Follow Us On

21

October

2021

Thursday

സിസ്റ്റർ ഗ്ലോറിയയുടെ മോചനം സാധ്യമാക്കിയത് പ്രാർത്ഥയുടെ ശക്തി; പ്രാർത്ഥനകൾക്കെല്ലാം നന്ദി പറഞ്ഞ് സഭാനേതൃത്വം

സിസ്റ്റർ ഗ്ലോറിയയുടെ മോചനം സാധ്യമാക്കിയത് പ്രാർത്ഥയുടെ ശക്തി; പ്രാർത്ഥനകൾക്കെല്ലാം നന്ദി പറഞ്ഞ് സഭാനേതൃത്വം

ബൊഗോട്ട: ആഫ്രിക്കൻ രാജ്യമായ മാലിയിൽനിന്ന് ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സിസിലിയ നാർവീസിന്റെ മോചനം സാധ്യമാക്കിയ ദൈവീക ഇടപെടലിന് സ്തുതി അർപ്പിച്ചും അതിനായി പ്രാർത്ഥിച്ചവരോടെല്ലാം നന്ദി പറഞ്ഞും സന്യാസസഭാ നേതൃത്വം. പൊന്തിഫിക്കൻ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച ഇൻ നീഡ്’ (എ.സി.എൻ) പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയാണ് സിസ്റ്റർ ഗ്ലോറിയ അംഗമായ ‘ഫ്രാൻസിസ്‌ക്കൻ റിലീജിയസ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനി സമൂഹത്തിന്റെ കൊളംബിയ പ്രൊവിൻഷ്യൽ സിസ്റ്റർ കാർമെൻ ഇസബെൽ വലൻസിയ നന്ദി അറിയിച്ചത്.

മാലിയുടെ തലസ്ഥാനമായ ബമാകോയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കൊട്ടിയാലയിൽ ശുശ്രൂഷ ചെയ്യുന്നതിനിടെ 2017ൽ ബന്ദിയാക്കപ്പെട്ട സിസ്റ്റർ ഗ്ലോറിയ നാല് വർഷത്തിനുശേഷം ഒക്‌ടോബർ ഒൻപതിനാണ് മോചിതയായത്. അനേകരുടെ പ്രാർത്ഥനയുടെ ഫലമായി സംഭവിച്ച ദൈവീക ഇടപെടലാണ് സിസ്റ്ററിന്റെ മോചനം സാധ്യമാക്കിയതെന്നും സിസ്റ്റർ കാർമെൻ ഇസബെൽ സാക്ഷിക്കുന്നു: ‘പ്രാർത്ഥനയിലൂടെ ദൈവീക അത്ഭുതം നേടിത്തന്ന സകലർക്കും നന്ദി അർപ്പിക്കുന്നു. ഈ നീണ്ട കാലയളവിൽ നിങ്ങൾ പ്രദർശിപ്പിച്ച എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകും. ദൈവത്തിനുമാത്രമേ അത് സാധ്യമാകൂ.’

സഹസന്യാസിനിയെ ഓർത്ത് സങ്കടപ്പെട്ട നാളുകളിൽ നൽകിയ ആത്മീയ പിന്തുണയ്ക്കും പ്രത്യാശാ നിർഭരമായ വാക്കുകൾക്കും പ്രചോദനാത്മകമായ ഐക്യദാർഢ്യത്തിനും ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’നോടുള്ള കൃതജ്ഞതയും സിസ്റ്റർ കാർമെൻ വ്യക്തമാക്കി. ‘ഞങ്ങളുടെ സഹസന്യാസിനി മോചിതയായതിന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അവളെ ഒരിക്കലും നഷ്ടപ്പെടില്ലെന്ന് ഞങ്ങൾക്ക് പ്രത്യാശയുണ്ടായിരുന്നു. ഇതാ, ഇന്ന് അവൾ ഞങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.’

അൽഖ്വയ്ദയുടെ മാലി വിഭാഗമാണ് 55 വയസുകാരിയായ സിസ്റ്റർ ഗ്ലോറിയയെ തട്ടിക്കൊണ്ടുപോയത്. 2018ൽ, തന്റെ മോചനം സാധ്യമാക്കാൻ ഫ്രാൻസിസ് പാപ്പ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്ന സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരുന്നു. 2020 ഒക്‌ടോബറിൽ തീവ്രവാദികളിൽനിന്ന് ഇറ്റാലിയൻ മിഷ്ണറി ഫാ. പിയർലൂയിജി മക്കാലിയും സോഫി പെട്രോനിനും മോചിതരായപ്പോഴാണ്, സിസ്റ്റർ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇതിനിടെ സിസ്റ്റർ ഗ്ലോറിയ സഹോദരനായ എഡ്ഗർ നർവേസിന് കഴിഞ്ഞ ഫെബ്രുവരി മാസം അയച്ച കത്ത് പുറത്തുവന്നു.

ബന്ദിയാക്കപ്പെട്ടതിന്റെ നാലാം വാർഷികത്തിൽ കൊളംബിയൻ ബിഷപ്പ് ഫ്രാൻസിസ്‌കോ മുനേറ സിസ്റ്റർ ഗ്ലോറിയയുടെ മോചനത്തിനുവേണ്ടി പ്രത്യേക പ്രാർത്ഥനാഹ്വാനം നടത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ സിസ്റ്ററുടെ മോചനത്തിനായി പ്രാർത്ഥനയും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെ, ഒക്‌ടോബർ 10നാണ് സിസ്റ്ററിന്റെ മോചന വാർത്ത മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവന്നത്. തൊട്ടടുത്ത ദിവസം വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുകയും ചെയ്തു സിസ്റ്റർ ഗ്ലോറിയ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?