Follow Us On

21

October

2021

Thursday

ലൗകിക കാര്യങ്ങൾക്ക് വിട, ഇനിയുള്ള കാലമത്രയും ക്രിസ്തുവിന്റെ മാത്രം! സമർപ്പിതജീവിതം തിരഞ്ഞെടുത്ത് സ്പാനിഷ് സഹോദരിമാർ

ലൗകിക കാര്യങ്ങൾക്ക് വിട, ഇനിയുള്ള കാലമത്രയും ക്രിസ്തുവിന്റെ മാത്രം! സമർപ്പിതജീവിതം തിരഞ്ഞെടുത്ത് സ്പാനിഷ് സഹോദരിമാർ

മാഡ്രിഡ്: സന്യസ്ത ദൈവവിളികൾ കുറയുന്നുവെന്ന സർവേ ഫലങ്ങൾ വാസ്തവമാണെങ്കിലും, അത്ഭുതാവഹമായ സന്യസ്ത ദൈവവിളികൾ ലോകമെമ്പാടും സംഭവിക്കുന്നുണ്ട്. അതിലൊന്നായി വിശേഷിപ്പിക്കാം, ദിനങ്ങളുടെ ഇടവേളയിൽ സന്യാസജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിച്ച ഈ സ്പാനിഷ് സഹോദരിമാരുടെ ദൈവവിളി. മാഡ്രിഡിൽനിന്നുള്ള ലൂർദ് സാൽഗാഡോ, ഗ്ലോറിയ സാൽഗാഡോ എന്ന രണ്ട് സഹോദരിമാരാണ് ലോകം വെച്ചുനീട്ടുന്ന പ്രലോഭനങ്ങളോടെല്ലാം വിടചൊല്ലി, സന്യാസജീവിതം തിരഞ്ഞെടുത്തത്.

ഏഴ് മക്കളുള്ള വലിയ കുടുംബത്തിലെ ഇളയസന്താനങ്ങളാണിവർ. ലൂർദിന് പ്രായം 20 വയസ്, ഗ്ലോറിയയ്ക്ക് 18 വയസും. രണ്ട് വയസ് ഇളയതാണെങ്കിലും ഗ്ലോറിയയാണ് ക്രിസ്തുവിന്റെ വിളിക്ക് ആദ്യം പ്രത്യുത്തരിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ എട്ടിന് അവൾ ‘ഓർഡർ ഓഫ് ദ ഡോക്‌ടേഴ്‌സ് ഓഫ് ഔർ ലേഡി മേരി’ സന്യാസിനി സഭയിൽ ചേരുകയായിരുന്നു. ബുർഗോസിൽ സ്ഥിതിചെയ്യുന്ന ‘ഈസു കമ്മ്യൂണിയോ’ സന്യാസിനി സഭയിലാണ് ലൂർദ്‌സ് പരിശീലനം ആരംഭിക്കുന്നത്. ഗെറ്റഫി രൂപതയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ഈ സഹോദരിമാരെ കുറിച്ച് ലോകം അറിഞ്ഞത്.

കുടുംബത്തിൽനിന്ന് ലഭിച്ച വിശ്വാസപരിശീലനം മുതൽ സ്‌കൂളിൽനിന്ന് പകർന്നുകിട്ടിയ ബോധ്യങ്ങൾവരെ തങ്ങളുടെ ദൈവവിളി രൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇരുവരും സാക്ഷിക്കുന്നു. ലൗകീക ചിന്തകളാൽ എപ്പോഴും വിസ്മരിച്ചുപോയ സന്യാസജീവിതം എന്ന ആഗ്രഹത്തിലേക്ക് വീണ്ടും തന്നെ നയിച്ച ദൈവത്തിന് നന്ദി പറഞ്ഞാണ് കന്യാസ്ത്രീ മഠത്തിൽ പ്രവേശിക്കാൻ ലൂർദ് ഒരുങ്ങുന്നത്. ദൈവത്തിന്റെ വലിയ കാരുണ്യമായാണ് തന്റെ ദൈവവിളിയെ കാണുന്നതെന്നും ലൂർദ് സാക്ഷ്യപ്പെടുത്തുന്നു.

‘സന്യാസിനിയാകാനുള്ള ആഗ്രഹം എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. എന്നാൽ ജീവിതത്തിൽ എപ്പോഴും നാം പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടക്കില്ല. ലൗകിക കാര്യങ്ങൾക്കായി ഞാൻ എന്റെ വിളിയെയും ഈശോയോയും മറന്നു. എന്നാൽ, ഈശോ എന്നെ മറന്നില്ല. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും അവിടുന്ന് എന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു. ഈശോയെ വീണ്ടും കണ്ടുമുട്ടിയതിലൂടെ അവിടുന്ന് എന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന ബോധ്യത്തിലേക്ക് ഞാൻ തിരിച്ചെത്തുകയായിരുന്നു,’ ലൂർദ് പങ്കുവെച്ചു.

ഗ്ലോറിയയെ സംബന്ധിച്ച്, സ്‌കൂൾ പഠനകാലത്താണ് സമർപ്പിത ജീവിതത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ‘ഓർഡർ ഓഫ് ദ ഡോക്‌ടേഴ്‌സ് ഓഫ് ഔർ ലേഡി മേരി’ സന്യാസിനി സഭ നടത്തുന്ന വിദ്യാലയത്തിൽ തന്നെയാണ് ഗ്ലോറിയ പഠിച്ചത്. ആ നാളുകളിൽ സന്യാസിനികളിൽ ക്രിസ്തുവിനെ കാണാനായതും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഗ്ലോറിയ പറയുന്നു: ‘ഈശോയുടെ ഹൃദയം എനിക്കായി ദാഹിക്കുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു. പതിയെ പതിയെ ഞാൻ അവിടുത്തേക്കു വേണ്ടി ദാഹിക്കുന്നുവെന്നും മനസിലാക്കി.’

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് തങ്ങളുടെ ആഗ്രഹത്തെ ഏറ്റവും എളുപ്പമുള്ളതാക്കിയതെന്നും ഇരുവരും സാക്ഷിക്കുന്നു. ‘പരിശുദ്ധ മറിയത്തിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ തങ്ങൾക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ സാധിക്കില്ലായിരുന്നു.’ അനേകം ആത്മാക്കളെ നേടാനാണ് ദൈവം തങ്ങളെ വിളിച്ചിരിക്കുന്നത് എന്ന ബോധ്യത്തോടെ, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം യേശുവിനായി സമർപ്പിക്കാൻ സാധിക്കുന്നതിന്റെ ആനന്ദത്തിലാണ് ഈ സഹോദരങ്ങൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?