Follow Us On

03

June

2023

Saturday

ജനസംഖ്യാ നയം ചൈന പൊളിച്ചെഴുതിയത് അറിഞ്ഞില്ലേ?

ജനസംഖ്യാ നയം ചൈന പൊളിച്ചെഴുതിയത്  അറിഞ്ഞില്ലേ?

അമേരിക്കയിലെ ലോസാഞ്ചലസില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ലോസാഞ്ചലസ് ടൈംസ് ദിനപത്രം ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ചൈനയിലെ ജനനനിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ബാര്‍ബറ ഡെമിക്ക് എന്ന ലോസാഞ്ചലസ് ടൈംസിന്റെ വനിതാ റിപ്പോര്‍ട്ടറായിരുന്നു അതിന്റെ പിന്നില്‍. ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അതില്‍ ഉണ്ടായിരുന്നു. അന്ന് ചൈനയില്‍ നിലനിന്നിരുന്നത് ഒറ്റക്കുട്ടി നയമായിരുന്നു. ആദ്യത്തേത് പെണ്‍കുട്ടിയാണെങ്കില്‍ മറ്റൊരു കുഞ്ഞിനുകൂടി ജന്മം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം ഉണ്ടായിരുന്നു. അതും ഗ്രാമപ്രദേശങ്ങളില്‍മാത്രം. അല്ലാതെ രണ്ടാമത് കുഞ്ഞ് ഉണ്ടാകുകയാണെങ്കില്‍ കനത്ത പിഴ നല്‍കണമായിരുന്നു. ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിത വന്ധീകരണത്തിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വലിയ അധികാരങ്ങളും ഉണ്ടായിരുന്നു.

ചൈനയിലെ ഉള്‍പ്രദേശങ്ങളില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി രഹസ്യമായി വളര്‍ത്തുന്ന മാതാപിതാക്കളെക്കുറിച്ചായിരുന്നു ലോസാഞ്ചലസ് ടൈംസിന്റെ റിപ്പോര്‍ട്ട്. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളെ ബലമായി അമ്മമാരുടെ കൈകളില്‍നിന്നും പിടിച്ചുകൊണ്ടുപോകുന്ന സംഭവങ്ങളായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന വിവരങ്ങള്‍. ഇനി ആ കുഞ്ഞിനെ വളര്‍ത്തണമെങ്കില്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത കനത്ത പിഴ നല്‍കേണ്ടതുണ്ടായിരുന്നു. അങ്ങനെയുള്ള കുഞ്ഞുങ്ങളെ അനാഥാലയങ്ങളിലേക്ക് കൊണ്ടുപോയിട്ട് ഏതെങ്കിലുമൊക്കെ വിദേശരാജ്യങ്ങളിലേക്ക് ദത്തു നല്‍കുകയായിരുന്നു പതിവ്. ചൈനയില്‍ ഇതൊരു ബിസിനസ് ആണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ചൈനീസ് ഗവണ്‍മെന്റ് ജനനനിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. ഇപ്പോഴത്തെ നിയമമനുസരിച്ച് മൂന്ന് കുട്ടികള്‍വരെയാകാം. മൂന്നാമത്തെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് പ്രസാവധി ഒരു മാസം നീട്ടി നല്‍കാനും ചൈനീസ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നു. ജനസംഖ്യ നിയന്ത്രിച്ചാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്ന വാദവുമായി ജനനത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഗവണ്‍മെന്റ് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കില്‍ അനൂകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ എന്തായിരിക്കും? എന്തായാലും ജനങ്ങളുടെ പ്രതിഷേധമല്ല. ഈ രീതിയില്‍ ജനനനിരക്ക് മുമ്പോട്ടുപോയാല്‍ സംഭവിക്കാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ഗവണ്‍മെന്റിന് മനസിലായി കഴിഞ്ഞു എന്നു വ്യക്തം. ജനസംഖ്യാനയം സമ്പത് വ്യവസ്ഥയെ തകിടംമറിക്കുമെന്ന തിരിച്ചറിവാണ് തീരുമാനത്തിലേക്ക് നയിച്ചത്. അതു തുറന്നുപറഞ്ഞാല്‍ ഇതുവരെയുള്ള വാദങ്ങള്‍ പൊളിയുമെന്നതിനാല്‍ മറ്റുചില രീതിയില്‍ അവതരിപ്പിക്കുന്നു എന്നുമാത്രം. ഇതു ചൈനക്കുമാത്രമല്ല, എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്.

ലോകത്തിലെ എണ്ണപ്പെട്ട മിക്ക കമ്പനികളുടെയും ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ചൈനയിലാണ്. കുറഞ്ഞ കൂലിയും മറ്റു അനുകൂല ഘടകങ്ങളുമാണ് കമ്പനികളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ കമ്പനികളില്‍ ജോലി ചെയ്യുന്നത് ചൈനക്കാരാണ്. ചൈനയുടെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. ഇപ്പോഴത്തെ രീതിയില്‍ ജനനനിരക്ക് മുമ്പോട്ടുപോകുകയാണെങ്കില്‍ സമീപ ഭാവിയില്‍ മനുഷ്യവിഭവശേഷയില്‍ വലിയ കുറവു സംഭവിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നയം മാറ്റം. ജപ്പാനടക്കമുള്ള രാജ്യങ്ങള്‍ ഈ ഭീഷണിയുടെ നടുവിലാണ്. കാനഡയില്‍ കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ ഗവണ്‍മെന്റ് ഗ്രാന്റ് അടക്കം വലിയ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ജനസംഖ്യ കുറച്ചുകൊണ്ടുവന്ന് സമ്പത്‌വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കമെന്ന തിയറി പരാജയപ്പെട്ടെന്ന് അതു നടപ്പിലാക്കിയ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണെന്ന് എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. ജനസംഖ്യയില്‍ യുവജനങ്ങളുടെ ഉയര്‍ന്നുനില്ക്കുന്ന ശതമാനമാണ് നമ്മുടെ രാജ്യത്തിന്റെ കരുത്ത്. കേരളത്തിന്റെ സമ്പത്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അയക്കുന്ന പണമാണ്. എന്നിട്ടും ജനസംഖ്യ കുറയ്ക്കണമെന്ന് സ്ഥിരം പറയുന്നതും നമ്മുടെ പൊതുരീതിയാണ്. ഇപ്പോള്‍ത്തന്നെ കേരളത്തിലെ സാധാരണ ജോലികള്‍ നിര്‍വഹിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അതിഥി തൊഴിലാളികളാണ്. കേരളത്തിലെ ജനനനിരക്കില്‍ വലിയ കുറവു സംഭവിച്ചിട്ടുണ്ട്. ഇങ്ങനെപോയാലുള്ള അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ അവരെ അവഹേളിക്കുന്നതാണ് നമ്മുടെ രീതി. ജനസംഖ്യ വര്‍ധിക്കുന്നതാണ് ഏറ്റവും വലിയ അപകടമെന്ന തെറ്റിദ്ധാരണ പലരുടെയും മനസുകളില്‍ നിറഞ്ഞുനില്ക്കുന്നതിനാലാണ് ഇങ്ങനെയുള്ള വാദങ്ങള്‍ ഉയരുന്നത്. കുഞ്ഞുങ്ങള്‍ രാജ്യത്തിന് ബാധ്യതയല്ല, സമ്പത്താണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?