Follow Us On

21

October

2021

Thursday

പാക് ക്രൈസ്തവർക്കുനേരെ മുസ്ലീം സംഘം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ആറു പേർക്ക് ഗുരുതര പരിക്ക്

പാക് ക്രൈസ്തവർക്കുനേരെ മുസ്ലീം സംഘം നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു; ആറു പേർക്ക് ഗുരുതര പരിക്ക്

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ക്രൈസ്തവർക്കുനേരെ ഒരു കൂട്ടം മുസ്ലീങ്ങൾ നടത്തിയ വെടിവെപ്പിൽ രണ്ട് ആൺകുട്ടികൾ കൊല്ലപ്പെട്ടെന്നും ആറു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നുവെന്നും റിപ്പോർട്ടുകൾ. പ്രമുഖ വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസാ’ണ്, ദിവസങ്ങൾക്കുമുമ്പ് നടന്ന ആക്രമണ വിവരം വെളിപ്പെടുത്തിയത്. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽനിന്ന് 125 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒക്കറ പ്രദേശത്താണ് സംഭവം.

കൃഷിയിടത്തിലെ ജലസേചനവുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അക്രമം എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്ത്യൻ യുവജനങ്ങൾ തങ്ങളുടെ കൃഷി സ്ഥലത്ത് ജലസേചനം നടത്തി തിരിച്ചെത്തിയപ്പോൾ, 20 പേർ ഉൾപ്പെടുന്ന മുസ്ലീം സംഘം റൈഫിളുകളും പിസ്റ്റളുകളുമായി വെടിയുതിർക്കുകയായിരുന്നു. യാക്കൂബ് മുക്തർ, ഹാരോൺ മുക്തർ എന്നീ ആൺകുട്ടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ആറ് പേർ പ്രാദേശിക ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മുഹമ്മദ് അബ്ബാസ്, ബാബർ, മുസ്തഫ, ഷഫ്കാത്ത്, ഗുൽസാർ, ഖാദിർ ഗുൽസാർ, നസറുല്ല, നൂർ, അബ്ബാസ് അഹ്‌മദ് എന്നിവരുൾപ്പെട്ട സംഘത്തിനെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കിയിട്ടുണ്ടെന്ന് സംഭവത്തിന് സാക്ഷിയായ ഇന്ദ്രിയാസ് മുക്താറിനെ ഉദ്ധരിച്ച് ‘ഏഷ്യാ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു. 18 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പക്ഷേ, ഇതുവരെ രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ.

കുറ്റവാളികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും ഭയപ്പാടോടെ കഴിയുന്ന ക്രിസ്ത്യൻ സമൂഹത്തിന് നീതി ഉറപ്പാക്കണമെന്നും സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകനും ജാങ് ജില്ലാ കമ്മിറ്റി അംഗവുമായ ആസിഫ് മുനാവർ സർക്കാരിനോട് ആവശ്യപ്പെട്ടു: ‘നമ്മുടെ സമൂഹത്തിൽ സഹിഷ്ണുതയും സാഹോദര്യവും വൈവിധ്യവും ആവശ്യമാണ്. ഭയത്തോടെയാണ് ക്രിസ്ത്യൻ സമൂഹം ജീവിക്കുന്നത്. മതന്യൂനപക്ഷമെന്ന നിലയിൽ ക്രിസ്ത്യൻ സമൂഹത്തിന് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉടൻ ഇടപെടണം.’

കഴിഞ്ഞ മേയിൽ ഒക്കരയ്ക്ക് സമീപമുള്ള ചക്ക് ഗ്രാമത്തിലെ ക്രൈസ്തർക്കുനേരെ മുസ്ലീങ്ങൾ സംഘം ചേർന്ന് ആക്രമം അഴിച്ചുവിട്ടിരുന്നു. ആളുകളെ ഇരുമ്പുവടികൊണ്ട് ആക്രമിച്ച സംഘം വീടുകൾളിൽ അതിക്രമിച്ചുകയറി ഫർണീച്ചർ ഉൾപ്പെടെയുള്ളവ തല്ലിത്തകർക്കുകയും ചെയ്തു. ക്രിസ്ത്യൻ ദൈവാലയത്തിന്റെ പ്രവേശന കവാടം വൃത്തിയാക്കവേ, അതിലൂടെ പോവുകയായിരുന്ന യാത്രക്കാരനുമായുള്ള തർക്കമാണ് അന്നത്തെ അതിക്രമങ്ങൾക്ക് കാരണമായത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?