Follow Us On

21

October

2021

Thursday

യു.എസിലെ പ്രഥമ മരിയൻ ചാപ്പലിന് പേപ്പൽ സമ്മാനം; പാലൂട്ടുന്ന ദൈവമാതാവിന്റെ കിരീടധാരണം അവിസ്മരണീയമാക്കി ഫ്‌ളോറിഡ

യു.എസിലെ പ്രഥമ മരിയൻ ചാപ്പലിന് പേപ്പൽ സമ്മാനം; പാലൂട്ടുന്ന ദൈവമാതാവിന്റെ കിരീടധാരണം അവിസ്മരണീയമാക്കി ഫ്‌ളോറിഡ

മയാമി: ഉണ്ണീശോയെ പാലൂട്ടുന്ന (ഔർ ലേഡി ഓഫ് ലാ ലേച്ചെ) വിഖ്യാത മരിയൻ തിരുരൂപത്തിന്റെ കാനോനിക കിരീടധാരണം അവിസ്മരണീയമാക്കി ഫ്‌ളോറിഡയിലെ വിശ്വാസീസമൂഹം. ഉണ്ണീശോയെ പാലൂട്ടുന്ന മാതാവിന്റെ തിരുരൂപ പ്രതിഷ്ഠയാൽ വിഖ്യാതമായ, നൊമ്പ്രേ ഡി ഡയോസ് മിഷനിലെ പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണീശോയുടെയും തിരുരൂപങ്ങളിലാണ് കിരീടധാരണം നടന്നത്. അമേരിക്കയിൽ സ്ഥാപിതമായ പ്രഥമ മരിയൻ തീർത്ഥാടനകേന്ദ്രമാണ്, സെന്റ് അഗസ്റ്റിൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഔർ ലേഡി ഓഫ് ലാ ലേച്ചെ ചാപ്പൽ.

ഈശോയുടേയോ ദൈവമാതാവിന്റെയോ വിശുദ്ധ യൗസേപ്പിതാവിന്റെയോ തിരുരൂപത്തിൽ കിരീടമോ നക്ഷത്രങ്ങൾകൊണ്ട് തയാറാക്കിയ ഹാലോയോ (വിശുദ്ധരുടെ ശിരസിന് പിന്നിലുള്ള വലയം) അണിയിക്കുന്ന തിരുക്കർമമാണ് കാനോനിക്കൽ കിരീടധാരണം. പേപ്പൽ പ്രതിനിധിയായി എത്തിയ സ്പാനിഷ് കർദിനാൾ കാർലോസ് ഒസോറോ സിയറയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് അഗസ്റ്റിൻ ബസിലിക്കയിലായിരുന്നു കിരീടധാരണം. ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ ചരിത്ര നിമിഷത്തിന് സാക്ഷികളായി.

ദിവ്യബലിമധ്യേയായിരുന്നു കിരീടധാരണം. സ്‌പെയിനിൽനിന്നും ഇറ്റലിയിൽനിന്നുമുള്ള സ്വർണത്താൽ നിർമിച്ച കിരീടമാണ് പരിശുദ്ധ അമ്മയേയും ഉണ്ണീശോയെയും മാഡ്രിഡ് ആർച്ച്ബിഷപ്പുകൂടിയായ കർദിനാൾ അണിയിച്ചത്. തുടർന്ന്, സെന്റ അഗസ്റ്റിൻ രൂപതയെ പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിക്കുന്ന തിരുക്കർമങ്ങളും നടന്നു. ദിവ്യബലിക്കുശേഷം ഔർ ലേഡി ഓഫ് ലാ ലേച്ചെ ദേശീയ തീർത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ പ്രദക്ഷിണവും അവിസ്മരണീയമായി.

ഔർ ലേഡി ഓഫ് ലാ ലേച്ചെ ചാപ്പൽ.

‘പരിശുദ്ധ അമ്മയോടുള്ള നിങ്ങളുടെ വണക്കത്തെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്, കഴിഞ്ഞ ദിനങ്ങളിൽ നിങ്ങളോടൊപ്പം ആയിരുന്ന് അത് അനുഭവിച്ചറിയാനും സാധിച്ചു. കുരിശിൽ കിടന്നുകൊണ്ട് ക്രിസ്തുനാഥൻ വിശുദ്ധ യോഹന്നാനിലൂടെ ലോകജനതയ്ക്ക് സമ്മാനമായി നൽകിയ പരിശുദ്ധ അമ്മയുടെ കരംപിടിച്ച് നടക്കുന്ന നിങ്ങളെപ്രതി ഞാൻ ദൈവത്തിന് നന്ദി അർപ്പിക്കുന്നു,’ കർദിനാൾ പറഞ്ഞു.

സ്പാനിഷ് കുടിയേറ്റവുമായി ബന്ധപ്പെട്ടാണ് നൊമ്പ്രേ ഡി ഡയോസ് മിഷനിലെ ഔർ ലേഡി ഓഫ് ലാ ലേച്ചെ ദൈവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. സെന്റ് അഗസ്റ്റിൻ നഗരം സ്ഥാപിതമായ എ.ഡി 1500ൽതന്നെ സ്പാനിഷ് മിഷന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. 1565 സെപ്റ്റംബർ എട്ടിന് മിഷന് രൂപം കൊടുത്ത സ്പാനിയോർഡോ പെഡ്രോ മെനെൻഡസ് ഡി അവെയ്ൽസാണ് ദൈവാലയത്തിന്റെയും സ്ഥാപകൻ. മിഷനിൽ എത്തിച്ചേർന്ന സ്പാനിഷ് വംശജരിലൂടെയാണ് പ്രദേശത്ത് പരിശുദ്ധ അമ്മയോടുള്ള വണക്കം പ്രചരിച്ചത്. തദ്ദേശവാസികളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിക്കാനും പരിശുദ്ധ അമ്മയോടുള്ള വണക്കം പ്രചോദനമായി.

പ്രകൃതിദുരന്തങ്ങൾമൂലം പലതവണ തകർന്ന ദൈവാലയം ഇന്ന് കാണുന്ന രീതിയിൽ പുനർനിർമിച്ചത് 1915ലാണ്. ഔർ ലേഡി ഓഫ് ലാ ലേച്ചെയുടെ തിരുനാൾ രൂപതയുടെ ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്താൻ 2012ൽ ആരാധന കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം അനുമതി നൽകിയതിനെ തുടർന്നാണ് ഒക്‌ടോബർ 11ന് തിരുനാൾ ആഘോഷം ആരംഭിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി വിശ്വാസികൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയെത്തുന്ന ദൈവാലയത്തെ 2019ലാണ് ദേശീയ തീർത്ഥാടനകേന്ദ്രമാക്കി ഉയർത്തിയത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?