Follow Us On

29

November

2021

Monday

മാധ്യമങ്ങള്‍ കണ്ണടച്ചാല്‍ ഇരുട്ടാകില്ല

മാധ്യമങ്ങള്‍ കണ്ണടച്ചാല്‍  ഇരുട്ടാകില്ല

മാധ്യമങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ പ്രഭാതത്തിലും പത്രത്തിലേക്ക് ഒന്നോടിച്ചു നോക്കുകയെങ്കിലും ചെയ്യാത്ത മലയാളികള്‍ വിരളമായിരിക്കും. പലരുടെയും ദിവസം ആരംഭിക്കുന്നതുതന്നെ പത്രം വായനയോടെയാണ്. മലയാളികളുടെ സംസ്‌കാരത്തെയും കാഴ്ചപ്പാടുകളെയുമൊക്കെ രൂപപ്പെടുത്തിയതിലും വിശാലമാക്കിയതിലും മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജനാധിപത്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിലും രാജ്യത്ത് നിയമവാഴ്ച ഉറപ്പിക്കുന്നതിലുമെല്ലാം മാധ്യമങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. നീതിനിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ എല്ലാവരും ഉറ്റുനോക്കുന്നത് മാധ്യമങ്ങളെയാണ്. അതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അഭിപ്രായരൂപീകരണം നടക്കുന്നതില്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ സ്വാധീനം ചെലുത്തും. ഭരണകൂടങ്ങള്‍ സ്വീകരിച്ച ചില നീതിരഹിത തീരുമാനങ്ങളില്‍നിന്നും പലപ്പോഴും പിന്തിരിയേണ്ടിവന്നിട്ടുള്ളത് മാധ്യമങ്ങളുടെ ഇടപെടലുകള്‍ മൂലമാണെന്നത് യാഥാര്‍ത്ഥ്യമാണ്.
അധികാരികള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ച അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും എത്രയോ കഥകളാണ് മാധ്യമങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചതുകൊണ്ട് പുറത്തുവന്നിട്ടുള്ളത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് അധികാരികള്‍ മുഖംരക്ഷിക്കാന്‍ വേണ്ടിയാണെങ്കിലും എടുത്ത തീരുമാനങ്ങളില്‍നിന്നും പുറകോട്ടുപോകുന്ന ധാരാളം സംഭവങ്ങള്‍ സമീപകാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. ഏതു രംഗത്തുള്ളവര്‍ക്ക് വഴിതെറ്റിയാലും അതു ചൂണ്ടിക്കാണിക്കാന്‍ ഉത്തരവാദിത്വമുള്ളവരാണ് മാധ്യമങ്ങള്‍.
കേരളത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ചത് ക്രൈസ്തവ മിഷനറിമാരായിരുന്നു. കേരളത്തില്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടതും മിഷനറിമാരാണ്. ബഞ്ചമിന്‍ ബെയ്‌ലി എന്ന വിദേശ മിഷനറി 1821-ല്‍ കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ചതോടെയാണ് ഇവിടെ വര്‍ത്തമാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അച്ചടിക്കാന്‍ തുടങ്ങിയത്. 1847-ല്‍ കേരളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായ രാജ്യസമാചാരം ആരംഭിച്ചതും മിഷനറിമായിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ദിനപത്രമായ ദീപികയും ക്രൈസ്തവ സഭയുടെ സംഭാവനയാണ്. വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്ന കാലഘട്ടത്തിലായിരുന്നു മിഷനറിമാര്‍ മാധ്യമങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, അവരുടെ പിന്‍തലമുറക്കാരുടെ കാലമായപ്പോള്‍ മാധ്യമങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് എതിരാകുന്നു എന്നൊരു വിരോധാഭാസവും സംഭവിച്ചിരിക്കുന്നു. സത്യം അസത്യമായും അസത്യം സത്യമായും അവതരിപ്പിക്കപ്പെടുന്നു.
മാധ്യമങ്ങള്‍ നീതിരഹിതമായി പക്ഷംചേരുന്നു എന്നത് വര്‍ത്തമാന കാലം നേരിടുന്ന വലിയൊരു പ്രശ്‌നമാണ്. പല വാര്‍ത്തകളും വെളിച്ചം കാണാതിരിക്കുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യുന്നു. അതിന് ഇരകളായി മാറുന്നത് ഇപ്പോള്‍ ക്രൈസ്തവ സമൂഹമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള നീതിനിഷേധങ്ങളെ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നീതിപീഠങ്ങള്‍ എടുക്കുന്ന നീതിയുക്തമായ തീരുമാനങ്ങള്‍പ്പോലും വേണ്ടവിധത്തില്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്ക്കുകയോ അകലംപാലിക്കുകയോ ചെയ്യുന്നു. എന്നുമാത്രമല്ല, ക്രൈസ്തവ സമൂഹത്തിന്റെ പ്രതികരണങ്ങളോടും പ്രതിഷേധങ്ങളോടും നിഷേധാത്മകമായ നിലപാടുകളാണ് കുറെക്കാലങ്ങളായി മാധ്യമങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നതും. നിതീനിഷേധിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ തെറ്റുകാരായി മുദ്രകുത്തപ്പെടാനും ഇതു കാരണമാകുന്നു.
എക്കാലവും നിസ്വാര്‍ത്ഥമായി സമൂഹത്തെ സേവിക്കുന്നവരാണ് ക്രൈസ്തവര്‍. വിശാലമായ കാഴ്ചപ്പാടുകളാണ് അവരെ നയിക്കുന്നതും. ഒരു സമൂഹമെന്ന നിലയില്‍ അര്‍ഹമായത് ചോദിച്ചുവാങ്ങാന്‍ ക്രൈസ്തവര്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, അവരുടെ നിലനില്പുതന്നെ അപകടത്തിലാകുന്ന സാഹചര്യത്തിലാണ് ക്രൈസ്തവ സമൂഹം പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും. പക്ഷേ, അപ്പോഴും ക്രൈസ്തവരുടെ ശബ്ദം പുറംലോകം അറിയാതിരിക്കാന്‍ ശ്രമിക്കുന്നത് കടുത്ത നീതിനിഷേധമാണ്. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും വക്താക്കളാകേണ്ട മാധ്യമങ്ങള്‍ വിവേചനാപൂര്‍വ്വം പെരുമാറുമ്പോള്‍ അതു സമൂഹത്തില്‍ ഏല്പിക്കുന്ന ആഘാതം വലുതാണ്.
കോര്‍പറേറ്റുകളും വാണിജ്യതാല്പര്യത്തോടെ പണം മുടക്കിയവരുമൊക്കെയാണ് ഇപ്പോള്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കരുതെന്നത് പഴയൊരു പ്രയോഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷത കൈവിടുമ്പോള്‍ തകരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. നീതിയുടെ ഭാഗത്തുനിന്നും വ്യതിചലിച്ചാല്‍ മാധ്യമങ്ങളുടെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെടുകയും ക്രമേണ അവ അപ്രസക്തമാകുകയും ചെയ്യും. ക്രൈസ്തവരോട് നിഷേധാത്മക നിലപാടു സ്വീകരിച്ചാല്‍ എക്കാലവും ക്രൈസ്തവരുടെ ശബ്ദം ദുര്‍ബലമാകുമെന്ന് വിചാരിക്കുന്നത് മൗഢ്യമായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?