Follow Us On

21

October

2021

Thursday

സിനഡ് ഓൺ ‘സിനഡാലിറ്റി’: രണ്ട് വർഷം, മൂന്ന് ഘട്ടങ്ങൾ; സുപ്രധാന സിനഡിന് തുടക്കം കുറിച്ച് ആഗോള സഭ

സിനഡ് ഓൺ ‘സിനഡാലിറ്റി’: രണ്ട് വർഷം, മൂന്ന് ഘട്ടങ്ങൾ; സുപ്രധാന സിനഡിന് തുടക്കം കുറിച്ച് ആഗോള സഭ

വത്തിക്കാൻ സിറ്റി: തുറവിയുള്ള സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും സഭാസമൂഹത്തെ ഏക മനസും ശരീരവുമാക്കി മാറ്റാനുള്ള അജപാലനപദ്ധതികൾക്ക് കാതോർത്ത് സുപ്രധാന സിനഡ് സമ്മേളനത്തിലേക്ക് ആഗോള കത്തോലിക്കാ സഭ. ‘ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും’ (For a Synodal Church: Communion, Participation, and Mission) എന്ന പ്രമേയവുമായി സമ്മേളിക്കുന്ന സിനഡ് മൂന്ന് ഘട്ടങ്ങളായി രണ്ട് വർഷംകൊണ്ടാണ് പൂർത്തിയാകുക. ‘സിനഡാലിറ്റി’ എന്നതുതന്നെയാണ് ഇത്തവണത്തെ സിനഡിന്റെ കേന്ദ്രബിന്ദു. ‘എല്ലാ കത്തോലിക്കാ വിശ്വാസികളെയും ഉൾക്കൊളളുന്നത്,’ എന്ന് ‘സിനഡാലിറ്റി’ നിർവചിക്കപ്പെടുമ്പോൾ, അൽമായരും സന്യസ്തരും അജപാലകരും ഉൾപ്പെടെയുള്ള സകലജന സ്പർശിയാകും പ്രസ്തുത സിനഡ്.

രൂപതാതലം, ഭൂഖണ്ഡതലം, ആഗോളതലം എന്നിവയാണ് മൂന്നു ഘട്ടങ്ങൾ. ഒക്ടോബർ 17ന് ആരംഭിക്കുന്ന രൂപതാതല സിനഡ് സമ്മേളനങ്ങൾ 2022 ഏപ്രിൽ വരെ നീളും. സൂക്ഷ്മമായ പഠനങ്ങൾക്കും വിചിന്തനത്തിനും സഹായിക്കുന്ന വിശദമായ നിർദേശങ്ങൾ ഇതിനായി കൈമാറിയിട്ടുണ്ട്. രൂപതാതലത്തിൽനിന്ന് ഉരുത്തിരിയുന്ന പ്രവർത്തനരേഖയുമായാകും രണ്ടാം ഘട്ടമായ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള സിനഡ് സമ്മേളിക്കുക. 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചുവരെയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെകൂടി അടിസ്ഥാനത്തിൽ തയാറാക്കുന്ന പ്രവർത്തന രേഖയുമായി 2023 ഒക്‌ടോബറിൽ വത്തിക്കാനിൽ ആഗോളതല സിനഡ് സമ്മേളിക്കും.

അതേതുടർന്നാകും സിനഡ് അന്തിമരേഖയ്ക്ക് രൂപം നൽകുക. വിചിന്തന വിഷയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും സഭയുടെ അടിത്തട്ടുവരെയുള്ള വിവിധ വിഷയങ്ങൾ കൂട്ടായ ചർച്ചയ്ക്ക് വിഷയമാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഒക്‌ടോബർ ഒൻപതിന്, ഫ്രാൻസിസ് പാപ്പയുടെ വിചിന്തനത്തോടെ സിനഡിന്റെ നടപടിക്രമങ്ങൾക്ക് ആരംഭമായെങ്കിലും ഒക്‌ടോബർ 10ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് സഭ സിനഡ് ദിനങ്ങളിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചത്.

സിനഡിന്റെ ആത്യന്തിക ലക്ഷ്യം എന്നത്, ഒരേ വഴിയിൽ ഒരുമിച്ച് നടക്കുക എന്നതാകണമെന്ന ആഹ്വാനത്തോടെയായിരുന്നു പാപ്പ സന്ദേശം പങ്കുവെച്ചത്. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡിന്റെ താക്കോൽപദങ്ങളെന്നും പാപ്പ ഓർമിപ്പിച്ചു. യാത്രയിൽ കണ്ടുമുട്ടുന്നവരുമായി ആശയസംവാദനം നടത്തുന്ന ഈശോയെ തിരുവചനത്തിൽ കാണാം. അവരുടെ ചോദ്യങ്ങൾ യേശു സശ്രദ്ധം ശ്രവിച്ചു. ഈശോയെപ്പോലെ സംവാദകലയിൽ വിദഗ്ദ്ധരാകാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്.

‘മനുഷ്യരുമായുള്ള യഥാർത്ഥ കണ്ടുമുട്ടൽ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിലൂടെ മാത്രമേ സംഭവിക്കൂ. യേശു കേൾക്കുന്നത് കേവലം ചെവികളാൽ മാത്രമല്ല, ഹൃദയത്തോടെയാണ്. ഹൃദയത്തോടെ കേൾക്കുന്നതിൽ നാം യേശുവിനെ പിന്തുടരുമ്പോൾ, വിധിക്കപ്പെടുന്നതിനു പകരമായി തങ്ങളെ കേൾക്കുന്നുണ്ടെന്ന ബോധ്യം ആളുകളിൽ വളരും. തങ്ങളുടെ സ്വന്തം അനുഭവങ്ങളും ആത്മീയ യാത്രയും വിവരിക്കാൻ അവർക്ക് സ്വാതന്ത്ര്യം കൈവരും.’

ആരാധനയിലും പ്രാർത്ഥനയിലും ദൈവവചനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്റെ ഒരു യാത്രയാണ് സിനഡ്. ഈ ദിനങ്ങളിൽ നമുക്ക് ഒരുമിച്ച് ഒരു നല്ല യാത്ര നടത്താം. ആശയ സംവാദവും പരസ്പര ശ്രവണവും അവസാനിപ്പിക്കാനുള്ളതല്ല. ദൈവം നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാൻ ശ്രമിക്കാം. നമ്മെ നയിക്കാൻ ആഗ്രഹിക്കുന്ന ദിശയെക്കുറിച്ചും സ്വയം ചോദിച്ചുകൊണ്ടിരിക്കാം. നാം സുവിശേഷത്തെ സ്‌നേഹിക്കുന്നവരും ആത്മാവിന്റെ ആശ്ചര്യങ്ങളോട് തുറവിയുള്ള തീർത്ഥാടകരാകണമെന്നും പാപ്പ ഓർമിപ്പിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?