Follow Us On

19

April

2024

Friday

അനുസരിക്കേണ്ടാത്ത നിയമങ്ങളുണ്ടോ?

അനുസരിക്കേണ്ടാത്ത  നിയമങ്ങളുണ്ടോ?

സിനിമകളിലെ മുട്ടാളന്മാരായ പോലീസുകാര്‍ കേസുകള്‍ ഒതുക്കുന്നതിനായി സാക്ഷികളെ ഭീക്ഷണിപ്പെടുത്തുന്ന രംഗങ്ങള്‍ക്ക് പൊതുസ്വഭാവമുണ്ട്. കണ്ണുരുട്ടി കൈചൂണ്ടി ഭയപ്പെടുത്തുന്ന രീതിയില്‍ കനത്ത ശബ്ദത്തില്‍ ഒരു ചോദ്യമുണ്ട്. ”നീ കണ്ടതാണോ? കോടതി കയറിയിറങ്ങി ജീവിതം തീരും.” അതു കേള്‍ക്കുമ്പോള്‍ പലരും ജീവനുംകൊണ്ട് സ്ഥലംവിടും. സിനിമാക്കഥയാണെങ്കിലും യാഥാര്‍ത്ഥ്യവുമായി ഇതിന് ബന്ധമുണ്ട്. കേസുകള്‍ അനന്തമായി നീളുന്നത് നമ്മുടെ രാജ്യത്തെ രീതിയാണ്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം അമേരിക്കയില്‍നിന്നും കേട്ട ഒരു വാര്‍ത്തയാണ്. കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് ഉത്തരവാദിയായ മുന്‍ പോലീസ് ഓഫീസര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ആ വിധി വന്നിട്ട് നാല് മാസത്തോളമായി. 2020 മെയ് 25-ന് നടന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ അവിടുത്തെ കോടതിക്ക് ഒരു വര്‍ഷംപോലും വേണ്ടിവന്നില്ല. ജോര്‍ജ് ഫ്‌ളോയിഡിനെ റോഡില്‍ കമിഴ്ത്തികിടത്തിയിട്ട് പോലീസുകാരന്‍ കഴുത്തില്‍ കയറിയിരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ശ്വാസം ലഭിക്കാതെയായിരുന്നു മരണം. ലോകം മുഴുവന്‍ വംശീയതക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തിയ ഒന്നായിരുന്നു ഈ സംഭവം.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ ദിവസങ്ങളോളം ചര്‍ച്ചചെയ്യപ്പെട്ട പോലീസുകാര്‍ പ്രതികളായ എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നുമാത്രമല്ല, സസ്‌പെന്‍ഡു ചെയ്യപ്പെട്ട എല്ലാവരും തന്നെ തിരികെ ജോലിയില്‍ കയറിയിട്ടുമുണ്ടാകും. മാധ്യമവാര്‍ത്തകള്‍ വരുമ്പോള്‍ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമാണ് സസ്‌പെന്‍ഷന്‍ കലാപരിപാടികള്‍തന്നെ. ചര്‍ച്ചകളുടെ കാലം കഴിയുമ്പോള്‍ രഹസ്യമായി അവരെ തിരിച്ചെടുക്കും. സ്ഥലംമാറ്റത്തില്‍ ഒതുക്കാനായിരിക്കും ആദ്യം നോക്കുന്നത്. സ്ഥലംമാറ്റംപോലും പലപ്പോഴും അവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ആയിരിക്കും. പോലീസ് ഉദ്യോഗസ്ഥന്മാര്‍ പ്രതികളായ കേസുകളില്‍ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കാനായിരിക്കും ആദ്യം മുതല്‍ ശ്രമിക്കുക. കാരണം, ഇരകളോ അവരുടെ ബന്ധുക്കളോ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ ചിലപ്പോള്‍ പ്രശ്‌നം വഷളാകുമെന്ന് അവര്‍ക്കറിയാം. തെളിവുകളില്ലെങ്കില്‍ കോടതികളില്‍നിന്നും പ്രതികളെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് പോലീസുകാര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
കേസുകള്‍ അനന്തമായി നീണ്ടുപോകുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ പൊതുസ്വഭാവമായി മാറിയിക്കഴിഞ്ഞിരിക്കുന്നു. കേസുകള്‍ നീളുംതോറും സാക്ഷികള്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യതയും കൂടുകയാണ്. ഒരു മനുഷ്യന്റെ 30-കളിലെ ചിന്താഗതി ആയിരിക്കില്ല 40-കളില്‍ എത്തുമ്പോള്‍. സാക്ഷികളുടെ പ്രായംപോലും നിലപാടുകളില്‍ സ്വാധീനം ചെലുത്തും. നീതിനിഷേധങ്ങള്‍ ആളുകള്‍ സഹിക്കാന്‍ തയാറാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വൈകികിട്ടുന്ന നീതിയാണ്.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയരുന്നത് പോലീസിന്റെ വാഹനപരിശോധനകളുമായി ബന്ധപ്പെട്ടായിരിക്കും. അന്യായമായിട്ടാണ് പലപ്പോഴും പിഴ ചുമത്തുന്നത്. നിയമപരമായിട്ട് നിലനില്ക്കാത്തതാണ് പോലീസ് ചുമത്തുന്ന പല പിഴകളുമെന്ന് അറിയുമ്പോള്‍ത്തന്നെ അത് നല്‍കാന്‍ തയാറാകുന്നതിന്റെ കാരണം-അതിനെതിരെ കോടതിയില്‍ പോയാല്‍ പണനഷ്ടം മാത്രമല്ല സമയനഷ്ടവും ഉണ്ടാകും. ആ ദിവസങ്ങളിലെ വേതനം കണക്കുകൂട്ടിയാല്‍ അപ്പോഴും ലാഭം അന്യായമായ പിഴ അടയ്ക്കുകയാണെന്ന പ്രായോഗികതയിലേക്ക് മനുഷ്യന്‍ എത്തും. അതിനവരെ കുറ്റം പറയാന്‍ കഴിയില്ല.
നിയമം കൃത്യമായി പാലിക്കപ്പെടണമെന്ന ബോധ്യം സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞിട്ടില്ല. വാഹനങ്ങളുടെ സ്പീഡുപോലും പാലിക്കപ്പെടുന്നത് അവിടെ ക്യാമറകളോ പോലീസിന്റെ സാന്നിധ്യമോ ഉള്ളപ്പോഴായിരിക്കും. അതൊരു രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ പ്രധാന ഉത്തരവാദികള്‍ നിയമം നടപ്പിലാക്കേണ്ടവര്‍ സ്വീകരിക്കുന്ന നിലപാടുകളാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനം നടത്തുന്നവരുടെ ഗണത്തിലായിരിക്കും പോലീസ്. മന്ത്രിമാരുടെ വാഹനങ്ങള്‍ സിഗ്നല്‍ ലഭിക്കുന്നതും കാത്ത് ട്രാഫിക് ലൈറ്റിന് മുമ്പില്‍ കിടക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെയൊരു കാഴ്ച നമ്മുടെ നാട്ടില്‍ ഏതായാലും പതിവല്ല. അവര്‍ എത്തുന്നതിനുമുമ്പ് മുഴുവന്‍ നിയമങ്ങളും ലംഘിച്ചുകൊണ്ട് പോലീസ് വഴിയൊരുക്കിയിട്ടുണ്ടാകും. അതിന്റെ ഫലമായി ആംബുലന്‍സുകളടക്കം വഴിയില്‍ കുടുങ്ങും. സെക്കന്റുകള്‍ക്കുപോലും ജീവന്റെ വിലയുള്ള സന്ദര്‍ഭങ്ങളാണ് അതെന്ന് ഓര്‍ക്കണം. ആ ട്രാഫിക് ബ്ലോക്ക് മാറാന്‍ മണിക്കൂറുകള്‍ വേണ്ടിവരും.
ചില രാജ്യങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ ആ രാജ്യത്തെ ജനങ്ങള്‍ പുലര്‍ത്തുന്ന പൗരബോധവും നിയമങ്ങള്‍ പാലിക്കുന്നതിലെ കൃത്യതയുമൊക്കെ വലിയ മതിപ്പോടെ ആളുകള്‍ എടുത്തുപറയാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അതൊരു സംസ്‌കാരമാണ്. പുതിയ തലമുറ കാണുന്നതും ശീലിക്കുന്നതും അതുതന്നെയാണ്. യഥാര്‍ത്ഥത്തില്‍ നീതിനിഷേധങ്ങളും അന്യായമായ കുറ്റംചുമത്തലുകളുമൊക്കെ നിയമങ്ങളോടുള്ള ആദരവ് ഇല്ലാതാക്കുകയാണ്. മറ്റുള്ളവര്‍ നിയമം അനുസരിക്കാത്തതിനാല്‍ ഞാനും അങ്ങനെ ചെയ്യുന്നു എന്നത് പൗരബോധവും രാജ്യസ്‌നേഹവും ഉള്ള ആര്‍ക്കും പറയാന്‍ കഴിയുന്ന ന്യായീകരണമല്ല. ആരും നിയമം പാലിച്ചില്ലെങ്കിലും ഞാന്‍ അനുസരിക്കുമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിയണം. അത്തരമൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ചിലസമയങ്ങളില്‍ അതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടേക്കാം. അതൊരു അംഗീകാരമായി കാണാന്‍ കഴിയണം. നിയമം ദുരുപയോഗം ചെയ്യപ്പെടുകയും സ്വാധീനമുള്ളവര്‍ക്കായി വളച്ചൊടിക്കപ്പെടുകയും ചെയ്യുമ്പോള്‍ അവഹേളിക്കപ്പെടുന്നത് നിയമവും നിയമസംവിധാനങ്ങളുമാണ്.

 

ജോസഫ് മൂലയില്‍

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?