Follow Us On

21

October

2021

Thursday

തുന്നിയെടുക്കാം വിജയം

തുന്നിയെടുക്കാം  വിജയം

”മനുഷ്യര്‍ക്ക് അവരുടെ മനോഭാവത്തില്‍ ഉചിതമായ മാറ്റം വരുത്തി ജീവിതവിജയം നേടാം എന്നുള്ളതാണ് എന്റെ തലമുറയുടെ ഏറ്റവും വലിയ കണ്ടുപിടുത്തം” (വില്ല്യം ജയിംസ്).
ഏതു ബിസിനസും സംരംഭകന്റെ ഭാവനയിലാണ് ആദ്യമായി ഉദയം ചെയ്യുന്നത്. ബിസിനസ് ആശയവുമായി എത്തുന്ന ഒരു വ്യക്തിയുടെ സര്‍ഗശേഷിയും സംഘടനാപാടവവുമാണ് സംരംഭമായി പരിണമിക്കുന്നത്. വലിയ മൂലധനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും വേണ്ട, വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തിയും വേറിട്ട ഭാവനാശേഷിയുമുണ്ടെങ്കില്‍ നിശ്ചയമായും വിജയിച്ചു മുന്നേറാം. ഗുണഭോക്താക്കളുടെ സംതൃപ്തിക്ക് മുഖ്യപരിഗണന നല്‍കുന്ന സംരംഭങ്ങളൊക്കെയും മറ്റുള്ളവയെക്കാള്‍ ബഹുദൂരം മുന്നിലെത്തുന്നതായി കാണാം.
പതിനൊന്നാമത്തെ വയസില്‍ പഠനം ഉപേക്ഷിച്ച്, ജീവിതചെലവ് കണ്ടെത്താനായി തയ്യല്‍ ജോലിയിലേര്‍പ്പെട്ട ഒരു പെണ്‍കുട്ടി. ഭാവനാശേഷിയും വിജയിക്കണമെന്നുള്ള അദമ്യമായ ആഗ്രഹവുംകൊണ്ടുമാത്രം ലോകത്തിലെ ഏറ്റവും മികച്ച ‘സ്വയാര്‍ജിത ശതകോടീശ്വരി’യായി വളര്‍ന്ന കഥ ആര്‍ക്കും പ്രചോദകമാണ്. ശതകോടീശ്വരി, ബിസിനസ് സംരംഭക, ജീവകാരുണ്യ പ്രവര്‍ത്തക, ബിസിനസ് സാരഥി എന്നീ നിലകളിലൊക്കെ സമാദരണീയമായ സ്ഥാനത്തെത്തിയ സ്‌പെയിന്‍കാരിയായ റൊസാലിയ മേരായുടെ ജീവിതകഥ രോമാഞ്ചജനകമാണ്.
സ്‌പെയിന്‍ – അന്‍പതുകളുടെ തുടക്കം. രാജ്യം ആഭ്യന്തര കലാപത്തിന്റെ തീച്ചൂളയില്‍പെട്ട് നട്ടം തിരിയുന്ന സന്ദര്‍ഭം. സ്‌പെയിനിലെ ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നായ ഗലീസിയയിലാണ് റൊസാലിയ മേര ജനിച്ചത്. ചെറിയൊരു ഇലക്ട്രിക്ക് കമ്പനിയില്‍ ജോലിക്കാരനായ അച്ഛനും നിരത്തുവക്കില്‍ ഇറച്ചിക്കട നടത്തുന്ന അമ്മയും. മാതാപിതാക്കളുടെ കുറഞ്ഞ വരുമാനവും പണം കൈകാര്യം ചെയ്യാനുള്ള അവരുടെ അറിവില്ലായ്മയും കാരണം റൊസാലിയായുടെ ബാല്യം ദുരിതം നിറഞ്ഞതായിരുന്നു. എന്നും പട്ടിണി. രാവിലെ എന്തെങ്കിലും കഴിച്ചാല്‍ പിന്നെ വൈകീട്ടത്തെ അത്താഴമേ കാണുകയുള്ളൂ.
പതിനൊന്നാമത്തെ വയസില്‍ പഠനം നിര്‍ത്തിയ റൊസാലിയ, തയ്യല്‍ പഠിച്ചിരുന്നതുകൊണ്ട് അയല്‍പക്കത്തുള്ള ഒരു സ്ത്രീയുടെ വീട്ടില്‍ തയ്യല്‍ജോലിയില്‍ സഹായിക്കാന്‍ കൂടി. ചെറുതാണെങ്കിലും കിട്ടുന്ന വരുമാനം കുടുംബത്തിന് ആശ്വാസമാകുമല്ലോ എന്നവള്‍ കരുതി. ആദ്യമൊക്കെ അവര്‍ അളവൊപ്പിച്ച് വെട്ടിയിരുന്ന തുണി തയ്ക്കുന്ന ജോലിയായിരുന്നു റൊസാലിയായ്ക്ക്. എന്നാല്‍ ഒന്നുരണ്ടു തവണ അവള്‍ തന്റെ ഭാവനയ്‌ക്കൊത്ത് തനിയെ തുണി വെട്ടി തയ്ച്ചുകൊടുത്തു. വാങ്ങാന്‍ വന്നവര്‍ക്ക് അത് ഏറെ ഇഷ്ടപ്പെട്ടു. കാരണം കൃത്യമായ അളവിലും ഒപ്പം ഏറ്റവും പുതിയ ഡിസൈനിലുമായിരുന്നു അത്.
മകളുടെ ഈ മേഖലയിലുള്ള സാമര്‍ത്ഥ്യം കണ്ടറിഞ്ഞ് അമ്മ അവള്‍ക്കൊരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുത്തു. അന്നുമുതല്‍ റൊസാലിയായുടെ ഭാവനയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യമായി. തന്റെ വീടിന്റെ പരിസരത്തുള്ള പല വീടുകളിലെയും തയ്യല്‍ജോലികള്‍ അവള്‍ ഏറ്റെടുത്തു. പക്ഷേ അതില്‍നിന്നൊന്നും കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടായില്ല. അതുകൊണ്ട് ലാമജാ എന്ന തുണിക്കടയില്‍ തയ്യല്‍ക്കാരിയായി അവള്‍ ചേര്‍ന്നു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ അവിടെ ഷോപ്പ് അസിസ്റ്റന്റായി അവള്‍ക്ക് ജോലിക്കയറ്റം കിട്ടി. അവള്‍ക്കപ്പോള്‍ പത്തൊന്‍പത് വയസ് പ്രായമായിരുന്നു.
ഇതിനിടെ ആ കടയിലെ മെസഞ്ചര്‍ ബോയിയായിരുന്ന അമെന്‍ഷ്യോ ഒര്‍ട്ടേഗയുമായി അടുപ്പത്തിലായി. റൊസാലിയായ്ക്ക് തയ്യലിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ ഒര്‍ട്ടേഗ സ്വന്തമായി ഒരു തയ്യല്‍ക്കട എന്ന ആശയം റൊസാലിയായോട് പങ്കുവച്ചു. അവള്‍ക്കും ആ ആശയം ഇഷ്ടപ്പെട്ടു. അങ്ങനെ 1963-ല്‍ ഇരുവരും പങ്കാളികളായി ഒരു ചെറിയ തയ്യല്‍ക്കട തുടങ്ങി. ഇന്‍ഡിടെക്‌സ് എന്ന് കടയ്ക്ക് പേരിട്ടു. വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കൂടി. അതുകൊണ്ട് കൂടുതല്‍ ജോലിക്കാരെവച്ച് അവര്‍ കട വിപുലീകരിച്ചു. ക്രമേണ സ്‌പെയിനിലെ പല ടെക്സ്റ്റയില്‍ ഷോറൂമുകളിലും ഫാഷന്‍സ്റ്റോറുകളിലും സ്ത്രീകളുടെ വസ്ത്രങ്ങള്‍ അവര്‍ സപ്ലേ ചെയ്തു തുടങ്ങി. 1966-ല്‍ ഒര്‍ട്ടേഗയും റൊസാലിയായും വിവാഹിതരായി. റൊസാലിയായെപ്പോലെതന്നെ ഉല്‍ക്കര്‍ഷേച്ഛുവായ ഒര്‍ട്ടേഗയും സ്വന്തമായി കൂടുതല്‍ ബിസിനസ് അവസരങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. മറ്റുള്ള കടകള്‍ക്ക് വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുന്നതിനുപകരം സ്വന്തമായി ഒരു വസ്ത്രഷോറൂം എന്ന ആശയം റൊസാലിയായ്ക്കും സ്വീകാര്യമായി.
പക്ഷേ അന്ന് സ്‌പെയിന്‍ ഭരിച്ചിരുന്ന ഏകാധിപതിയായ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ അടിച്ചേല്‍പ്പിച്ചിരുന്ന കര്‍ശന നിയമങ്ങള്‍മൂലം പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കുവാന്‍ നാട്ടുകാര്‍ മടികാണിച്ചു. റൊസാലിയ ഡിസൈന്‍ ചെയ്ത വര്‍ണാഭമായ ഹൗസ്‌കോട്ടുകളും മനോഹരങ്ങളായ അടിവസ്ത്രങ്ങളും സ്ത്രീകള്‍ക്ക് വളരെ ഇഷ്ടപ്പെട്ടെങ്കിലും അവ ധരിക്കുവാന്‍ സ്ത്രീകള്‍ തയാറായില്ല. അതോടെ ഇന്‍ഡിടെക്‌സ് പൂട്ടുമെന്നുറപ്പായി. റൊസാലിയായും ഭര്‍ത്താവും പരിഭ്രാന്തരായി.
എന്നാല്‍, അധികം താമസിയാതെ ഭാഗ്യം ഫ്രാങ്കോയുടെ മരണത്തിന്റെ രൂപത്തില്‍ അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. സ്‌പെയിന്‍ ഏകാധിപത്യഭരണത്തില്‍നിന്ന് സ്വതന്ത്രമായി. ആ സന്തോഷം ജനങ്ങളുടെ ഫാഷന്‍ സന്തോഷങ്ങളെ മാറ്റിമറിച്ചു. അവര്‍ റൊസാലിയായുടെ വസ്ത്ര ഡിസൈനുകളുടെ പിന്നാലെ പോയി. ഈ അവസരം റൊസാലിയായും ഒര്‍ട്ടേഗയും മുതലാക്കി. അങ്ങനെ 1975-ല്‍ അവര്‍ സ്വന്തമായി സാറാ എന്ന പേരില്‍ ഒരു റീട്ടെയില്‍ ഷോറൂം തുറന്നു.
അതിവേഗം മാറിമറിയുന്ന പ്രതിഭാസമാണ് ഫാഷന്‍. അതുകൊണ്ടുതന്നെ വസ്ത്ര ബിസിനസിന്റെ വിജയം നൂതനത്വമാണ്. നിറങ്ങളിലും ഡിസൈനിങ്ങിലും പുതുമ കൊണ്ടുവരാനായാല്‍ വസ്ത്രങ്ങള്‍ക്ക് നല്ല ഡിമാന്റ് ഉണ്ടാകും. ഈ രഹസ്യം തിരിച്ചറിഞ്ഞതായിരുന്നു റൊസാലിയായുടെ വിജയരഹസ്യം. രണ്ടാഴ്ചയിലധികം പഴക്കമുള്ള ഒരു ഡിസൈനും സാറായിലുണ്ടായിരിക്കാന്‍ പാടില്ല എന്ന് റൊസാലിയ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കളെ സംതൃപ്തമാക്കുന്ന ഗുണനിലവാരം ലക്ഷ്യം വച്ചായിരുന്നു വസ്ത്രനിര്‍മാണം. മറ്റ് പ്രമുഖ വസ്ത്രവ്യാപാരികള്‍ പലരും ആറുമാസത്തിലൊരിക്കല്‍ മാത്രമാണ് പുതിയ ഡിസൈനുകള്‍ അവതരിപ്പിച്ചിരുന്നത്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ന്യായവിലക്ക് എല്ലാ മികച്ച ഷോറൂമുകളിലും ലഭിക്കണമെന്ന നിര്‍ദേശമാണ് സാറായെ ഈ രംഗത്തുള്ള മറ്റ് സ്ഥാപനങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
2013-ല്‍ മസ്തിഷ്‌കാഘാതംമൂലം മരിക്കുമ്പോള്‍ 69-കാരിയായ റൊസാലിയായ്ക്ക് ആറു ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു. സ്‌പെയിനിലെ ഏറ്റവും സമ്പന്നയായ ബിസിനസുകാരി, ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരി. റൊസാലിയായുടെ ജീവിതകഥ ജീവിതത്തില്‍ വിജയിച്ചു മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു വലിയ പ്രചോദനമാണ്.
ദാരിദ്ര്യത്തില്‍ ജനിച്ച് ദാരിദ്ര്യത്തില്‍ മരിക്കാമായിരുന്ന റൊസാലിയായുടെ വിജയത്തിനു പിന്നിലുണ്ടായിരുന്ന ഘടകങ്ങള്‍ പലതായിരുന്നു. തനിക്ക് ബാല്യത്തില്‍ അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യം നല്‍കിയ യാതനകളും കഷ്ടപ്പാടുകളും ജീവിതത്തെക്കുറിച്ചുള്ള അവളുടെ സ്വപ്നങ്ങള്‍ തീവ്രവും വര്‍ണാഭവുമാക്കി. ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര കഷ്ടപ്പെടാനും അവള്‍ ഒരുക്കമായിരുന്നു.
കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അക്ഷീണം യത്‌നിക്കുവാനുള്ള മനോഭാവം സൃഷ്ടിച്ചത് റൊസാലിയായുടെ വിജയത്തെ ഗണ്യമായി സഹായിച്ചു. ചുരുക്കത്തില്‍ ജീവിതത്തില്‍ വിജയിച്ചു മുന്നേറണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹം മനസില്‍ കെടാത്ത ഒരു അഗ്നിയായി സൂക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും അഭിമാനത്തോടെ അനുകരിക്കാവുന്ന ഒരു ജീവിതമാതൃകയാണ് റൊസാലിയായുടേത്.
”ഓരോ പ്രശ്‌നത്തിനോടൊപ്പവും നമുക്ക് ഒരവസരവും ലഭിക്കുന്നു. ഒരുപക്ഷേ മഹത്തായ ഒരവസരമായിരിക്കാമത്” – നെപ്പോളിയന്‍ ഹില്‍

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?