Follow Us On

29

November

2021

Monday

ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ബംഗ്ലാദേശി ഗോത്രജനത; ദിനങ്ങളുടെ ഇടവേളയിൽ 117 മാമ്മോദീസകൾ

ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ബംഗ്ലാദേശി ഗോത്രജനത; ദിനങ്ങളുടെ ഇടവേളയിൽ 117 മാമ്മോദീസകൾ

ധാക്ക: പ്രകൃതിശക്തികളെ ആരാധിക്കുന്ന പതിവിനോടും മന്ത്രവാദത്തോടും വിടചൊല്ലി ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ബംഗ്ലാദേശിലെ ഗോത്രജനത. ക്രിസ്തുവിനെ അറിഞ്ഞും ക്രിസ്തുവിന്റെ സന്ദേശങ്ങൾ ഗ്രഹിച്ചും സാന്താൾ, ഓറാഓൺ ഗോത്രങ്ങളിൽനിന്ന് മാമ്മോദീസ സ്വീകരിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. അതിന് തെളിവാണ് വടക്കൻ ബംഗ്ലാദേശിലെ വിവിധ ഗ്രാമങ്ങളിൽ നടക്കുന്ന മാമ്മോദീസാ സ്വീകരണങ്ങൾ.

ആരുടെയും നിർബന്ധമോ പ്രലോഭനമോ ഇല്ലാതെ, സ്വന്തം തീരുമാനപ്രകാരം വിശ്വാസപരിശീലനം പൂർത്തിയാക്കി ദിനങ്ങളുടെ ഇടവേളയിൽ 117 പേരാണ് രാജ്ഷാഹി രൂപതയിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നത്. കോർബാല ഗ്രാമത്തിലെ 47 പേരുടെ മാമ്മോദീസ ഇക്കഴിഞ്ഞ ദിവസമായിരുന്നു. 15 കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവർ. സമീപഗ്രാമത്തിൽ 70 പേരുടെ മാമ്മോദീസ വരുംദിനങ്ങളിൽ നടക്കുമെന്ന് വാർത്താ ഏജൻസിയായ ‘ഏഷ്യാ ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

പ്രദേശത്ത് ശുശ്രൂഷ ചെയ്യുന്ന കത്തോലിക്കാ വൈദികരിൽനിന്നും മിഷണറിമാരിൽനിന്നും പകർന്നുകിട്ടിയ സുവിശേഷ വെളിച്ചമാണ്, പ്രകൃതിയെ ആരാധിക്കുകയും മന്തവാദത്തിൽ അഭയം തേടുകയും ചെയ്തിരുന്ന ബംഗ്ലാദേശിലെ ഗോത്രവർഗക്കാരെ ക്രിസ്തുവിലേക്ക് നയിക്കാൻ പ്രചോദനമായത്. ‘ഏഴു വർഷമായി ഞങ്ങൾ ഇവിടെ ശുശ്രൂഷ ചെയ്യുന്നു. പ്രദേശത്തെ അൽമായർ ഉൾപ്പെടെയുള്ള ക്രൈസ്തവരുടെ ജീവിതം അവരുടെ ഹൃദയങ്ങളെ ആഴമായി സ്പർശിച്ചതിന്റെ ഫലമാണ് ഈ മനപരിവർത്തനങ്ങൾ,’ ആദിവാസികൾക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. സ്വാപൺ പറയുന്നു.

യഥാർത്ഥ രക്ഷകനെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തതിന്റെ ആനന്ദത്തിലാണ് പുതുതായി വിശ്വാസത്തിലേക്ക് കടന്നുവന്ന ഗോത്രജനത. അവരിലൊരാളും 40 വയസുകാരനുമായ ജൊവാക്കി ബരാസയുടെ വാക്കുകൾ ഇങ്ങനെ: ‘മുമ്പ്, ഞാൻ പ്രകൃതിയെയും മരങ്ങളെയും ആരാധിക്കുകയും ഗോത്രപരമായ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. എനിക്ക് ഒരു ദൈവം ഇല്ലായിരുന്നു. ഇപ്പോൾ ഞാൻ യേശുവിലേക്ക് തിരിയുന്നു. ദൈവത്തിനു നന്ദി. ഞാൻ രക്ഷയിലേക്ക് നയിക്കപ്പെടും. മാമ്മോദീസ സ്വീകരിച്ചതിൽ ഞാൻ വളരെ സന്തുഷ്ടനാണ്.’

ഇതുപോലെ അനേകരാണ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നതിൽ സന്തോഷം പങ്കുവെക്കുന്നത്. അതിൽ ഒരാളായ ബുദ്ധിനാഥ് ഹെംബ്രൂം വാചാലനാകുന്നത് തന്നെ ക്രിസ്തുവിലേക്ക് നയിച്ച മിഷണറിമാർക്ക് നന്ദി പറഞ്ഞുകൊണ്ടാണ്: ‘ക്രിസ്തുവിലേക്ക് നയിച്ചതിന്, മാമ്മോദീസയുടെ ആനന്ദം സമ്മാനിച്ചതിന് വൈദികർക്കും കന്യാസ്ത്രീകൾക്കും വിശ്വാസപരിശീലകർക്കും ഞാൻ നന്ദി പറയുന്നു.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ (90.4%) ബംഗ്ലാദേശീൽ ഒരു ശതമാനത്തിൽ താഴെമാത്രമാണ് (0.4%) ക്രൈസ്തവ ജനസംഖ്യ. ആറ് രൂപതകളും രണ്ട് അതിരൂപതകളുമുള്ള ബംഗ്ലാദേശിലെ കത്തോലിക്കാ ജനസംഖ്യ 0.2% മാത്രമാണ്, അതായത് മൂന്നര ലക്ഷംമാത്രം. അതിൽ 60%വും തദ്ദേശീയ ഗോത്രജനതയിൽനിന്ന് വിശ്വാസം സ്വീകരിച്ചവരാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?