Follow Us On

05

December

2023

Tuesday

സ്വാതന്ത്ര്യ സമരത്തില്‍ ക്രൈസ്തവര്‍ വഹിച്ച പങ്ക് മറയ്ക്കാനുള്ള ശ്രമം നടന്നു

സ്വാതന്ത്ര്യ സമരത്തില്‍  ക്രൈസ്തവര്‍ വഹിച്ച പങ്ക്  മറയ്ക്കാനുള്ള ശ്രമം നടന്നു

ചരിത്രത്തിനൊപ്പം ജീവിക്കുന്നൊരാള്‍ എന്നതായിരിക്കും ജോണ്‍ കച്ചിറമറ്റത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം. ചരിത്രം മനഃപൂര്‍വം വിസ്മരിച്ച നിരവധി മഹാന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചൊരാളാണ് ഇദ്ദേഹം. മണ്‍മറഞ്ഞുപോയ 650 പേരുടെ ജീവചരിത്രവും ജീവിച്ചിരിക്കുന്ന 412 പേരുടെ ജീവചരിത്രവും തയാറാക്കി എന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് ഈ ചരിത്രകാരന്‍. സഭയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ കൃത്യമായ മറുപടി നല്‍കുന്നതില്‍ എന്നും മുമ്പിലുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോഴും അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങളിലും നീതിനീഷേധങ്ങള്‍ക്കുമെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ മനുഷ്യസ്‌നേഹിയായ ഒരു ചരിത്രകാരന്‍കൂടിയാണ് ജോണ്‍ കച്ചിറമറ്റം. വിമോചനസമരം നടക്കുമ്പോള്‍ വളരെ ചെറുപ്പമായിരുന്നെങ്കിലും അതിലും പങ്കെടുത്തിട്ടുണ്ട്.
കൊട്ടിയൂര്‍, അമരാവതി സമരങ്ങള്‍ കേരളത്തിന്റെ കുടിയേറ്റ ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയവയാണ്. ഈ സമരങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ കുടിയേറ്റത്തിന്റെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു. ആ സമരങ്ങളില്‍ വളരെ സജീവമായ ഇടപെടലുകള്‍ നടത്തിയ ജോണ്‍ കച്ചിറമറ്റം സണ്‍ഡേ ശാലോമിനോട് മനസു തുറക്കുന്നു.

? ക്രൈസ്തവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും മറ്റുള്ള സമുദായങ്ങളാണ് പങ്കെടുത്തതെന്നുമുള്ള പ്രചാരണം വ്യാപകമായി നടന്നിരുന്നു. എന്താണ് അതിന്റെ സത്യാവസ്ഥ.

ഈ വിഷയത്തെപ്പറ്റി പഠിച്ചുകഴിഞ്ഞപ്പോള്‍ ക്രൈസ്തവരോളം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത മറ്റൊരു സമൂഹം കേരളത്തില്‍ ഇല്ലെന്ന ബോധ്യമായി. ക്രൈസ്തവരുടെ പങ്ക് മറച്ചുവയക്കാനാണ് പലരും ശ്രമിച്ചിട്ടുള്ളത്. പല സമുദായങ്ങളും രാജാക്കന്മാരെ പ്രകീര്‍ത്തിച്ചു നടന്നപ്പോള്‍ ക്രൈസ്തവര്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. ക്രൈസ്തവര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ ബോധപൂര്‍വം അഴിച്ചുവിട്ടതാണ്. ഇങ്ങനെയുള്ള ആരോപണങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് അതിന്റെ യാഥാര്‍ത്ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനായി ക്രൈസ്തവരും ദേശീയ പ്രസ്ഥാനങ്ങളും എന്ന ഗ്രന്ഥം രചിച്ചത്. 600 പേജുണ്ടായിരുന്ന ആ പുസ്തത്തിന് ഏറെ സ്വീകാര്യത ലഭിച്ചു. പല അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തു.

? തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യര്‍ക്ക് എതിരെ സമരം നടത്തിയ പലരും ഒളിവില്‍ കഴിഞ്ഞിരുന്നത് മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ തങ്കശേരിയില്‍ ആയിരുന്നല്ലോ. തങ്കശേരിയെ തിരുവിതാംകൂറിന്റെ കീഴിലാക്കി ആ പ്രക്ഷോഭങ്ങളെ പൊളിക്കാന്‍ ദിവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിട്ടത് ക്രൈസ്തവരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍, പിന്നീട് ഇക്കാര്യം തമസ്‌ക്കരിക്കപ്പെടുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചത്.

കൊല്ലം ജില്ലയിലെ തങ്കശേരി മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു. ആ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ സിപിയുടെ പോലീസിന് അധികാരം ഉണ്ടായിരുന്നില്ല. ദിവാന്‍ മദ്രാസ് ഗവണ്‍മെന്റുമായി ഒരു ധാരണയിലെത്തി. തങ്കശേരി തിരുവിതാംകൂറില്‍ ലയിപ്പിക്കണം എന്നാവശ്യപ്പെട്ടു. മദ്രാസ് ഗവണ്‍മെന്റിനും എതിര്‍പ്പില്ലായിരുന്നു. തീരുമാനം നടപ്പിലാകണമെങ്കില്‍ ബ്രിട്ടീഷുകാരുടെ അനുവാദം ആവശ്യമായിരുന്നു.
ഇതിനെതിരെ വൈസ്രോയിക്ക് നിവേദനം നല്‍കാന്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫും എംഎം വര്‍ക്കിയും പോയി. മദ്രാസിലെത്തി വൈസ്രോയിയെ കാണാനുള്ള അനുവാദത്തിനായി സെക്രട്ടറിക്ക് ഫോണ്‍ ചെയതു. സെക്രട്ടറി പറഞ്ഞത് ഒരു മാസം കഴിഞ്ഞാല്‍പ്പോലും കാണാന്‍ കഴിയില്ലെന്നായിരുന്നു. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് എന്നൊരാള്‍ വിളിച്ച വിവരം വൈസ്രോയിയെ അറിയിക്കാന്‍ അദ്ദേഹം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിറ്റേന്ന് കാണാന്‍ സമയം ലഭിച്ചു. വൈസ്രോയും ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫും ഒരുമിച്ച് ലണ്ടനില്‍ പഠിച്ചവരായിരുന്നു. തിരുവിതാംകൂറിലെ ക്രിസ്ത്യാനികളെ നശിപ്പിക്കാന്‍ കൂട്ടുനില്ക്കരുതെന്ന് അവര്‍ വൈസ്രോയിയോട് അഭ്യര്‍ത്ഥിച്ചു. മെമ്മോറാണ്ടം നല്‍കി. അങ്ങനെയൊരു തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പുവാങ്ങിയാണ് അവിടെനിന്നും അവര്‍ മടങ്ങിയത്. തങ്കശേരിയെ തിരുവിതാംകൂറില്‍ ലയിപ്പിക്കാനുള്ള സി.പി രാമസ്വാമി അയ്യരുടെ തീരുമാനം നടക്കാതെ പോയി. അങ്ങനെ നടന്നിരുന്നെങ്കില്‍ സി.പിക്ക് എതിരെയുള്ള പോരാട്ടങ്ങളെത്തന്നെ ഇല്ലാതാക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഇങ്ങനെ ഇടപെടലുകള്‍ നടത്തിയത് ക്രൈസ്തവരായിരുന്നു.

? വിമോചന സമരത്തില്‍ പങ്കെടുത്തിരുന്നതിന്റെഓര്‍മകള്‍ മനസിലുണ്ടോ.

എനിക്കന്ന് 20 വയസേ ഉള്ളൂ. പാലാ സെന്‍ട്രല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. അവിടെ ജോലി ചെയ്യുന്നവര്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. അതു ഗൗനിക്കാതെ രാത്രിയില്‍ നടന്ന രഹസ്യമായ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

? ഗാന്ധിജി അര്‍ദ്ധനഗ്നനായ ഫക്കീറിന്റെവേഷം ആദ്യമായി ധരിച്ചത് ഒരു ക്രൈസ്തവന്റെ വീട്ടില്‍വച്ചായിരുന്നു. ഇക്കാര്യം പൊതുസമൂഹത്തില്‍നിന്നും മറച്ചുപിടിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ.

തീര്‍ച്ചയായും, മധുരയില്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ വീട്ടില്‍വച്ചായിരുന്നു ആ സംഭവം ഉണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശിയായ അദ്ദേഹം കുറെക്കാലം ഗാന്ധിജി തുടങ്ങിയ യംഗ് ഇന്ത്യ പത്രത്തിന്റെ എഡിറ്റാറായിരുന്നു. ഗാന്ധിജിയുമായി അദ്ദേഹത്തിന് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും ഗാന്ധിജിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി വലിയ സ്‌നേഹം ഉണ്ടായിരുന്നു. ഒരിക്കല്‍ കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം ഗാന്ധിജി മധുര സന്ദര്‍ശിച്ചപ്പോള്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ വീട്ടിലെത്തി. ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി മാറിയ സി. രാജപോഗാലാചാരിയും ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്നു.
ഗാന്ധിജി വന്നു എന്നറിഞ്ഞ് അനേകര്‍ അദ്ദേഹത്തെ കാണാന്‍ ആ വീട്ടില്‍ തിങ്ങിക്കൂടി. പലരുടെയും വേഷം ഒറ്റമുണ്ട് മാത്രമായിരുന്നു. ഇതുകണ്ടപ്പോള്‍ ഗാന്ധിജി രാജഗോപാലാചാരിയോട് ചോദിച്ചു, ഇവര്‍ എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നത്. തണുത്തു വിറയ്ക്കുന്നുണ്ടല്ലോ. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരാണ് ഇവരെല്ലാം. ഇതില്‍ കൂടുതല്‍ വസ്ത്രം ധരിക്കാനുള്ള കഴിവ് അവര്‍ക്കില്ലെന്ന സത്യം രാജഗോപാലാചാരി ഗാന്ധിജിയോട് പറഞ്ഞു. ആ രാത്രിയില്‍ ഗാന്ധിജിക്ക് ഉറക്കംവന്നില്ല. നേരം വെളുത്തപ്പോള്‍ അര്‍ദ്ധനഗ്നായ ഫക്കീറിന്റെ വേഷം ധരിച്ചാണ് അദ്ദേഹം മുറിയില്‍ നിന്നും പുറത്തിറങ്ങിയത്. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ ജീവചരിത്രത്തില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

 

? കൊട്ടിയൂര്‍ സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയില്‍ ആ സമരത്തെക്കുറിച്ച് പങ്കുവയ്ക്കാമോ.

കത്തോലിക്ക കോണ്‍ഗ്രസിന്റെ സമ്മേളനം പേരാവൂരില്‍ നടന്നു. കര്‍ഷക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടണമെന്ന തീരുമാനം സമ്മേളനത്തില്‍ ഉണ്ടായി. കുടിയിറക്കിനെതിരെയുള്ള പ്രമേയങ്ങള്‍ പാസാക്കിയത് ആ സമ്മേളനത്തിലായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ എത്തിയ കുടിയേറ്റക്കാര്‍ ദേവസ്വത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന സ്ഥലം അതു നോക്കാന്‍ ഏല്പിച്ചവരില്‍നിന്നും വില നല്‍കി വാങ്ങി. എന്നാല്‍, കുറെ വര്‍ഷങ്ങള്‍ക്കുശേഷം ദേവസ്വം ആ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചു. മേല്‍നോട്ടം വഹിക്കാന്‍ ഏല്പിച്ചവര്‍ക്ക് വില്ക്കാന്‍ അധികാരം ഇല്ലെന്നായിരുന്നു അവരുടെ വാദം.
കര്‍ഷകരെ അവിടെനിന്നും കുടിയിറക്കണമെന്ന് അവര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ വീണ്ടും ഭൂമിക്ക് വില നല്‍കണം. പണം നല്‍കാന്‍ കുടിയേറ്റക്കാരുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. അവസാനം കര്‍ഷകരെ കുടിയിറക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. കര്‍ഷകര്‍ ശക്തമായി ചെറുത്തുനിന്നു. ബി. വെല്ലിംഗ്ടണ്‍ 21 ദിവസം നിരാഹാരമിരുന്നു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവും ഫാ. ജോസഫ് വടക്കനുമൊക്കെ സമരത്തിന് നേതൃത്വം നല്‍കി. കൊട്ടിയൂരില്‍നിന്നും 450 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചിരിച്ച് 46 ദിവസംകൊണ്ട് തിരുവനന്തപുരത്ത് എത്തി നിവേദനം നല്‍കിയിരുന്നു. അതിലും ഏതാനും ദിവസങ്ങള്‍ ഞാന്‍ പങ്കെടുത്തു. അവസാനം പ്രശ്‌നം പഠിക്കാന്‍ മാത്യു മണിയങ്ങാടന്‍ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ കണ്ടെത്തല്‍ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായിരുന്നു. അങ്ങനെ ആ ഭൂമി അവര്‍ക്ക് തിരിച്ചുകിട്ടി.

? പ്രശസ്തമായ കുണ്ടറ വിളംബരത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടില്‍ അങ്ങ് ഒരു പുസ്തകം എഴുതിയിട്ടുണ്ടല്ലോ. കുണ്ടറവിളംബരത്തെ എതിര്‍ക്കാനുള്ള കാരണം എന്താണ്.

കുണ്ടറ വിളംബരം എന്താണെന്ന് നന്നായി പഠിച്ചുകഴിഞ്ഞപ്പോള്‍ ബോധ്യമായത് അതു ബ്രിട്ടീഷുകാര്‍ക്ക് എതിരെയാണെങ്കിലും ക്രൈസ്തവരെ അപമാനിക്കുന്ന നിരവധി വസ്തുതകള്‍ അതിലുണ്ട് എന്നായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുകയാണെങ്കില്‍ ക്ഷേത്രങ്ങളില്‍ ക്രിസ്ത്യാനികള്‍ കുരിശുനാട്ടും. ബ്രാഹ്മണ സ്ത്രീകള്‍ വഴിപിഴയ്ക്കും തുടങ്ങി ക്രിസ്തീയ വിരുദ്ധതയാണ് അതില്‍ നിറഞ്ഞുനില്ക്കുന്നത്. ആ കാലത്ത് വിളംബരങ്ങള്‍ ഇറക്കാന്‍ മഹാരാജാക്കന്മാര്‍ക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളൂ. ദിവാനായിരുന്ന വേലുത്തമ്പി ദളവയ്ക്ക് അതിന് അധികാരംപോലും ഇല്ലായിരുന്നു.

? അമരാവതി കുടിയിറക്കു ഭൂമിയിലെ കാഴ് ചകള്‍ കരളയിലിക്കുന്നതായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്.

ഇടുക്കി അണക്കെട്ടിനുവേണ്ടി സ്ഥലം ഏറ്റെടുത്തിരുന്നു. അതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പ്രദേശത്തുനിന്നും ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു. 1961-ലായിരുന്നു ഈ സംഭവം. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് 25 രൂപയും വീടുവയ്ക്കാന്‍ മുളയും ഓലയും സൗജന്യമായി നല്‍കുമെന്നും ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തു. എന്നാല്‍, ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വന്‍ പോലീസ് സന്നാഹത്തോടെ അവിടെയുള്ളവരെ ബലമായി കുടിയൊഴിപ്പിച്ച് കുമളിക്ക് അടുത്തുള്ള യാതൊരു സൗകര്യവുമില്ലാത്ത അമരാവതിയിലാക്കി. ഒരു നഷ്ടപരിഹാരവും നല്‍കിയില്ല. ഇതിനെതിരെ ജനങ്ങള്‍ സമരം ആരംഭിച്ചു. കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി നിരഹാര സമരം നടത്തി.
ദയനീയത ഉളവാക്കുന്ന കാഴ്ചകളായിരുന്നു അമരാവതി സമരഭൂമിയില്‍ കണ്ടത്. ഭക്ഷണമോ മരുന്നോ ഒന്നുമില്ല. കോരിച്ചൊരിയുന്ന മഴക്കാലത്ത് പടുത വലിച്ചുകെട്ടിയതിനു അടിയിലാണ് പ്രസവിച്ചു കിടക്കുന്ന സ്ത്രീകളടക്കം കിടന്നിരുന്നത്. 300-ല്‍പരം കുട്ടികള്‍ ചര്‍ദിയും ഒഴിച്ചിലും പിടിപെട്ട് മരിക്കാറായി കിടക്കുന്നു. ഈ സമയത്താണ് ഞാനവിടെ എത്തുന്നത്. മനുഷ്യര്‍ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന വിവരം ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന കാവുകാട്ട് പിതാവിനെ അറിയിച്ചു. രണ്ട് ലോഡ് ഗോതമ്പും ഒരു ലോഡ് പാല്‍പ്പൊടിയും അദ്ദേഹം അവിടേക്ക് എത്തിച്ചു. അവസാനം ഗവണ്‍മെന്റ് കുടിയേറ്റക്കാര്‍ക്ക് കൃഷിയോഗ്യമായ ഭൂമി നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

? മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനും ഫാ. ജോസഫ് വടക്കനുമൊപ്പം സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടല്ലോ. അന്നത്തെ അനുഭവങ്ങള്‍.

കൊട്ടിയൂര്‍ സമരത്തില്‍ വള്ളോപ്പിള്ളി പിതാവും വടക്കനച്ചനും വെല്ലിംഗ്ടണുമൊക്കെ ചെയ്ത കാര്യങ്ങള്‍ ഇപ്പോഴും വലിയ ആദരവോടെയെ ഓര്‍ക്കാന്‍ കഴിയൂ. അവര്‍ സഹിച്ച ത്യാഗങ്ങള്‍ അത്രയും വലുതായിരുന്നു. 1988-ല്‍ കൊട്ടിയൂര്‍ കേളകത്ത് കശുവണ്ടി തൊഴിലാളി സമരം നടന്നു. വടക്കനച്ചന്‍ അവിടെയും എത്തി. സത്യാഗ്രഹത്തില്‍ പങ്കെടുത്തു. കേളകത്തുനടന്ന സമരത്തിലും ഞാന്‍ പങ്കെടുത്തിരുന്നു.

വിശുദ്ധ ജോണ്‍പോള്‍ മാര്‍പാപ്പയെ വത്തിക്കാനിലെത്തി കണ്ടതും അദ്ദേഹം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ സാധിച്ചതും ആ വിശുദ്ധനോടൊപ്പം ഒരുമിച്ചു ഫോട്ടോ എടുക്കാന്‍ സാധിച്ചതും ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മയാണ്. വത്തിക്കാനില്‍വച്ച് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു.

ക്രൈസ്തവരും ദേശീയ പ്രസ്ഥാനങ്ങളും, കേരള സഭാ രത്‌നങ്ങള്‍ (650 പേരുടെ ജീവചരിത്രം), കേരള സഭാ പ്രതിഭകള്‍ (412 പേരുടെ ജീവചരിത്രം). ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ജീവചരിത്രം, തച്ചില്‍ മാത്യു തരകന്‍ ജീവചരിത്രം, നിധീരിക്കല്‍ മാണിക്കത്തനാര്‍ ജീവചരിത്രം, നായര്‍ ഈഴവ ചരിത്രം, വിമോചന സമരം ഒരു ആമുഖം എന്നു തുടങ്ങി 68 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതോടൊപ്പം നിരവധി ലേഖനങ്ങളും. സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ ബഹുമതിയായ സഭാതാരം അവാര്‍ഡ്, കത്തോലിക്കാ കോണ്‍ഗ്രസിന്റെ ശതാബ്ദി അവാര്‍ഡ്, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സ്ഥാപകനായ കുഞ്ഞേട്ടന്റെ ഓര്‍മയ്ക്കായുള്ള നൂറ്റാണ്ടിന്റെ അല്മായ പ്രേഷിതന്‍ അവാര്‍ഡ്, ചങ്ങനാശേരി അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന ഷെവ. ഐ.സി ചാക്കോ മെമ്മോറിയല്‍ അവാര്‍ഡ് അടക്കം 43 അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, അരുവിത്തറ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിനാസ് ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി 30 വര്‍ഷം അധ്യാപകനായിരുന്നു. ഇതിനിടയില്‍ അവധി എടുത്ത് രാഷ്ട്ര ദീപിക ദിനപത്രത്തില്‍ ഡവലപ്‌മെന്റ് പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലാണ് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തിയത്. എട്ട് വര്‍ഷം കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസിഡന്റായും 15 വര്‍ഷം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ 84-ാം വയസിലും പ്രായത്തിന്റെ അവകശതകള്‍ മറന്ന് അദ്ദേഹം വളരെ സജീവമായി മുമ്പോട്ടുപോകുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോണ്‍ കച്ചിറമറ്റം ജര്‍മനി, അമേരിക്ക, കാനഡ, കുവൈറ്റ്, റോം എന്നീ വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മേരിയാണ് ഭാര്യ. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡറ്റായിരുന്ന ആന്‍സമ്മ സാബുവും ബിസിനസുകാരനായ സന്തോഷ് കച്ചിറമറ്റവും. പാലാ പിഴകിലാണ് താമസിക്കുന്നത്.
ക്രൈസ്തവരുടെ ഇടപെടലുകളെ മറച്ചുവയ്ക്കാനും നേതാക്കന്മാരെ തേജോവധം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. തെറ്റായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിലെ തെറ്റുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ക്രൈസ്തവര്‍ക്ക് കഴിയാതെ പോയിട്ടുണ്ട്. ക്രൈസ്തവരെപ്പറ്റി എന്ത് ആക്ഷേപം പറഞ്ഞാലും അതു ശരിയാണെന്ന ചിന്ത സമൂഹത്തില്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍ ചരിത്രം പഠിക്കാനും പഠിപ്പിക്കാനും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന അഭിപ്രായക്കാരനാണ് ജോണ്‍ കച്ചിറമറ്റം എന്ന ചരിത്രകാരന്‍.

ജോസഫ് മൈക്കിള്‍

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?