Follow Us On

29

November

2021

Monday

ക്രിസ്തുശിഷ്യരേ, പ്രശംസ നേടുകയല്ല, ശുശ്രൂഷയാണ് നമ്മുടെ ലക്ഷ്യം: ഫ്രാൻസിസ് പാപ്പ

ക്രിസ്തുശിഷ്യരേ, പ്രശംസ നേടുകയല്ല, ശുശ്രൂഷയാണ് നമ്മുടെ ലക്ഷ്യം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: മറ്റുള്ളവരുടെ പ്രശംസ നേടുകയല്ല മറിച്ച്, ശുശ്രൂഷകരാകുക എന്നതാണ് ക്രൈസ്തവർ ലക്ഷ്യം വെക്കേണ്ടതെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവത്തിന്റെ മഹത്വം ശുശ്രൂഷയായി മാറുന്ന സ്‌നേഹമാണെന്നും മറിച്ച്, ആധിപത്യത്തിനായി കൊതിക്കുന്ന അധികാരമല്ലെന്നും ഉദ്‌ബോധിപ്പിച്ച അദ്ദേഹം, ‘നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനാകണം,’ എന്ന ക്രിസ്തുവചനവും പങ്കുവെച്ചു. കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ.

യേശുവിന്റെ ഇടത്തും വലത്തും ഉപവിഷ്ടരാക്കണമെന്ന് സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും അവിടുത്തോട് അപേക്ഷിക്കുന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയായിരുന്നു സന്ദേശം. രണ്ട് വ്യത്യസ്ത യുക്തികൾക്കു മുന്നിലാണ് നാം. ശിഷ്യന്മാർ ഉയർന്നുവരാൻ ആഗ്രഹിക്കുന്നു, യേശുവാകട്ടെ സ്വയം താഴാനും. ഇതേ കുറിച്ച് നമുക്ക് ചിന്തിക്കാം. ആദ്യത്തേത് ഉയർന്നുവരലാണ്. നാം എപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്ന ലൗകിക മനോഭാവത്തെ അത് ആവിഷ്‌ക്കരിക്കുന്നു. നമ്മുടെ ഉയർച്ചയുടെ പരിപോഷണത്തിനായാണ് എല്ലാ കാര്യങ്ങളും, ബന്ധങ്ങൾ പോലും പലപ്പോഴും വിനിയോഗിക്കുക.

വ്യക്തിപരമായ ഔന്നത്യാന്വേഷണം, ആത്മാവിന്റെ ഒരു രോഗമായി പരിണമിക്കും. അത് ചിലപ്പോൾ സദുദ്ദേശ്യങ്ങളുടെ പൊയ്മുഖമണിയുകപോലും ചെയ്യും. അതായത്, നാം പ്രവർത്തിക്കുന്നതും പ്രസംഗിക്കുന്നതുമായ നന്മയ്ക്ക് പിന്നിൽ, വാസ്തവത്തിൽ നാം നമ്മെത്തന്നെയും നമ്മുടെ അംഗീകാരവും മാത്രമാണ് നോക്കുക. ഈ പ്രവണത സഭയിലും കാണാം. ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ട നാം എത്ര തവണ പിടിച്ചുകയറാനും മുന്നേറാനും ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ഹൃദയങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്: ‘ശുശ്രൂഷയാണോ, അതോ പ്രശംസയാണോ എന്റെ ലക്ഷ്യം?’

ഈ ലൗകിക യുക്തിയെ യേശു എതിർക്കുന്നു. മറ്റുള്ളവരെക്കാൾ ഉയരുന്നതിനുപകരം, അവരെ ശുശ്രൂഷിക്കാൻ പീഠത്തിൽനിന്ന് ഇറങ്ങിവന്നവനാണ് അവിടുന്ന്. ക്രൂശിതനായ കർത്താവിനെ നോക്കുമ്പോൾ നാം ദൈവത്തിന്റെ പ്രവർത്തനരീതി കാണുന്നു. അവിടുന്ന് നമ്മെ മുകളിൽനിന്ന് താഴേക്ക് നോക്കിക്കൊണ്ട് സ്വർഗത്തിൽ നിൽക്കാതെ, നമ്മുടെ കാലുകൾ കഴുകാൻ സ്വയം താഴ്ത്തി. ദൈവം സ്‌നേഹമാണ്, സ്‌നേഹം എളിമയുള്ളതാണ്, അത് സ്വയം ഉയർത്തുന്നില്ല, മറിച്ച്, ഭൂമിയിൽ പെയ്യുകയും ജീവൻ നൽകുകയും ചെയ്യുന്ന മഴപോലെ താഴേക്ക് ഇറങ്ങുന്നു.

എന്നാൽ, എങ്ങനെയാണ് യേശുവിന്റെ അതേ ദിശയിലേക്ക് പോകാൻ, ആഭിജാത്യത്തിന്റേതായ ലൗകിക മനോഭാവത്തിൽനിന്ന് ക്രൈസ്തവികമായ ശുശ്രൂഷാ മനോഭാവത്തിലേക്ക് കടക്കാൻ സാധിക്കുക? അതിന് പ്രതിബദ്ധത ആവശ്യമാണ്. പക്ഷേ, നമുക്ക് തനിച്ച് ആ ലക്ഷ്യത്തിലെത്തുക പ്രയാസകരമാണ്. എന്നാൽ, നമ്മെ സഹായിക്കുന്ന ഒരു ശക്തി നമുക്കുള്ളിലുണ്ട്. അത് മാമ്മോദീസയുടെതാണ്. ദൈവകൃപയാൽ നമുക്കെല്ലാവർക്കും ലഭിച്ച യേശുവിലുള്ള സ്‌നാനത്തിന്റേതാണത്. അത് നമ്മെ നയിക്കുകയും അവിടുത്തെ അനുഗമിക്കാനും സ്വാർത്ഥതാൽപ്പര്യങ്ങൾ നോക്കാതെ ശുശ്രൂഷ ചെയ്യാനും നമ്മെ പ്രചോദിപ്പിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?