Follow Us On

21

October

2021

Thursday

ഉന്മേഷഭരിതമായി വീണ്ടും ഉണരുന്ന വത്തിക്കാന്‍ നഗരി

ഉന്മേഷഭരിതമായി വീണ്ടും  ഉണരുന്ന വത്തിക്കാന്‍ നഗരി

കത്തോലിക്കാ സഭയുടെ ആസ്ഥാനം എന്ന വിശേഷണം പേറുന്ന വത്തിക്കാനിലും ലോകത്തിലെ മറ്റെവിടെയുമെന്നപോലെ കോവിഡ് മഹാമാരി സൃഷ്ടിച്ചത് വലിയ നിശ്ചലാവസ്ഥയായിരുന്നു. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണെങ്കില്‍ക്കൂടിയും ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന ഈ സുന്ദരഭൂപ്രദേശത്തും ആളും ആരവവും ഒഴിഞ്ഞ ദിനങ്ങളുണ്ടാവുമെന്നാരറിഞ്ഞിരുന്നു. എല്ലാം പതിയെ പൂര്‍വസ്ഥിതിയിലേക്കെത്തിത്തുടങ്ങുകയാണ്. ഇപ്പോഴുമുണ്ട് ഏറെ സുരക്ഷാക്രമീകരണങ്ങള്‍. എങ്കിലും കത്തോലിക്കാ സഭയുടെ പരിശുദ്ധ ചൈതന്യം അതിന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊള്ളുന്ന ഈ പുണ്യഭൂമി ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളെല്ലാം പ്രകടിപ്പിക്കുന്നതില്‍ ഒരിക്കലും ഒരു ഭംഗവും വരുത്തിയിട്ടില്ല. വത്തിക്കാനില്‍ എവിടെയും എപ്പോഴും വിളങ്ങിനില്‍ക്കുന്നത് കത്തോലിക്കാ സഭയുടെ സാര്‍വത്രികഭാവമാണ്. തിരുസഭയോട് ചേര്‍ത്തുവയ്ക്കപ്പെട്ടിരിക്കുന്ന ‘കത്തോലിക്കാ’ എന്ന വിശേഷണത്തിന്റെ അര്‍ത്ഥം മറ്റൊന്നുമല്ലല്ലോ.
എല്ലാവരുടെയും പുണ്യഭൂമി
കത്തോലിക്കാ സഭയുടെ സാര്‍വ്വത്രികഭാവത്തെ പ്രതിനിദാനം ചെയ്യുന്ന രീതിയിലാണ് വത്തിക്കാനിലെ സവിശേഷമായ വിശുദ്ധ പത്രോസിന്റെ ദൈവാലയവും ചത്വരവുമെല്ലാം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു തള്ളക്കോഴി തന്റെ കുഞ്ഞോമനകളെ കരവലയത്തിലേക്ക് സ്വീകരിക്കുവാനായി ചിറകുകള്‍ തുറന്നു പിടിക്കുന്നതുപോലെ. ഇത് ലൂക്കാ സുവിശേഷത്തിലുള്ള ധൂര്‍ത്തപുത്രന്റെ ഉപമയിലെ കരുണ നിറഞ്ഞ ആ നല്ല പിതാവിന്റെ സ്മരണയുണര്‍ത്തുന്നു. തന്നെ ഉപേക്ഷിക്കുകയും തന്റെ സ്വത്ത് നശിപ്പിക്കുകയും ചെയ്തിട്ടും ധൂര്‍ത്തപുത്രനെ വാരിപ്പുണരാനായി നീട്ടിയ ആ സ്‌നേഹകരങ്ങളെ (ലൂക്കാ 15) ആര്‍ക്ക് മറക്കാനാകും. തിരുസഭയുടെ സാര്‍വ്വത്രികഭാവത്തിന്റെ അടിസ്ഥാനം ഈശോ ഉപമകളിലൂടെയും അടയാളങ്ങളിലൂടെയും വെളിപ്പെടുത്തിയ ത്രിതൈ്വക ദൈവമല്ലാതെ മറ്റാരാണ്. അതിനാല്‍തന്നെയും കത്തോലിക്കാ സഭയുടെ ഈറ്റില്ലമായ വത്തിക്കാന്‍ നഗരി മാര്‍പാപ്പയുടെയോ റോമന്‍ ജനതയുടെയോ മാത്രം ഭവനമല്ല. അങ്ങനെ ആയിരുന്നിട്ടില്ലതാനും. എപ്പോഴും എല്ലാ സമയത്തും എല്ലാവരുടേതുമായി നിലകൊള്ളുന്ന പുണ്യഭൂമി. കടന്നുവരുന്നവര്‍ ആരായാലും – പുരുഷനോ സ്ത്രീയോ ധനികനോ ദരിദ്രനോ പാശ്ചാത്യനോ പൗരസ്ത്യനോ ആരുമായിക്കൊള്ളട്ടെ, എല്ലാവരും ഇവിടെ ഒരുപോലെ സ്വാഗതം ചെയ്യപ്പെടുന്നു. ഈ സാര്‍വ്വത്രികതകൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ജനമനസുകളില്‍ വലിയൊരിടം സ്വന്തമാക്കുന്നത്.
വിശുദ്ധ പത്രോസിന്റെ ദൈവാലയത്തെക്കുറിച്ചും പരിശുദ്ധ പിതാവിനെക്കുറിച്ചും പ്രതിപാദിക്കാതെയുള്ള ഒരു രചന വത്തിക്കാനെ സംബന്ധിച്ചിടത്തോളം അപൂര്‍ണമാണ്. ആരെയും ആകര്‍ഷിക്കുവാനുള്ള വിശേഷപ്പെട്ട സൗകുമാരികത ഏറെ പ്രശസ്തമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദൈവാലയത്തിനുണ്ട്. പറഞ്ഞറിയിക്കാനാകാത്തവിധത്തിലുള്ള ശാന്തതയും പരിശുദ്ധിയുമാണ് അവിടേക്ക് പ്രവേശിക്കുമ്പോള്‍ അനുഭവവേദ്യമാകുക. അതിവിശിഷ്ടമായ ചിത്രപ്പണികളും സുന്ദരങ്ങളായ തിരുസ്വരൂപങ്ങളുമെല്ലാം നമ്മുടെ ഹൃദയത്തെ നാമറിയാതെതന്നെ സ്വര്‍ഗത്തിലേക്കുയര്‍ത്തുന്നു. പഴയനിയമത്തിലെ പുറപ്പാടു പുസ്തകത്തില്‍ സമാഗമകൂടാരനിര്‍മാണത്തിനായി ദൈവത്താല്‍ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ‘ബസാലേലിനെ’ ഈ മനോഹരസൃഷ്ടികള്‍ അനുസ്മരിപ്പിക്കുന്നു.
വിവിധ ഭാഷകളിലുള്ള കുമ്പസാരക്കൂടുകള്‍ ഇവിടുത്തെ സാര്‍വ്വത്രികതയ്ക്കുള്ള മറ്റൊരുദാഹരണമാണ്. ഏത് ദിവസം ചെന്നാലും പ്രാര്‍ത്ഥിക്കുവാന്‍ ചെറുചാപ്പലുകളും കുമ്പസാരിക്കാന്‍ കുമ്പസാരക്കൂടുകളും ഇവിടെ സജ്ജമാണ്. ദൈവാലയത്തിന്റെ വലതുവശത്തുള്ള ആദ്യത്തെ കുമ്പസാരക്കൂടുതന്നെ മലയാളഭാഷയിലുള്ളതാണ്. അനുദിനം നടക്കുന്ന ദിവ്യബലികളിലും നിത്യാരാധനയിലും ജപമാലപ്രാര്‍ത്ഥനയിലും മറ്റുമെല്ലാം ഈ പ്രതിസന്ധികളിലും അനേകര്‍ പങ്കെടുക്കുന്നു.
കുടിയേറ്റക്കാരുടെ നൗക
ഇതിനെല്ലാം ഉപരിയായി ദൈവം തിരുസഭയ്ക്ക് നല്‍കിയ ഒരനുഗ്രഹമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിലകൊള്ളുന്നു. എപ്പോഴും മനോഹരമായ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടാകും. അത് അനേകര്‍ക്ക് വലിയൊരാശ്വാസമാണ്.
ഏറെ നാളുകളായില്ല വത്തിക്കാന്‍ ചത്വരത്തിന്റെ വലതുഭാഗത്തുള്ള കുടിയേറ്റക്കാരാല്‍ നിറഞ്ഞുകവിഞ്ഞ ഒരു നൗകയുടെ ശില്പം സ്ഥാപിതമായിട്ട്. ഒത്തിരിയേറെപ്പേര്‍ കുടിയേറ്റത്തിനെതിരെ നിലകൊണ്ടപ്പോഴും വത്തിക്കാനത് കഴിയുമായിരുന്നില്ല. അങ്ങനെയല്ലല്ലോ ഈശോ പുതിയ പ്രമാണത്തിലൂടെ തന്റെ മണവാട്ടിയായ തിരുസഭയെ പഠിപ്പിച്ചത്. ”നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍…” (യോഹ. 13:35). വത്തിക്കാനില്‍ എപ്പോഴും സന്ദര്‍ശനം നടത്തിയാലും ചത്വരത്തിന്റെ വലതുവശത്ത് തലചായ്ക്കുവാനൊരിടം കണ്ടെത്തിയിരിക്കുന്ന അശരണരും നിരാലംബരുമായ നിരവധിപേരെ കണ്ടെത്താനാകും. ചില്ലറ സഹായങ്ങളല്ല അവരെ തേടിയെത്താറുള്ളത്.
വത്തിക്കാനിലെ ദൈവാലയങ്ങളിലും പ്രാര്‍ത്ഥനാ മന്ദിരങ്ങളിലുമെല്ലാം ലോകജനതയ്ക്ക് മുഴുവനുംവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടരുകയാണ്. പരീക്ഷണങ്ങളുടെ ഈ കാലഘട്ടം കടന്നുപോകുകതന്നെ ചെയ്യും. വലിയ ദൈവാനുഗ്രഹത്തിന്റെ വാതായനങ്ങള്‍ ലോകത്തിനുമുന്നില്‍ വത്തിക്കാന്‍ എന്ന ഈ പുണ്യഭൂമിയിലൂടെ തുറന്നിട്ടിരിക്കുന്ന നല്ല ദൈവത്തിന് നന്ദി പറയാം.

ബ്ര. ജേക്കബ് മൂക്കിലിക്കാട്ട് ഒ.സി.ഡി, റോം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?