Follow Us On

21

October

2021

Thursday

‘കലിഷിലെ തിരുക്കുടുംബം’ സാക്ഷി! രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ട്

‘കലിഷിലെ തിരുക്കുടുംബം’ സാക്ഷി! രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളണ്ട്

വാഴ്‌സോ: ആഗോളസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെയും സഭയേയും വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിച്ച് പോളിഷ് കത്തോലിക്കാ സഭ. പോളണ്ടിലെ വിഖ്യാതമായ കലിഷ് സെന്റ് ജോസഫ് തീർത്ഥാടനകേന്ദ്രത്തിലെ അൾത്താരയിൽ പ്രതിഷ്ഠിതമായ തിരുക്കുടുംബ ചിത്രത്തിന്റെ സന്നിധിയിലായിരുന്നു സമർപ്പണ തിരുക്കർമങ്ങൾ. പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസോ ഗോഡെക്കിയുടെ നേതൃത്വത്തിൽ, പോളിഷ് മെത്രാന്മാർ ഒന്നടങ്കം സമർപ്പണ തിരുക്കർമങ്ങളിൽ ഭാഗഭാക്കുകളായതും ശ്രദ്ധേയമായി.

ദൈവഹിതപ്രകാരം ജീവിക്കാനുള്ള കൃപയ്ക്കായി തിരുക്കുടുംബത്തിന്റെ നാഥനും തിരുസഭയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടുകയായിരുന്നു സമർപ്പണത്തിന്റെ ലക്ഷ്യം. ഒക്ടോബർ മൂന്നിന് ആരംഭിച്ച നാഷണൽ റിട്രീറ്റിന്റെ സമാപനദിനമായ ഒക്ടോബർ ഏഴിന് അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു സമർപ്പണം. പോളണ്ടിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് സാൽവത്തോരെ പെനാക്യോയും സന്നിഹിതനായിരുന്നു. സമർപ്പണ തിരുക്കർമങ്ങൾക്ക് ശ്ലൈഹീക ആശീർവാദം നേർന്ന് ഫ്രാൻസിസ് പാപ്പ അയച്ച സന്ദേശവും തിരുക്കർമമധ്യേ വായിച്ചു.

‘വിശുദ്ധ യൗസേപ്പിതാവേ, ദൈവസ്വരം ശ്രവിക്കുന്നതിലും അവിടുത്തെ ഹിതം നിറവേറ്റുന്നതിലും ശ്രദ്ധാലുക്കളാകാൻ ഞങ്ങളെ സഹായിക്കണമെ. കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാനും ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ പ്രതിജ്ഞാബദ്ധരാകാനുമുള്ള കൃപാവരം നേടിത്തരേണമെ. ഞങ്ങളുടെ മാതൃരാജ്യത്തെ കാത്തുപരിപാലിക്കാനും അതിലൂടെ, രാജ്യത്തിന്റെ വികസനത്തിന് ഉത്തരവാദിത്തത്തോടെ വർത്തിക്കാനും പ്രാപ്തരാക്കണമെ. മാമ്മോദീസയിലെ വാഗ്ദാനങ്ങളോട് എങ്ങനെ വിശ്വസ്തരാകാമെന്നും സഹോദരങ്ങളുടെ ആവശ്യങ്ങളെ എപ്രകാരം ഉൾക്കൊള്ളണമെന്നും ഞങ്ങളെ പഠിപ്പിക്കേണമെ,’ സമർപ്പണ തിരുക്കർമങ്ങളുടെ സമാപനത്തിൽ ആർച്ച്ബിഷപ്പ് ഗോഡെക്കി ഉരുവിട്ടു.

സമർപ്പണ തിരുക്കർമങ്ങളിൽനിന്ന്.

‘സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള ഇടം’ എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിശേഷിപ്പിച്ച ദൈവാലയമാണ് കലിഷിന്റെ ദേശീയ തീർത്ഥാടന കേന്ദ്രം. ഗർഭസ്ഥ ശിശുക്കൾക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക പ്രാർത്ഥനാലയം കൂടിയാണിവിടം. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചരിത്രവും ഈ തീർത്ഥാടനകേന്ദ്രത്തിനുണ്ട്. നാസീ സൈന്യം ‘ഡഷൗ’ കോൺസൻട്രേഷൻ ക്യാംപിലെ തടവുകാലത്ത് പോളീഷ് വൈദികരും സന്യാസികളും 1945ൽ ഏപ്രിൽ 22ന് വിശുദ്ധ യൗസേപ്പിതാവിന് തങ്ങളെതന്നെ സമർപ്പിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.

തങ്ങൾ മോചിതരായാൽ കലിഷിലെ ദൈവാലയത്തിലേക്ക് എല്ലാ വർഷവും തീർത്ഥാടനം നടത്താമെന്ന നിയോഗത്തോടെയായിരുന്നു സമർപ്പണം. നാസി സൈന്യം വധിക്കാൻ നിശ്ചയിച്ചിരുന്ന സമയത്തിന് രണ്ട് മണിക്കൂർമുമ്പ്, അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലിലൂടെ അവർ മോചിതരാവുകയായിരുന്നു. അതിന്റെ കൃതജ്ഞതാ അർപ്പണമായി ആരംഭിച്ച ഏപ്രിൽ 29ലെ വാർഷിക തീർത്ഥാടനം ഇന്നും തുടരുന്നു. 2016ൽ, യേശുക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി പരസ്യമായി പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യംകൂടിയാണ് പോളണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അന്നത്തെ പ്രഖ്യാപനം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?