Follow Us On

21

October

2021

Thursday

ജീവിതംകൊണ്ട് ക്രിസ്തുവിനെ പകരുന്നതിൽ ക്രൈസ്തവർ പരാജയപ്പെടരുത്; മുന്നറിയിപ്പുമായി പാപ്പ

ജീവിതംകൊണ്ട് ക്രിസ്തുവിനെ പകരുന്നതിൽ ക്രൈസ്തവർ പരാജയപ്പെടരുത്; മുന്നറിയിപ്പുമായി പാപ്പ

വത്തിക്കാൻ സിറ്റി: സ്വന്തം സംവിധാനങ്ങളിലും ഭവനങ്ങളിലും ദൈവാലയങ്ങളിലും പാരമ്പര്യങ്ങളിലും സൗകര്യപൂർവം ഒളിഞ്ഞിരിക്കാനുള്ള പ്രലോഭനമെന്ന അപകടത്തെക്കുറിച്ച് വിശ്വാസീസമൂഹത്തിന് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ. ക്രിസ്തുവിനെ ജീവിതംകൊണ്ട് സാക്ഷിക്കുന്നതിൽ ക്രൈസ്തവർ പരാജയപ്പെടരുതെന്നും പാപ്പ ഓർമിപ്പിച്ചു. യൂറോപ്പ്യൻ രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാൻ സമിതികളുടെ കൂട്ടായ്മയായ ‘കൗൺസിൽ ഓഫ് ബിഷപ്‌സ് കോൺഫറൻസ് ഓഫ് യൂറോപ്പി’ന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

ഹഗ്ഗായി പ്രവാചകന്റെ പുസ്തകം ഒന്നാം അധ്യായത്തിലെ വാക്കുകളിൽ ആവിഷ്‌കൃതമായ ധ്യാനിക്കുക, പുനർനിർമിക്കുക, കാണുക എന്നീ ത്രിവിധ ആഹ്വാനങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. ഈ വാക്കുകളെല്ലാം യൂറോപ്പിൽ ഇന്ന് വലിയ വെല്ലുവിളി ഉയർത്തുന്നതാണ്. നമുക്കു ചുറ്റും ദൈവാലയങ്ങൾ ശൂന്യമായിക്കൊണ്ടിരിക്കുകയും യേശു ഉപരിയുപരി വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ക്രൈസ്തവസമൂഹം സുരക്ഷിതത്വത്തിൽ മറഞ്ഞിരിക്കാനുള്ള പ്രലോഭനത്തിൽ അകപ്പെടുന്നു എന്നതാണ് അതിന് കാരണം.

ദൈവത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യാത്തവർ എത്രയേറെയാണെന്ന് നാം ധ്യാനിക്കണം. സമാധാനപരമായ വർത്തമാനകാലത്തിൽ കഴിയുന്നതിൽ ഒതുങ്ങി നിൽക്കാതെ ഭാവി കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യതയാണ് ‘പുനർനിർമിക്കുക’ എന്ന ക്രിയാപദത്തിലൂടെ പാപ്പ വിശദീകരിച്ചത്. യൂറോപ്യൻ പൊതുഭവന നിർമിതിക്ക് ഇത് ആവശ്യമാണ്.ഇത് സഭയ്ക്കും ബാധകമാണ്. സഭയെ മനോഹരിയും സ്വാഗതം ചെയ്യുന്നവളുമാക്കിത്തീർക്കണമെങ്കിൽ ഭൂതകാലം അയവിറക്കുകയല്ല, പ്രത്യുത, ഭാവിയിലേക്ക് ഒത്തൊരുമിച്ചു നോക്കുകയാണ് വേണ്ടത്.

അപരരുമായുള്ള ഐക്യത്തിലാണ് പുനർനിർമിതി സാധ്യമാകുക. ഇപ്രകാരം നാം പുനർനിർമിതിയിൽ ഏർപ്പെട്ടാൽ, മൂന്നാമത്തെ ക്രിയാപദമായ, ‘കാണുക’ എന്നത് പ്രായോഗികമാകും. യൂറോപ്പിൽ പലരും ഗതകാല ശേഷിപ്പായാണ് വിശ്വാസത്തെ കാണുന്നത്. സ്വജീവിതത്തിൽ പ്രവർത്തനനിരതനായിരിക്കുന്ന ക്രിസ്തുവിനെ കാണാൻ അവർക്ക് കഴിയുന്നില്ല എന്നതാണ് അതിന് കാരണം. സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുക്കാൻ നമുക്ക് കഴിയാതെപോകുന്നതാണ് ഇതിന് കാരണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

യൂറോപ്പ്യൻ രാജ്യങ്ങളിലെ മെത്രാൻ സമിതിയുടെ കൂട്ടായ്മയായ ‘കൗൺസിൽ ഓഫ് ബിഷപ്‌സ് കോൺഫറൻസ് ഓഫ് യൂറോപ്പ്’ 1971 മാർച്ചിലാണ് നിലവിൽവന്നത്. കൂട്ടായ്മയുടെ പ്രഥമ ഭരണഘടനയ്ക്ക് 1977 ജനുവരി 10ന് വിശുദ്ധ പോൾ ആറാമൻ പാപ്പയും നവീകരിച്ച ഭരണഘടനയ്ക്ക് 1995 ഡിസംബർ രണ്ടിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുമാണ് അംഗീകാരം നൽകിയത്. ഇറ്റാലിയൻ കർദിനാൾ ആഞ്ചെലൊ ബഞ്ഞാസ്‌കൊ അധ്യക്ഷനായ കൂട്ടായ്മയുടെ ആസ്ഥാനം സ്വിറ്റ്‌സർലൻഡിലെ സാൻ ഗാല്ലൊയാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?