Follow Us On

19

April

2024

Friday

ആണ്‍പിള്ളേര്‍ക്ക് എന്ത് പറ്റി?

ആണ്‍പിള്ളേര്‍ക്ക് എന്ത് പറ്റി?

ഹയര്‍ സെക്കന്ററിയില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ ആത്മഗതമായി ചോദിച്ചു, ”നമ്മുടെ ആണ്‍കുട്ടികള്‍ക്ക് എന്ത് പറ്റി?” കാരണം ക്ലാസുകളില്‍ അവര്‍ അലസന്മാരും നിര്‍ഗുണന്മാരുമായി കഴിഞ്ഞിരിക്കുന്നു. പെണ്‍കുട്ടികളാണ് സ്മാര്‍ട്ട്. ലീഡര്‍ ആകാനും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനും ഓടിച്ചാടിനടക്കാനും എന്തിനും മുന്നോട്ട് ഇറങ്ങുവാനും പെണ്‍കുട്ടികള്‍ ഉഷാറാണ്. ആണ്‍കുട്ടികള്‍ എല്ലാത്തിലുംനിന്ന് പിന്‍വലിയുകയാണ്. അവര്‍ ആരോടും അധികം മിണ്ടില്ല. ക്ലാസുകളില്‍പോലും ചത്തുമലച്ച കണ്ണുകളുമായി വെറുതെ ഇരിക്കും. ഒരു ചോദ്യവുമില്ല, സംശയങ്ങളുമില്ല. ഇടവേളകളില്‍ മൊബൈലില്‍ തോണ്ടി നടക്കും.
കോളേജ് അധ്യാപകന്‍ ഇത്തിരി കൂടി കടന്നു പറഞ്ഞു – കുട്ടികള്‍ കൂവുന്നത് കേള്‍ക്കാന്‍ കൊതി തോന്നുകയാണ്. ഉഴപ്പില്ല, ബഹളമില്ല; ഒരുതരം നിസംഗത കാമ്പസുകളില്‍ പടര്‍ന്നുകയറുന്നു. കോളജ് ഇലക്ഷന്‍ വരുന്ന കുറച്ച് ദിനങ്ങളില്‍ സ്വല്പം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നേക്കാം. അല്ലാതെ കാമ്പസിന്റെ ബഹളവും സമരവും ഒച്ചപ്പാടുകളും ഒന്നുമില്ല. രാജ്യത്തെയും ജനജീവിതത്തെയും ബാധിക്കുന്ന എത്രയോ സംഭവങ്ങള്‍ നാട്ടില്‍ നടക്കുന്നു …… പ്രധിഷേധങ്ങളില്ല. കളികളിലും താത്പര്യമില്ല. ശ്മശാനത്തിന്റെ മരവിപ്പ്.

വീടുകളിലും ഇതുതന്നെ സ്ഥിതി. എതിര്‍ക്കുന്ന, ബഹളം വെക്കുന്ന കൗമാരക്കാരനെ കാണാതായിരിക്കുന്നു. ആണ്‍കുട്ടികള്‍ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്മാരായി’ മാറിയിരിക്കുന്നു. പഠിക്കാന്‍ പറഞ്ഞാല്‍ പഠിക്കും, കുരിശുവരക്കാന്‍ പറഞ്ഞാല്‍ വെറുതെ ആയാലും ഇരിക്കും, പള്ളിയില്‍ പോയി ലൈനായി നില്‍ക്കും. പക്ഷെ, ഒന്നും ഉള്ളില്‍നിന്ന് വരുന്നതല്ല. അവന്റെ സ്വകാര്യ ലോകം ചുരുക്കം ചില കൂട്ടുകാരിലേക്ക് ചുരുങ്ങിയിരിക്കുന്നു. അവര്‍ പറയുന്നതെന്തും കേള്‍ക്കും. അവര്‍ക്ക് വേണ്ടി എന്തും ചെയ്യും. മൊബൈല്‍ ഫോണിലെ മുഴുവന്‍ കാര്യങ്ങളും അവന് അറിയാം. അതിന്റെ നല്ലതും മോശവുമായ മുഴുവന്‍ സാധ്യതകളും അവന്‍ ഉപയോഗിക്കും.
പേടിക്കണം ഈ മൗനത്തെ

സ്ത്രീക്കും പുരുഷനും പ്രകൃതിപരമായ സ്വഭാവ പ്രത്യേകതകള്‍ ഉണ്ട്. ഓരോരുത്തരും ജന്മസാക്ഷാത്കാരം നേടേണ്ടത് ആ പ്രത്യേകതകളിലൂടെ നടന്നും വളര്‍ന്നും പുഷ്പിച്ചുമാണ്. ഈ വ്യത്യസ്തതയാണ് അവരുടെ മഹത്വം. അതിനാലാണ് മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുവെന്ന് ബൈബിള്‍ വ്യക്തമായി കുറിച്ചത് (ഉല്‍പത്തി 2:27). ആ പ്രത്യേകതകളാല്‍ രൂപപ്പെടുന്ന തനിമ നിലനിര്‍ത്തണം, അത് വെച്ചുമാറരുത് എന്ന് സൂചിപ്പിക്കാനാണ്. സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ കര്‍ത്താവിന് നിന്ദ്യരാണ് (നിയമാവര്‍ത്തനം 22:5) എന്ന് ബൈബിള്‍ കുറിച്ചുവച്ചത്.
പുറമെ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് മാത്രമാണ് ഈ വചനമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഉള്‍ഭാവങ്ങളില്‍ വെച്ചുമാറല്‍ നടക്കരുത്. പുരുഷന്‍ പുരുഷനായും സ്ത്രീ സ്ത്രീയായും ജീവിക്കണം. വസ്ത്രത്തില്‍ മാത്രമല്ല, സംസാരത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തന ശൈലിയിലും ഈ വ്യത്യസ്തത സൂക്ഷിക്കണം. ഇന്ന് ആണ്‍കുട്ടികള്‍ ഒരുകാലത്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞ പെണ്‍കുട്ടികളെപ്പോലെയായി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെയും മാറിക്കഴിഞ്ഞിരിക്കുന്നു. ഇത് അപകടമാണ്.

പെണ്‍കുട്ടികള്‍ക്ക് ശരീരത്തിലും പ്രവര്‍ത്തനങ്ങളിലും മറ്റുള്ളവരെ ആകര്‍ഷിക്കാനാകുന്ന മാസ്മരികത പ്രകൃതിഭാവമാണ്. കൗമാര യവ്വന കാലഘട്ടത്തില്‍ ഇത് സ്പഷ്ടമാകും. ആ സമയത്ത് അവള്‍ ശ്രദ്ധാകേന്ദ്രമായി മാറുകയും ആണ്‍കുട്ടികള്‍ ശ്രദ്ധാമേഖലയുടെ ബഹിര്‍സ്ഥലങ്ങളിലേക്ക് തള്ളിമാറ്റപ്പെടുകയും ചെയ്യും. ആ ഉള്‍വലിയല്‍ അവനില്‍ വളര്‍ത്തുന്ന അപകര്‍ഷതാബോധമാണ് ഈ ഒളിച്ചോട്ടത്തിന് കാരണമെന്ന് ഞാന്‍ വിചാരിക്കുന്നു. അവന്റെ ആകര്‍ഷണീയത രൂപപ്പെട്ട് വരുന്നത് ഇരുപതുകള്‍ക്ക് ശേഷമാണ്.
കുരുത്തക്കേട് ഒന്നും കാണിക്കാതെ അടങ്ങിയൊതുങ്ങി കഴിയുന്ന ‘നല്ല മോന്റെ’ ചിത്രം അമ്മമാര്‍ ആവര്‍ത്തിച്ച് പറഞ്ഞ് ആണ്‍കുട്ടികളെ മന്ദബുദ്ധികളാക്കരുത്. ആണ്‍ജന്മത്തിന്റെ തനതായ കുസൃതികളും കുരുത്തക്കേടുകളും അവന്‍ കാണിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഭയപ്പെടുകയാണ് വേണ്ടത്. പൊട്ടാത്ത പടക്കങ്ങള്‍ അപകടകരമാണ്. മിണ്ടാപ്പൂച്ചകളെ വാര്‍ത്തെടുക്കരുത്. നാളെ ഒത്തിരി കലങ്ങള്‍ ഉടഞ്ഞ് പോയേക്കാം. ശിക്ഷണവും ഉപദേശവും അച്ചടക്കവും തീര്‍ച്ചയായും ആവശ്യമാണ്. എന്നാല്‍ അത് കൃത്യമായ തൂക്കവും അളവുമുള്ള കമ്പനിയുടെ ഉത്പന്നങ്ങളായി ആണ്‍ജന്മത്തെ മാറ്റാനാകരുത്.
ജോലി സാധ്യതകളിലും, വിവാഹ കമ്പോളത്തിലും താന്‍ പുറന്തള്ളപ്പെടുമെന്നും ആണ്‍കുട്ടികള്‍ പേടിക്കുന്നുണ്ടെന്ന് തോന്നുന്നു. നല്ല ജോലി ഇല്ലാത്തതിനാല്‍ വിവാഹം നടക്കാത്ത അനവധി മുതിര്‍ന്നവരുടെ ദീന മുഖങ്ങള്‍ കൗമാരക്കാരന്‍ കാണുന്നുണ്ടല്ലോ. നല്ല ജോലിയും സ്ഥാനവും പണവും നേടിയെടുക്കുവാന്‍ തനിക്ക് സാധിക്കില്ല എന്ന ചിന്ത അവന്റെ മനസില്‍ നിറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ അവന്‍ യുദ്ധത്തില്‍ തോറ്റവന്റെ, നിസഹായന്റെ മൂടുപടം അണിയുകയായി. ഇത് തിരുത്തണം. മോനേ, നീ മിടുക്കനാണ്, നീയാണ് സമൂഹത്തെ നയിക്കേണ്ടത്. ഉള്ളിലെ ഊര്‍ജ്ജംകൊണ്ട് ചുറ്റുമുള്ളവയെ പ്രകാശമാനമാക്കുവാന്‍ നിനക്ക് സാധിക്കുമെന്ന് നാം ആണ്‍മക്കളോട് നിരന്തരം പറയണം. ‘ബേട്ടി ബച്ചാവേ’ എന്നല്ല ഇന്ന് മുദ്രാവാക്യം വിളിക്കേണ്ടത്, ‘ബേട്ടാ ബച്ചാവേ’ എന്നാണ്.
”കയറി വാടാ മക്കളെ ……….. അടിച്ച് പൊളിക്കടാ മോനേ.”

ഫാ. മാത്യു ആശാരിപറമ്പില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?