Follow Us On

19

April

2024

Friday

കർത്താവ് നൽകിയ നന്മകൾക്കെല്ലാം എങ്ങനെ ഞാൻ നന്ദിചൊല്ലും? വികാരനിർഭരയായി സിസ്റ്റർ ഗ്ലോറിയ നാർവീസ്

കർത്താവ് നൽകിയ നന്മകൾക്കെല്ലാം എങ്ങനെ ഞാൻ നന്ദിചൊല്ലും? വികാരനിർഭരയായി സിസ്റ്റർ ഗ്ലോറിയ നാർവീസ്

വത്തിക്കാൻ സിറ്റി: നാലു വർഷം നീണ്ട ഇസ്ലാമിക തീവ്രവാദികളുടെ ബന്ധനത്തിൽനിന്ന് സുരക്ഷിത മോചനം സാധ്യമാക്കിയ ദൈവകൃപയ്ക്ക് വികാരനിർഭരമായി നന്ദി പറഞ്ഞ് കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സീലിയ നാർവീസ്. പ്രമുഖ ക്രിസ്ത്യൻ മാധ്യമപ്രവർത്തകയായ ഇവാ ഫെർണാണ്ടസിന് നൽകിയ വീഡിയോ സന്ദേശത്തിൽ, തടവറയിൽ അനുഭവിച്ച ക്രിസ്തുസാന്നിധ്യത്തെപ്രതി മാത്രമല്ല, തന്റെ മോചനത്തിനായി പരിശ്രമിച്ച സകലർക്കും നന്ദി അർപ്പിക്കുകയും ചെയ്തു സിസ്റ്റർ.

‘കർത്താവ് എനിക്ക് നൽകിയ നന്മകൾക്കെല്ലാം ഞാൻ എങ്ങനെ അവിടുത്തേക്ക് പ്രതിനന്ദിയേകും? നമ്മുടെ ദൈവം മഹോന്നതനാണ്.സ്വർഗത്തിലും ഭൂമിയിലും അവിടുന്ന് ആഗ്രഹിക്കുന്നതെല്ലാം സാധ്യമാക്കും. തടവറയിൽ കർത്താവ് എന്നോട് കൂടുതൽ അടുത്തുനിന്നതിനെപ്രതി ഞാൻ നന്ദി അർപ്പിക്കുന്നു.’ ഫ്രാൻസിസ് പാപ്പയ്ക്കും ഇറ്റാലിയൻ, മാലിയൻ, കൊളംബിയൻ ഭരണകൂടങ്ങൾക്കും ഇറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിനും മാലിയിലെ കർദിനാൾ ജീൻ സെർബോ ഉൾപ്പെടെയുള്ളവർക്കും സിസ്റ്റർ നന്ദി പറഞ്ഞു.

‘എനിക്കുവേണ്ടി പ്രാർത്ഥിച്ച സകലരെയും നന്ദിയോടെ ഓർക്കുന്നു. സഭാ ശുശ്രൂഷകർ, അൽമായർ, ഇടവകസമൂഹങ്ങൾ, പ്രാർത്ഥനാ കൂട്ടായ്മകൾ, എന്റെ കുടുംബാംഗങ്ങൾ, ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കും ഞാൻ നന്ദി അർപ്പിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകളാണ് എന്നെ ശക്തയാക്കിയത്, എന്റെ മോചനം സാധ്യമാക്കിയത്,’ സിസ്റ്റർ വികാരാധീനയായി.

മാലിയുടെ തലസ്ഥാനമായ ബമാകോയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള കൊട്ടിയാലയിൽ ശുശ്രൂഷ ചെയ്യുന്നതിനിടെ 2017 ഫെബ്രുവരി ഒന്നിന് ബന്ദിയാക്കപ്പെട്ട സിസ്റ്റർ ഗ്ലോറിയ നാല് വർഷത്തിനുശേഷം 2021 ഒക്ടോബർ ഒൻപതിനാണ് മോചിതയായത്. അൽഖ്വയ്ദയുടെ മാലി വിഭാഗമാണ് 55 വയസുകാരിയായ സിസ്റ്ററിനെ തട്ടിക്കൊണ്ടുപോയത്.

അനേകരുടെ പ്രാർത്ഥനയുടെ ഫലമായി സംഭവിച്ച ദൈവീക ഇടപെടലാണ് സിസ്റ്ററിന്റെ മോചനം സാധ്യമാക്കിയതെന്ന് വ്യക്തമാക്കി, ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയുടെ കൊളംബിയൻ നേതൃത്വം പുറപ്പെടുവിച്ച സന്ദേശം ദിവസങ്ങൾക്കുമുമ്പ് ശ്രദ്ധേയമായിരുന്നു. അതിന് പിന്നാലെയാണ്, തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത സകലർക്കും സിസ്റ്റർ ഗ്ലോറിയ നന്ദി പറയുന്ന വീഡിയോ സന്ദേശം പുറത്തുവന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?