Follow Us On

21

October

2021

Thursday

മുഖ്യധാരാ മാധ്യമങ്ങളുടെ ക്രൈസ്തവ വിരുദ്ധത

മുഖ്യധാരാ മാധ്യമങ്ങളുടെ  ക്രൈസ്തവ വിരുദ്ധത

ലോകത്തില്‍ എവിടെയെല്ലാം നീതിയും ന്യായവും തകര്‍ക്കുവാന്‍ ഛിദ്രശക്തികള്‍ ആഗ്രഹിച്ചിട്ടുണ്ടോ അവിടെയെല്ലാം ക്രൈസ്തവ സമൂഹം ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന് മുന്നിട്ടുനില്‍ക്കുന്നവരില്‍ രാഷ്ട്രീയ-മത-നേതൃത്വങ്ങളോടൊപ്പം മാധ്യമങ്ങളും ഉണ്ടെന്നുള്ളത് നാം കണ്ടേ മതിയാകൂ. അസത്യം പ്രചരിപ്പിക്കുക എന്നതിനെക്കാള്‍ സത്യത്തെ മൂടിവയ്ക്കുക എന്ന അതിഹീനമായ കുറ്റകൃത്യമാണ് ഇന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമ വ്യാപാര കിടമത്സരത്തില്‍ വിജയിക്കുന്നതിന് വേണ്ടുന്ന ഫണ്ടിംഗ് തന്നെയാണ് ഇതിന് അടിസ്ഥാനമെന്ന് സാമാന്യ ജനത്തിനുപോലും മനസിലായിട്ടുണ്ട്. മാധ്യമ എത്തിക്‌സിന് ചേരാത്ത പ്രവൃത്തികള്‍ നടത്തുന്ന ഇത്തരക്കാര്‍ നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പാണ് അപകടത്തിലാക്കുന്നത്. രാജ്യത്തിന് അസ്ഥിരത വരുത്താനാണ് അവര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തില്‍ എവിടെയെല്ലാം ധാര്‍മികത തകര്‍ന്ന് രാഷ്ട്രങ്ങളെ അസ്ഥിരതയിലേക്ക് നയിച്ചിട്ടുണ്ടോ, അവിടെയെല്ലാം ആദ്യം ശത്രുപക്ഷം ചെയ്തിരുന്നത് ക്രൈസ്തവ സമൂഹത്തെ ജനമനസുകളില്‍നിന്ന് അകറ്റുകയായിരുന്നു. അതു വിജയകരമായി നടപ്പിലാക്കാന്‍ രാഷ്ട്രീയ പൊളിറ്റിക്കല്‍ അജണ്ടകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതിന് ലോകചരിത്രം സാക്ഷിയാണ്. അതുതന്നെയാണ് ഇപ്പോള്‍ കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. 80:20 ന്യൂനപക്ഷ കേസിലെ വിധിയെ തുടര്‍ന്ന് കോട്ടയത്തുവച്ച് ഞാന്‍ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന പത്രസമ്മേളനത്തില്‍ ആ അനീതിക്ക് എതിരെ കേസ് നല്‍കിയ ആള്‍ എന്ന നിലയില്‍ വളരെ വിശദമായി കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങളൊന്നും അതു റിപ്പോര്‍ട്ട് ചെയ്തില്ല.
ഒക്‌ടോബര്‍ നാലിന് സംയുക്ത ക്രൈസ്തവ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. നമ്മുടെ നാട്ടില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയുടെ ഒരു ഭാഗമാണിത്. മാധ്യമങ്ങളെല്ലാം നമ്മുടെ പക്ഷത്താണ്, നമ്മുടെ സ്വന്തമാണ്, അവരാരും നമുക്കെതിരെ ശബ്ദിക്കില്ലെന്ന എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍ ഇതിനോട് കൂട്ടിവായിക്കണം. ക്രൈസ്തവ സമൂഹത്തിലെ ചെറിയ ന്യൂനതകള്‍പ്പോലും ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളെയും അവയ്ക്ക് നേതൃത്വം നല്‍കുന്നവരെയും പുറത്തുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. അത്തരം തിന്മകള്‍ക്കെതിരെ എവിടെയെല്ലാം ക്രൈസ്തവ സമൂഹം പ്രതികരിച്ചിട്ടുണ്ടോ അവിടെയെല്ലാം എതിര്‍പക്ഷം തീവ്രമായ നിലപാട് എടുക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഉള്ളില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ വിരുദ്ധതയാണ് ഇതിനു കാരണം.
കേരളത്തില്‍ സത്യസന്ധമായ വാര്‍ത്തകളും അറിവുകളും നല്‍കുന്ന, ക്രൈസ്തവ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളെ പ്രമോട്ട് ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്രൈസ്തവ സമൂഹം അതീവ ജാഗ്രതയോടെ ഈയൊരു പ്രശ്‌നത്തെ നേരിടേണ്ടതുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പംതന്നെ ക്രൈസ്തവ മാധ്യമങ്ങള്‍ക്ക് പ്രചാരം ലഭിക്കുന്നതിനുംകൂടി നാം മുന്നോട്ടുവരണം. ഈ കാര്യത്തില്‍ സഭാംഗങ്ങളും സമുദായവും ഒറ്റക്കെട്ടായി നിലകൊള്ളണം. ക്രിസ്തുവിശ്വാസി എന്നതിന്റെ പേരില്‍മാത്രം അവഗണിക്കപ്പെടുവാനും മാറ്റിനിര്‍ത്തപ്പെടുവാനും നാം അനുവദിക്കരുത്. നമ്മുടെ പ്രതിഷേധം അറിയിക്കണം. അതിന് ഏറ്റവും എളുപ്പം നമുക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കുക എന്നതാണ്. ഒക്‌ടോബര്‍ നാലിന് നടന്ന സെക്രട്ടറിയേറ്റ് ധര്‍ണയുടെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ മടിച്ച ഒരു പ്രമുഖ പത്രം മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആ വാര്‍ത്ത കൊടുക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട അവസ്ഥയിലേക്ക് നമ്മുടെ സമ്മര്‍ദവും പ്രതിഷേധവും ശക്തിപ്പെട്ടു എന്ന കാര്യവും വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ ഹിഡന്‍ അജണ്ടയെ പ്രത്യേകിച്ച്, അവരിലൂടെ നടപ്പിലാക്കപ്പെടുന്ന പൊളിറ്റിക്കല്‍ അജണ്ടയെ തിരിച്ചറിഞ്ഞ് അതിനെ പരാജയപ്പെടുത്തുവാന്‍ ക്രൈസ്തവ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടുവരണം.
മാധ്യമങ്ങളുടെ പക്ഷപാതം മതേതരത്വത്തിനും ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും എതിരാണ്. എന്നുമാത്രമല്ല, അവ തകരാനും അതു ഇടവരുത്തും. ജനാധിപത്യത്തെയും മതേരത്വത്തെയും പരസ്യമായി വെല്ലവിളിച്ചുകൊണ്ട് ഒരു മതസമൂഹത്തെ കുറ്റപ്പെടുത്താന്‍ നിലകൊള്ളുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. ലൗജിഹാദിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ മടിക്കുന്ന പത്രങ്ങളെയും നാര്‍ക്കോട്ടിക് ടെററിസത്തിന്റെ വാര്‍ത്തകള്‍ കൊടുക്കാന്‍ മടിക്കുന്ന മാധ്യമങ്ങളെയും നമ്മള്‍ ബഹിഷ്‌കരിക്കണം. ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് മാധ്യമങ്ങളോട് പറയുമ്പോള്‍, അല്ലെങ്കില്‍ അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ മുഖംതിരിക്കുകയും നമുക്കെതിരെ വാര്‍ത്തകള്‍ കൊടുക്കാന്‍ മത്സരിക്കുകയും ചെയ്യുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതിനാല്‍ മാധ്യമങ്ങളുടെ ഇത്തരം നീതികേടുകള്‍ക്കെതിരെ നമ്മള്‍ ശക്തമായി പ്രതികരിക്കണം.

അഡ്വ.ജസ്റ്റിന്‍ പള്ളിവാതുക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?