Follow Us On

29

November

2021

Monday

ശ്രദ്ധേയം വത്തിക്കാന്റെ തീരുമാനം; ഇത്തവണ ക്രിസ്മസ് സ്റ്റാംപ് ഒരുക്കും ഭവനരഹിതനായ തെരുവ് ചിത്രകാരൻ

ശ്രദ്ധേയം വത്തിക്കാന്റെ തീരുമാനം; ഇത്തവണ ക്രിസ്മസ് സ്റ്റാംപ് ഒരുക്കും ഭവനരഹിതനായ തെരുവ് ചിത്രകാരൻ

വത്തിക്കാൻ സിറ്റി: തിരുപ്പിറവിയോട് അനുബന്ധിച്ച് വത്തിക്കാൻ പ്രസിദ്ധീകരിക്കുന്ന ക്രിസ്മസ് സ്റ്റാംപുകൾ വിശ്വപ്രസിദ്ധമാണ്. സ്റ്റാംപുകൾ പുറത്തിറങ്ങാൻ നാളുകൾ ഇനിയുമുണ്ടെങ്കിലും, 2021ലെ സ്റ്റാംപിനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. അതിനാൽ സംശയം വേണ്ട, ഇത്തവണത്തെ സ്റ്റാംപുകൾക്ക് മൂല്യം കൂടും! അതിന് കാരണം എന്തെന്നോ? തലചായ്ക്കാൻ ഇടമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ചിത്രകാരനാണ് വത്തിക്കാൻ എന്ന സ്വതന്ത്ര രാജ്യത്തിനുവേണ്ടി ഇത്തവണ ക്രിസ്മസ് സ്റ്റാംപ് ഒരുക്കുന്നത്.

42 വയസുകാരൻ ആദം പിക്കാർസ്‌കി എന്ന കലാകാരനാണ് ഈ വർഷത്തെ രണ്ട് സ്റ്റാംപുകളും തയാറാക്കിയിരിക്കുന്നത്. അതിലൊന്ന് പുൽത്തൊഴുത്തിലെ തിരുക്കുടുംബ ചിത്രമാണ്. മറ്റൊന്ന്, ദൈവപുത്രനെ സന്ദർശിക്കാനെത്തുന്ന പൂജ്യരാജാക്കന്മാരുടെ ചിത്രവും. തെരുവിൽ അന്തിയുറങ്ങേണ്ടിവന്ന ഹതഭാഗ്യവാനായിരുന്നു ഏതാണ്ട് ഒരു വർഷംമുമ്പുവരെ ആദം. വിവിധ ജോലികൾ ചെയ്ത് ഉപജീവനം കഴിച്ച താൻ, വത്തിക്കാന്റെ അഗതിമന്ദിരത്തിൽ അന്തേവാസിയായി എത്തിയതും അറിയപ്പെടുന്ന കലാകാരനായി മാറിയതും അത്ഭുതത്തോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്.

ഏതാണ്ട് ഒരു വർഷം മുമ്പ്, പോളിഷ് വൈദികനും റിഡംപ്റ്ററിസ്റ്റ് സന്യാസിയുമായ ഫാ. ലെസെക് പൈസ് ഇദ്ദേഹത്തിന്റെ ചിത്ര രചന പാടവം കാണാനിടയായതാണ് ആദത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തങ്ങളുടെ ചാപ്പലിനുവേണ്ടി ഒരു ഛായാചിത്രം വരയ്ക്കാൻ ഫാ. സെലെക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ആ വാർത്ത വളരെവേഗം പ്രചരിച്ചതോടെ നിരവധിപേർ ചിത്രങ്ങൾക്കായി അദ്ദേഹത്തെ സമീപിച്ചുതുടങ്ങി. ഏപ്രിൽ 19നാണ് അടുത്ത ട്വിറ്റ് സംഭവിച്ചത്. പാപ്പയുടെ ജീവകാരുണ്യ സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പോളിഷ് കർദിനാൾ കോൺറാഡ് ക്രാജേവ്സി ആദം പോളിനെ കാണാനെത്തി.

ആ ദിവസം പോളിന് മറക്കാനാകില്ല. തന്റെ ജന്മദിനത്തിന്റെ രണ്ട് ദിവസം മുമ്പായിരുന്നു അത്. വത്തിക്കാന്റെ അധീനതയിലുള്ള ‘പാലാസ് മിഗ്ലിയോരെ’ അഗതി മന്ദിരത്തിൽ ഒരു പെയിന്റിംഗ് സ്റ്റുഡിയോ തുടങ്ങാൻ കർദിനാൾ അനുവാദം നൽകുകയായിരുന്നു. ‘ജന്മദിനത്തിന് രണ്ട് ദിവസം കഴിഞ്ഞ ലഭിച്ച ഈ ജോലിസ്ഥലം എന്നെ സംബന്ധിച്ച് ജന്മദിന സമ്മാനം തന്നെയായിരുന്നു,’ ആദം പറഞ്ഞു. പോട്രയിറ്റുകളും കുടുംബചിത്രങ്ങളുമെല്ലാം വരപ്പിക്കാൻ നിരവധി പേർ എത്തുന്ന സ്ഥലമായി അത് മാറി. അതിനിടെയായിരുന്നു, തന്റെ ആഗ്രഹത്തിൽപോലും ഇല്ലാതിരുന്ന വലിയൊരു ‘ജോലി’ സ്വപ്‌നംപോലെ തന്റെ മുന്നിലെത്തിയത്- വത്തിക്കാനുവേണ്ടി രണ്ട് ക്രിസ്മസ് സ്റ്റാംപുകൾ തയാറാക്കണം!

പ്രാർത്ഥനാ നിർഭരമായ ഒരുക്കത്തിനുശേഷം തയാറാക്കിയ രണ്ട് സ്റ്റാംപുകളും ശ്രദ്ധേയമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഭവനരഹിതനായ ഒരാൾ വത്തിക്കാനുവേണ്ടി ക്രിസ്മസ് സ്റ്റാംപ് ഒരുക്കിയതിനെ ‘വിപ്ലാവാത്മകം’ എന്നാണ് കർദിനാൾ കോൺറാഡ് വിശേഷിപ്പിച്ചത്. പൂജ്യരാജാക്കന്മാരുടേത് റോമിലെ തെരുവുകളിൽ താൻ കണ്ടുമുട്ടിയ ഭവനരഹിതരുടെ മുഖമാണെന്ന് ആദം പോൾ പറയുന്നു. നിരവധി വർഷങ്ങൾ നീണ്ട തന്റെ തെരുവുജീവിതത്തിൽ അത്തരം അനേകം മുഖങ്ങൾ തന്റെ കൺമുന്നിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?