21

October

2021

Thursday

വിനാശകരം യു.എസിലെ പുതിയ ഗർഭച്ഛിദ്ര ബിൽ; വിശ്വാസികളെല്ലാം ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന് യു.എസ് ബിഷപ്പുമാരുടെ ആഹ്വാനം

വിനാശകരം യു.എസിലെ പുതിയ ഗർഭച്ഛിദ്ര ബിൽ; വിശ്വാസികളെല്ലാം ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന് യു.എസ് ബിഷപ്പുമാരുടെ ആഹ്വാനം

സാൻഫ്രാൻസിസ്‌കോ: പ്രാബല്യത്തിലുള്ള ഗർഭച്ഛിദ്ര വിരുദ്ധ നിയമങ്ങളെയെല്ലാം അസാധുവാക്കുക എന്ന ലക്ഷ്യത്തോടെ ‘വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ട്’ (WHPA) എന്ന പേരിൽ പുതിയ ഗർഭച്ഛിദ്ര നിയമ നിർമാണ ശ്രമവുമായി യു.എസിലെ ഒരുസംഘം നിയമ നിർമാതാക്കൾ മുന്നോട്ടുപോകുമ്പോൾ, അതിനെ പ്രാർത്ഥനകൊണ്ടും പ്രവൃത്തികൊണ്ടും പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് അമേരിക്കയിലെ ബിഷപ്പുമാർ. അമേരിക്കയിൽ എവിടെയും ഗർഭാവസ്ഥയുടെ ഏത് അവസ്ഥയിലും ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നത് ഉൾപ്പെടെ അത്യന്തം ഗുരുതരമായ വകുപ്പുകളാണ് പുതിയ ബില്ലിലുള്ളത്.

ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞശേഷമുള്ള ഗർഭച്ഛിദ്രങ്ങൾ നിരോധിച്ചുകൊണ്ട് നിരവധി സംസ്ഥാനങ്ങൾ പാസാക്കിയ നിയമങ്ങളും പുതിയ ബിൽ നിയമമായാൽ അപ്രസക്തമാകും. ഗർഭാവസ്ഥയുടെ ഏത് സമയത്തും ഗർഭച്ഛിദ്രം നടത്താനുള്ള അനുമതി, നഴ്‌സുമാർ ഉൾപ്പെടെയുള്ളവർക്ക് ഗർഭച്ഛിദ്രം നടത്തിക്കൊടുക്കാനുള്ള അവകാശം എന്നിങ്ങനെ ഗർഭച്ഛിദ്രത്തെ ഉദാരമാക്കുന്ന സമീപനങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗർഭച്ഛിദ്രത്തിന് നികുതിപ്പണം വിനിയോഗിക്കാനുള്ള സാധുതയും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗുരുതര പ്രതിസന്ധി ഉടലെടുക്കുന്ന ഈ പശ്ചാത്തലത്തിലാണ്, ബില്ലിനെതിരെ അണിചേരാൻ വിശ്വാസീസമൂഹത്തോട് ബിഷപ്പുമാർ ആഹ്വാനം ചെയ്തത്. സാൻഫ്രാൻസിസ്‌കോ ആർച്ച്ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി, ഡെൻവർ ആർച്ച്ബിഷപ്പ് സാമുവൽ ജെ. അക്വീല
എന്നിവരാണ് ഇപ്പോൾ പ്രാർത്ഥനാ അഹ്വാനം നൽകിയിരിക്കുന്നത്. പ്രസ്തുത ബില്ലിൽ നടക്കുന്ന വോട്ടെടുപ്പിനെ ‘ശിശുബലി’യോട് ഉപമിച്ചുകൊണ്ടാണ്, ഈ നീക്കത്തിനെതിരെ ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥിക്കാൻ ആർച്ച്ബിഷപ്പ് കോർഡിലിയോൺ അഭ്യർത്ഥിച്ചത്.

‘ധാർമിക ബോധ്യമുള്ള സകലരെയും നടുക്കുന്നതാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങൾ. പ്രസ്തുത ബിൽ നിയമമായാൽ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള സകല നിയന്ത്രണങ്ങളും ഇല്ലാതാകും. യുക്തമായ തീരുമാനം എടുക്കാൻ വേണ്ടി കോൺഗ്രസ് അംഗങ്ങൾക്കുവേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കാം,’ അദ്ദേഹം ആഹ്വാനം ചെയ്തു. ഏതാനും ദിവസം മുമ്പ് സ്ലോവാക്യൻ പര്യടനം കഴിഞ്ഞ് റോമിലേക്കുള്ള മടക്കയാത്രയിൽ മാധ്യമങ്ങളോട് സംസാരിക്കവേ, ഗർഭച്ഛിദ്രം കൊലപാതകംതന്നെയാണെന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും അദ്ദേഹം ഓർമിപ്പിച്ചു.

‘വുമൺസ് ഹെൽത്ത് പ്രൊട്ടക്ഷൻ ആക്ട്’ എന്ന ബില്ലിന്റെ ലക്ഷ്യം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കലല്ല മറിച്ച്, ഗർഭച്ഛിദ്രം ഉദാരമാക്കാൻ അമേരിക്കയിലുടനീളം വാതിലുകൾ തുറക്കുകയാണെന്ന് ആർച്ച്ബിഷപ്പ് അക്വീല ചൂണ്ടിക്കാട്ടി. പ്രാർത്ഥിക്കുന്നതിനൊപ്പം, പുതിയ ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ ഗർഭച്ഛിദ്രത്തിനെതിരെ വോട്ട് ചെയ്യാൻ തങ്ങളുടെ ജനപ്രതിനിധികളോട് അഭ്യർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഗർഭധാരണ മുതൽ സ്വാഭാവിക മരണംവരെ ജീവന്റെ മൂല്യം സംരക്ഷിക്കുന്ന മനോഭാവം വളരാൻവേണ്ടി പ്രാർത്ഥിക്കണം. ബില്ലിനെതിരെ വോട്ടുചെയ്യണമെന്ന് ജനപ്രതിനിധികളോട് നിങ്ങൾ ഓരോരുത്തരും ആവശ്യപ്പെടുകയും വേണം.’

കാലിഫോർണിയയിൽനിന്നുള്ള യുഎസ് കോൺഗ്രസ് അംഗം റൂഡി ചു അവതരിപ്പിച്ചിരിക്കുന്ന ബില്ല് ഗർഭച്ഛിദ്രം സ്ത്രീകളുടെ ഒരു അവകാശമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ്. ബില്ലിന്മേലുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് അമേരിക്കൻ മെത്രാൻ അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോസഫ് നൗമാൻ യു.എസ് കോൺഗ്രസ് അംഗങ്ങൾക്ക് കത്തയച്ചിരുന്നു. ബില്ല് പ്രാബല്യത്തിൽ വന്നാൽ അമേരിക്കയിലെ പൗരൻമാർ നൽകുന്ന നികുതിപ്പണം രാജ്യത്തിനകത്തും പുറത്തും ഗർഭച്ഛിദ്രത്തിനായി വിനിയോഗിക്കപ്പെടുമെന്നും ആരോഗ്യപ്രവർത്തകർ അവരുടെ വിശ്വാസത്തിന് വിരുദ്ധമാണെങ്കിൽ പോലും ഗർഭച്ഛിദ്രം നടത്തിക്കൊടുക്കാൻ നിർബന്ധിതരാകുമെന്നും ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?