Follow Us On

29

November

2021

Monday

കാണ്ടമാലില്‍ ക്രൈസ്തവര്‍ ഭീതിയില്‍; നാല് വീടുകള്‍ തകര്‍ത്തു

കാണ്ടമാലില്‍ ക്രൈസ്തവര്‍ ഭീതിയില്‍; നാല് വീടുകള്‍ തകര്‍ത്തു

ഭൂവനേശ്വര്‍: ഒഡീഷയിലെ കാണ്ടമാലില്‍ വീണ്ടും ക്രൈസ്തവ കുടുംബങ്ങള്‍ക്കു നേരെ ആക്രമണം.  സ്വതന്ത്ര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ അതിക്രമമെന്ന് വിശേഷിക്കപ്പെടുന്ന കാണ്ടമാല്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങി വരുന്നതിനിടയിലാണ് മതപീഡനത്തിന്റെ വാര്‍ത്തകള്‍ അവിടെനിന്നും വീണ്ടും ഉയരുന്നത്.  കാണ്ടമാല്‍ ജില്ലയിലെ ലടമില ഗ്രാമത്തിലാണ് നാല് ക്രൈ സ്തവ കുടുംബങ്ങള്‍ക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ഉണ്ടായത്. നാല് ക്രൈസ്തവ ഭവനങ്ങള്‍ അടിച്ചുതകര്‍ക്കുകയും അവരെ മര്‍ദിക്കുകയും വെള്ളമെടുക്കുന്നതു തടയുകയും ചെയ്തു. അതേ തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ വനത്തിലേക്കും രണ്ടു കുടുംബങ്ങള്‍ അടുത്ത ഗ്രാമത്തിലുള്ള ബന്ധു വീടുകളിലും അഭയം തേടിയിരിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തിയെങ്കിലും ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാതെ ആ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അക്രമകാരികള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു.
മതപീഡന കേസുകള്‍ക്ക് നിയമ സഹായം നല്‍കുന്ന കട്ടക്-ഭൂവനേശ്വര്‍ അതിരൂപതയിലെ ഫാ. ദിവ്യാസിങ് പരീഖയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. നാല് കുടുംബങ്ങള്‍ക്ക് ഗ്രാമത്തിലേക്ക് തിരികെ എത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നും വിശ്വാസത്തിന്റെ പേരില്‍ ഇപ്പോഴും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ഫാ. പരീഖ പറഞ്ഞു. മനുഷ്യത്വ വിരുദ്ധവും നാടിന് മുഴുവന്‍ അപമാനകരവുമായ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തവരുടെ പേരില്‍ നിയനടപടികള്‍ സ്വീകരിക്കണമെന്ന് കട്ടക്-ഭൂവനേശ്വര്‍ അതിരൂപതാധ്യക്ഷന്‍ ഡോ. ജോണ്‍ ബറുവ ആവശ്യപ്പെട്ടു.
2008 ലാണ് ബജ്‌റംഗദള്‍, വിഎച്ച്പി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കാണ്ടമാല്‍ കലാപം നടന്നത്. കലാപത്തില്‍ 100 ക്രൈസ്തവര്‍ വധിക്കപ്പെടുകയും 296 ദൈവാലയങ്ങളും 5,600 വീടുകളും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. കന്യാസ്ത്രീ ഉള്‍പ്പടെ സ്ത്രീകള്‍ കൂട്ട മാനഭംഗം ചെയ്യപ്പെട്ട സംഭവങ്ങളടക്കം 3232 പരാതികള്‍ ഉയര്‍ന്നതില്‍ 827 കേസുകള്‍ മാത്രമേ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഏതാണ്ട് 56,000 ആളുകള്‍ക്ക് നാടുവിടേണ്ടതായി വന്നിരുന്നു. വനാന്തരങ്ങളില്‍ ഒളിച്ചിരുന്നാണ് അനേകര്‍ ജീവന്‍ രക്ഷിച്ചത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?