ജോസഫ് മൈക്കിള്‍
ജീവിതത്തെപ്പറ്റി പരാതിയും പരിഭവും നിരാശനിറഞ്ഞ ചിന്തകളുമായി നടക്കുന്നവര്‍ സിന്റോയിയ ബ്രൗണിന്റെ ജീവിതമൊന്നു കേള്‍ക്കണം. പരാതി പറച്ചില്‍നിര്‍ത്തി അവര്‍ ദൈവത്തിന് നന്ദിപറയാന്‍ തുടങ്ങും. ജയില്‍പുള്ളികളോട് സുവിശേഷം പറഞ്ഞിട്ട് എന്തു പ്രയോജനമെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരംകൂടിയാണ് ഈ എഴുത്തുകാരി. അങ്ങനെ ചിലര്‍ ജയിലില്‍ എത്തിയില്ലായിരുന്നെങ്കില്‍ സിന്റോയിയ ബ്രൗണ്‍ എന്ന എഴുത്തുകാരി ഉണ്ടാകുമായിരുന്നില്ല. അതിനുപകരം പകയുടെയും പ്രതികാരത്തിന്റെയും ചിന്തകളില്‍ വെണ്ണീര്‍പോലെ സ്വയം എരിഞ്ഞുകൊണ്ട് തടവറയ്ക്കുള്ളില്‍ ലോകം അറിയാതെ ഇപ്പോഴും അവശേഷിക്കുമായിരുന്നു.
സിനിമയായി മാറിയ ജീവിതം
വായിക്കുംതോറും ആകാംക്ഷ വര്‍ധിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ നോവല്‍പ്പോലെയാണ് സിന്റോയിയ ബ്രൗണിന്റെ ജീവിതം. ബ്രൗണിന്റെ ജീവിതം സിനിമയാക്കപ്പെട്ടിട്ടുണ്ടെന്നത് മറ്റൊരു കാര്യം. 2011-ല്‍ പുറത്തുവന്ന ‘മീ ഫെയ്‌സിങ്ങ് ലൈഫ്-സിന്റോയിയാസ് സ്റ്റോറി’ എന്ന ഡോക്യുമെന്ററി ബ്രൗണിന്റെ ജീവിതമായിരുന്നു. ഡാനിയേല്‍ ബിര്‍മാന്‍ എന്ന പ്രശസ്ത സംവിധായകനായിരുന്നു അവളുടെ അനുഭവങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തിയത്. ആ ഡോക്യുമെന്ററി ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
1989 ജനുവരി 29-ന് അമേരിക്കയിലെ ടെന്നീസി സംസ്ഥാനത്തായിരുന്നു ബ്രൗണിന്റെ ജനനം. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമയായ ഒരു ടീനേജുകാരിയുടെ മകളായി. പിതാവ് ആരാണെന്നുപോലും അറിയില്ലായിരുന്നു. അധികം കഴിയുന്നതിനുമുമ്പ് അമ്മ അവളെ അനാഥാലയത്തില്‍ ഏല്പിച്ചു. ഒറ്റപ്പെടലും ഏകാന്തതയുമായിരുന്നു ബാല്യത്തിലെ കൂട്ടുകാര്‍. അതവളെ ആത്മവിശ്വാസം ഒട്ടുമില്ലാത്ത പെണ്‍കുട്ടിയാക്കി മാറ്റി. പിന്നീട് ഒരു കുടുംബം അവളെ ദത്തെടുത്തെങ്കിലും ബാല്യത്തിലെ വേദന നിറഞ്ഞ അനുഭവങ്ങള്‍ ലോകത്തോടുള്ള പകയായി അവളുടെ ഉള്ളില്‍ വളര്‍ന്നുകഴിഞ്ഞിരുന്നു. വിപരീത ചിന്ത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലോകത്ത് എത്തിച്ചു. ബോയ്ഫ്രണ്ടിന്റെ ചതിയിലൂടെ മനുഷ്യക്കടുത്തുകാരുടെ പിടിയില്‍പ്പെട്ടു. അങ്ങനെ അവള്‍ പലതവണ പീഡിപ്പിക്കപ്പെട്ടു.
കണ്ണില്ലാത്ത നിയമം
ജോണി അലന്‍ എന്ന 43-കാരന്റെ കൊലപാതക കേസിലാണ് ബ്രൗണ്‍ അറസ്റ്റിലാകുന്നത്. അവള്‍ കുറ്റം നിഷേധിച്ചില്ല. താന്‍ ആ മനുഷ്യനെ കൊന്നു എന്നത് ബ്രൗണ്‍ കോടതിയിലും ആവര്‍ത്തിച്ചു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് അയാളുടെ നേരെ വെടി ഉതിര്‍ത്തത് എന്ന ഭാഗം കോടതിയില്‍ തെളിയിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. പണം മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ കരുതിക്കൂട്ടി നടത്തിയ കൊലപാതകം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അവളുടെ ഭാഗം ശക്തമായി പറയാന്‍ ആരും ഉണ്ടായിരുന്നില്ല. കേവലം 16 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന യാഥാര്‍ത്ഥ്യത്തിന് നിയമം അധികം പ്രാധാന്യം നല്‍കിയില്ല. ഏറ്റവും കടുത്ത ശിക്ഷ അവള്‍ക്ക് ലഭിച്ചു. 51 വര്‍ഷത്തെ കഠിന തടവ്.
തടവുകാരുടെ വിദ്യാഭ്യാസ കാര്യങ്ങളുടെ ചാര്‍ജ് വഹിച്ചിരുന്ന പ്രിസണ്‍ എഡ്യൂക്കേഷന്‍ ഓഫീസറുടെ ഇടപെടലാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. കൊടുംക്രിമിനലായി മുദ്രകുത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട കൗമാരക്കാരിയെ കണ്ടപ്പോള്‍ അവര്‍ക്ക് വല്ലാത്തൊരു വേദന ഉണ്ടായി. ഒരുള്‍പ്രേരണയാലെന്നവിധം അവളുടെ കഴിഞ്ഞകാലങ്ങള്‍ അവര്‍ ചികഞ്ഞു. ആ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ചെയ്യുമെന്ന് ചിന്തിക്കാന്‍ കഴിയാത്തവിധത്തിലുള്ള തെറ്റുകള്‍ ചെയ്തുകൂട്ടിയതായിരുന്നു ഇന്നലെകള്‍. മുമ്പ് രണ്ട് വര്‍ഷം ജുവനൈല്‍ ഹോമില്‍ അടയ്ക്കപ്പെട്ടിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അനാഥത്വത്തിന്റെയും സങ്കടങ്ങളുടെ നടുവില്‍ പകച്ചുപോയ ഒരു പെണ്‍കുട്ടിയെയാണ് പ്രിസണ്‍ ഓഫീസര്‍ അവളില്‍ കണ്ടത്.
51 വര്‍ഷം നീളുന്ന ജയില്‍വാസം
അവളുടെ ചുവടുകള്‍ ഇടറിയതിന്റെ പിന്നില്‍ സാഹചര്യങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് മനസിലായി. താനുള്‍പ്പെടുന്ന സമൂഹത്തിനതില്‍ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യത്തിലേക്കാണ് അവര്‍ എത്തിയത്. അതൊരു പ്രത്യേക സ്‌നേഹവും കാരുണ്യവുമായി മാറി. തന്റെ വേദനകള്‍ക്ക് കാരണക്കാരായവരോടുള്ള വെറുപ്പായിരുന്നു ആ പെണ്‍കുട്ടിയുടെ മനസുനിറയെ. ഏതു കഠിനഹൃദയന്റെ ഉള്ളിലും നന്മയിലേക്ക് വരാന്‍ കൊതിക്കുന്ന മനസ് ഉണ്ടാകുമെന്ന് അവര്‍ക്ക് നിശ്ചയം ഉണ്ടായിരുന്നു.
തെറ്റുകളുടെ ലോകത്തുകൂടി സഞ്ചരിച്ച ഒരാളെ ഒരുദിവസംകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രിസണ്‍ ഓഫീസര്‍ക്ക് ബോധ്യമുണ്ടായിരുന്നു. എങ്കിലും സ്‌നേഹത്തിന്റെ ഒരു വിളക്കു അവളുടെ മുമ്പില്‍ കത്തിച്ചുവച്ചു. ആ കാലത്താണ് ജയില്‍മിനിസ്ട്രിയുടെ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തുന്നത്. അവരാണ് ക്രിസ്തുവിന്റെ കുരിശിലെ ക്ഷമിക്കുന്ന സ്‌നേഹം അവള്‍ക്ക് പരിചയപ്പെടുത്തിയത്. തന്റെ പാപപങ്കിലമായ ജീവിതം ക്രിസ്തുവിന്റെ മുമ്പില്‍ അവള്‍ അടിയറവച്ചു. പ്രതീക്ഷിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല അവള്‍ക്ക് അപ്പോഴും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പ്രായം 67 ആകുമായിരുന്നു.
അവര്‍ കൊളുത്തിവച്ച ആ മെഴുതിരിനാളത്തില്‍ നിന്നും പ്രകാശം സ്വീകരിച്ച് തന്റെ മുമ്പില്‍ ഉണ്ടായിരുന്ന കനത്ത അന്ധകാരത്തെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജീവിതത്തിലെ വസന്തകാലങ്ങള്‍ മുഴുവന്‍ ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒരാള്‍ക്ക് പ്രതീക്ഷയ്ക്ക് വകയില്ലെങ്കിലും ക്രിസ്തുവിന്റെ കുരിശില്‍നിന്നും ലഭിച്ച പ്രത്യാശകൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ ആരംഭിച്ചു. മുടങ്ങിപ്പോയ തന്റെ വിദ്യാഭ്യാസം ജയിലില്‍കിടന്നുകൊണ്ട് പുനരാരംഭിച്ചു. വിശുദ്ധിയുടെ വഴികളിലൂടെയുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു. അവള്‍ക്ക് നന്മയുടെ വഴികള്‍ ഉപദേശിച്ചുകൊടുത്തവര്‍ പ്രതീക്ഷിച്ചതിലും ഉന്നതമായ ആത്മീയതയുടെ പടവുകളിലേക്കായിരുന്നു അവളുടെ സഞ്ചാരം. ലോകത്തോട് മുഴുവന്‍ പകയുമായി ജയിലെത്തിയ ഒരാള്‍ക്ക് ഇങ്ങനെയൊരു മാനസാന്തരം ഉണ്ടാകുമോ എന്ന് സംശയിച്ചവരും കുറവല്ല. ദൈവത്തിന്റെ അനന്തകൃപ എന്നാണ് ബ്രൗണ്‍ അതിനെ വിശേഷിപ്പിക്കുന്നത്.
എഴുത്തുകാരിയുടെ ജനനം
നന്മയുടെ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയപ്പോള്‍ ഒരിക്കലും ചിന്തിക്കാത്ത പുതിയൊരു മേഖലയിലേക്ക് ദൈവം അവളെ നയിക്കാന്‍ തുടങ്ങി. അങ്ങനെയാണ് എഴുത്തിന്റെ ലോകത്തിലേക്ക് എത്തപ്പെട്ടത്. ഇരുമ്പഴികള്‍ക്കുള്ളില്‍ കിടന്നുകൊണ്ട് അവള്‍ എഴുതിയത് പ്രത്യാശനിറഞ്ഞ ചിന്തകളായിരുന്നു. അതില്‍ സ്വന്തം ജീവിതം ഉണ്ടായിരുന്നു. നീതിനിഷേധിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഉണ്ടായിരുന്നു. എഴുത്തിലൂടെയാണ് അവളെ ലോകം അറിഞ്ഞത്. 16-കാരിയോട് നിയമവും നീതിപീഠവും അല്പംകൂടി കരുണകാണിക്കേണ്ടതായിരുന്നു എന്നൊരു ചിന്ത സമൂഹത്തില്‍ പ്രബലപ്പെടാന്‍ തുടങ്ങി.
അങ്ങനെയാണ് ബ്രൗണിന്റെ മോചനത്തിനുവേണ്ടിയുള്ള കാമ്പയിന്‍ ആരംഭിക്കുന്നത്. ആത്മീയ നേതാക്കന്മാര്‍, സെലിബ്രറ്റികള്‍, എഴുത്തുകാര്‍, ചിന്തകര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിമുള്ളവര്‍ അതില്‍ അണിനിരന്നു. 2019 ഓഗസ്റ്റ് ഏഴിന് നീണ്ട 15 വര്‍ഷക്കാലത്തെ ജയില്‍ ജീവിതത്തിന് ശേഷം ബ്രൗണ്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചു. ടെന്നീസി ഗവര്‍ണര്‍ ബില്‍ ഹാസ്ലാമാണ് ശിക്ഷായിളവ് നല്‍കി ബ്രൗണിനെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്.
പുതിയ തുടക്കത്തിനുവേണ്ടി ദൈവം എനിക്കുതന്ന രണ്ടാം ജന്മമെന്നാണ് തന്റെ മാനസാന്തരത്തെ ഈ എഴുത്തുകാരി വിശേഷിപ്പിക്കുന്നത്. എന്നിട്ട് അവര്‍ അതിനോടൊപ്പം ഇങ്ങനെകൂടി കൂട്ടിച്ചേര്‍ക്കുന്നു.” ദൈവം എപ്പോഴും എന്റെ കരങ്ങളില്‍ പിടിച്ചിട്ടുണ്ടായിരുന്നു.” പിതാവ് ആരെന്ന് അറിയാതെ കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞാണ് ബ്രൗണ്‍. അവള്‍ ഉദരത്തിലായിരിക്കുമ്പോഴും മദ്യവും മയക്കുമരുന്നുകളും യഥേഷ്ടം ഉപയോഗിച്ചതിന്റെ ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു അവളുടെ ജനനം. അധികം കഴിയുന്നതിനുമുമ്പുതന്നെ അനാഥാലയത്തില്‍ ഏല്പിച്ചിട്ട് അവര്‍ തന്റെ വഴിക്കുപോയി. എന്നിട്ടും ദൈവത്തിന്റെ മഹാകാരുണ്യത്തിന്റെ ജീവിക്കുന്ന സാക്ഷ്യമെന്നാണ് ബ്രൗണ്‍ സ്വയം വിശേഷിപ്പിക്കുന്നത്.
ലക്ഷ്യം യുവജനങ്ങള്‍
തന്നെ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയോട് ബ്രൗണിന് അല്പംപോലും വിരോധമില്ല. ഇങ്ങനെയൊരു മകള്‍ ഉണ്ടെന്ന് ഒരുപക്ഷേ ഇപ്പോഴും അറിയാത്ത പിതാവിനോടും ദേഷ്യവുമില്ല. അതിനുപകരം താന്‍ ഈ ഭൂമിയില്‍ ജനിക്കാന്‍ കാരണക്കാരായ അവരോട് നന്ദി മാത്രം. ഉദരത്തില്‍ ജീവന്റെ തുടിപ്പായി രൂപപ്പെട്ട സമയത്ത് അവര്‍ക്ക് വേണമെങ്കില്‍ നിഷ്‌ക്കരുണം തന്നെ ഒഴിവാക്കാമായിരുന്നു. എന്നിട്ടും കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി അപമാനം സഹിച്ചും തനിക്ക് ജന്മം നല്‍കിയല്ലോ എന്ന് ചിന്തിക്കാന്‍ ആരംഭിച്ചാല്‍ ദൈവത്തിന്റെ പരിപാലനയുടെ കരം അവിടംമുതല്‍ കാണാന്‍ കഴിയില്ലേ എന്നാണ് ബ്രൗണിന്റെ ചോദ്യം. തനിക്ക് ഇത്തരമൊരു തിരിച്ചറിവ് ലഭിക്കാന്‍ ജയിലില്‍ വരേണ്ടിവന്നു എന്ന യാഥാര്‍ത്ഥ്യവും അവര്‍ സമ്മതിക്കുന്നു.
ബ്രൗണ്‍ തന്റെ ജീവിതം പറയുമ്പോള്‍ കേള്‍വിക്കാരെ പ്രചോദിപ്പിക്കുന്നതിനൊപ്പം മനുഷ്യര്‍ നേരിടുന്ന നീതികേടുകള്‍ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്യും. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന നീതിനിഷേധങ്ങള്‍. അവരുടെ വാക്കുകള്‍ കേട്ട് തെറ്റുകളോട് വിടപറഞ്ഞവര്‍ നിരവധി. ജയില്‍നിന്നിറങ്ങി കുറഞ്ഞകാലംകൊണ്ട് ബ്രൗണ്‍ ശ്രദ്ധിക്കപ്പെട്ടത് നീതിന്യായ വ്യവസ്ഥയുടെ പരിഷ്‌ക്കാരങ്ങള്‍ക്കും മനുഷ്യക്കടത്ത് ഇരകള്‍ക്കുവേണ്ടി നടത്തിയ ഇടപെടലുകള്‍കൊണ്ടായിരുന്നു. അതിന്റെ പേരില്‍ നിരവധി പുരസ്‌കാരങ്ങളും ഈ എഴുത്തുകാരിയെ തേടി എത്തിയിട്ടുണ്ട്.
അമേരിക്കയിലെ പ്രശസ്തമായ എന്‍സിഎഎപി ലിറ്ററി ഇമേജ് അവാര്‍ഡിന് 2020-ല്‍ സിന്റോയിയ ബ്രൗണ്‍ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അങ്ങനെയാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ ഗസ്റ്റ് കോളമിസ്റ്റായി ക്ഷണം ലഭിച്ചത്. ജയിലില്‍നിന്നിറങ്ങി അധികം കഴിയുന്നതിനുമുമ്പ് വിവാഹം നടന്നു. ഭര്‍ത്താവ് ജെയിം ലോങ്ങും ബ്രൗണും ചേര്‍ന്ന് രൂപംകൊടുത്ത എന്‍ജിഒ ആണ് ‘ജസ്റ്റിസ്, ഫ്രീഡം ആന്റ് മേഴ്‌സി.’ നീതിനിഷേധിക്കപ്പെട്ടവര്‍ക്കും മനുഷ്യക്കടത്തിന് ഇരകള്‍ക്കുംവേണ്ടിയാണ് ഈ സംഘടന പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ബ്രൗണ്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് യുവജനങ്ങളോടാണ്. കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങി പുതിയതലമുറയോട് സംവദിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കില്ല. ഇടറിപ്പോയ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍നിന്നാണ് അവര്‍ സംസാരിക്കുന്നത്. ആ വാക്കുകള്‍ കേട്ട് തെറ്റുകളുടെ വഴികള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും ഓരോ ദിവസവും കൂടുകയാണ്. സിന്റോയിയ ബ്രൗണിന്റെ ഓര്‍മക്കുറിപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവ ഓരോന്നും പ്രത്യാശയുടെ പുതിയ വാതിലുകളാണ് വായനക്കാരുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *