Follow Us On

21

October

2021

Thursday

ചാൻസിലർ സ്ഥാനമൊഴിയാൻ ദിനങ്ങൾ മാത്രം, യാത്ര പറയാൻ മെർക്കൽ റോമിൽ, ‘ഹോളി ഡോർ’ സമ്മാനിച്ച് പാപ്പ

മെർക്കൽ റോമിൽ, 'ഹോളി ഡോർ' സമ്മാനിച്ച് പാപ്പ

ചാൻസിലർ സ്ഥാനമൊഴിയാൻ ദിനങ്ങൾ മാത്രം, യാത്ര പറയാൻ മെർക്കൽ റോമിൽ, ‘ഹോളി ഡോർ’ സമ്മാനിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ജർമനിയുടെ ചാൻസിലർ പദവിയിൽനിന്ന് ഒഴിയാൻ ദിനങ്ങൾമാത്രം ശേഷിക്കേ ഫ്രാൻസിസ് പാപ്പയോട് യാത്രപറയാൻ എത്തിയ ആംഗല മെർക്കലിന് വത്തിക്കാനിൽ സ്‌നേഹോഷ്മള സ്വീകരണം. ഒന്നര പതിറ്റാണ്ടിലധികം കാലം ജർമനിയെ നയിച്ച ആഞ്ചല മെർക്കൽ, ജർമനിയിലെ ആദ്യത്തെ വനിതാ ചാൻസിലറുമാണ്. ഒരുസംഘം സ്വിസ്ഗാർഡുമാരുടെ അകമ്പടിയോടെയാണ് മെർക്കൽ പേപ്പൽ ഭവനത്തിലേക്ക് ആനയിക്കപ്പെട്ടത്. ഏതാണ്ട് 45 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്ക്കിടയിൽ യൂറോപ്പ്യൻ യൂണിയൻ, ആഗോള സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി.

കൂടിക്കാഴ്ചയുടെ സമാപനത്തിൽ ഇരുവരും സ്‌നേഹസമ്മാനങ്ങളും കൈമാറി. നിരവധി പുസ്തകങ്ങളാണ് മെർക്കൽ പാപ്പയ്ക്ക് സമ്മാനിച്ചത്. ഞായറാഴ്ച സുവിശേഷ വിചിന്തനങ്ങളെ കുറിച്ചുള്ള മൂന്ന് വാല്യങ്ങൾ, വിഖ്യാത ചിത്രകാരൻ മൈക്കിൾ ആഞ്ചലോയെ കുറിച്ച് കലാ ചരിത്രകാരൻ ഹോർസ്റ്റ് ബ്രഡെകമ്പ് രചിച്ച ഗ്രന്ഥം എന്നിവയും അതിൽ ഉൾപ്പെടുന്നു. സഭ ജൂബിലി വർഷം ആഘോഷിക്കുമ്പോൾ തുറക്കുന്ന ‘ഹോളി ഡോർ’ന്റെ ചെറുപതിപ്പും ചാക്രിക ലേഖനങ്ങൾ ഉൾപ്പെടെയുള്ള പൊന്തിഫിക്കൽ പുസ്തകങ്ങളുമാണ് പാപ്പ മെർക്കലിന് സമ്മാനിച്ചത്.

ജർമൻ ചാൻസലർ എന്ന നിലയിൽ പാപ്പയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയായിരുന്നു ഇത്. 2005ൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മരണത്തിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് മെർക്കൽ ജർമൻ ചാൻസിലറായത്. ബെനഡിക്ട് 16-ാമൻ പാപ്പയുടെ ഭരണകാലത്ത് ഒരുതവണ വത്തിക്കാൻ സന്ദർശിച്ച അവർ, ഫ്രാൻസിസ് പാപ്പയുമായി നടത്തിയ അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഫ്രാൻസിസ് പാപ്പയുടെ സ്ഥാനാരോഹണ തിരുക്കർമങ്ങളിലും മെർക്കൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സി.ഡി.യു) ഇടതുപക്ഷാനുഭാവ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്‌സിനോട് നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടിരുന്നു, ആകെ പോൾ ചെയ്തയിൽ 25.7% വോട്ടും 206 സീറ്റുകളും സോഷ്യൽ ഡെമോക്രാറ്റ്‌സ് നേടിയപ്പോൾ മെർക്കലിന്റെ പാർട്ടിക്ക് 24.1% വോട്ടുകളും 196 സീറ്റുകളുമാണ് നേടാനായത്.

അതേസമയം, 67 വയസുകാരിയായ മെർക്കൽ ഇനി രാഷ്ട്രീയത്തിലില്ലെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. 16 വർഷം ജർമനി ഭരിച്ച മെർക്കൽ ലോകത്ത് ഏറ്റവും ശക്തയായ വനിതാ നേതാവായാണ് അറിയപ്പെടുന്നത്. വിവാദങ്ങൾ പലതുണ്ടായെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിനു സ്ഥിരത നൽകാൻ മെർക്കലിനായി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?