Follow Us On

29

March

2024

Friday

കർമലോത്തരീയം ഉപേക്ഷിച്ചില്ല, പകരം മരണം വരിച്ചു! കുഞ്ഞുരക്തസാക്ഷി ഇനി വാഴ്ത്തപ്പെട്ട നിരയിൽ

കർമലോത്തരീയം ഉപേക്ഷിച്ചില്ല, പകരം മരണം വരിച്ചു! കുഞ്ഞുരക്തസാക്ഷി ഇനി വാഴ്ത്തപ്പെട്ട നിരയിൽ

മാഡ്രിഡ്: ഇക്കഴിഞ്ഞ ഒക്‌ടോബർ 16ന് ആഗോളസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയ 127 സ്പാനിഷ് രക്തസാക്ഷികളുടെ കൂട്ടത്തിൽ ഒരു കുഞ്ഞുവിശുദ്ധനും! കർമലോത്തരീയം ഉപേക്ഷിക്കാൻ തയാറാകാത്തതിന്റെ പേരിൽ കൊല്ലപ്പെട്ട ഫ്രാൻസിസ്‌കോ ഗാർസിയ എന്ന 15 വയസുകാരനാണ് ആ ധീരൻ.

സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് കൊല്ലപ്പെട്ടവരിൽനിന്ന് ഏറ്റവും ഒടുവിൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലെത്തിയവരിൽ ഏറ്റവും പ്രായംകുറഞ്ഞ രക്തസാക്ഷിയും ഗാർസിയതന്നെ. 1936 ജൂലൈ 22ന് കൊല്ലപ്പെടുമ്പോൾ 15 വയസും ഏഴ് മാസവും മാത്രമായിരുന്നു അവന്റെ പ്രായം. എന്നാൽ, മുതിർന്നവരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ക്രിസ്തുവിന്റെ മുറുകെപ്പിടിച്ച അവന്റെ വിശ്വാസജീവിതം.

കർമലോത്തരീയം ഉപേക്ഷിക്കൂ, എന്ന പട്ടാളക്കാരുടെ ആക്രോശങ്ങൾക്കു മുന്നിൽ, ‘ജയിലിൽ പോകാൻ ഞാൻ തയാറാണ്. എങ്കിലും ഈ ഉത്തരീയം ഞാൻ ഉപേക്ഷിക്കില്ല,’ എന്ന് സധൈര്യം വ്യക്തമാക്കിയതിന്റെ പ്രതിഫലമായിരുന്നു അവന്റെ രക്തസാക്ഷിത്വം. കോർഡോബ രൂപത ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം, ഫ്രാൻസിസ്‌കോ ഗാർസിയയുടെ വിശ്വാസസ്‌ഥൈര്യം വ്യക്തമാക്കുന്നതാണ്.

ഇടവക ദൈവാലയ കേന്ദ്രീകൃതമായ ജീവിതം നയിച്ച അവൻ, പ്രായമായവരെ സഹായിക്കുന്നതിലും ദാനധർമങ്ങൾ ചെയ്യുന്നതിലും അതീവ തൽപ്പരനുമായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധ കാലഘട്ടത്തിൽ (1936-1939) മതപീഡനത്തിനിരയായി അനേകർ കൊല്ലപ്പെടുമ്പോഴും, അവൻ അനുദിന ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയിരുന്ന കാര്യവും ലേഖനം പങ്കുവെച്ചിട്ടുണ്ട്.

1936 ജൂലൈ 20. പിതാവിനെ അറസ്റ്റ് ചെയ്യാൻവേണ്ടി പട്ടാളക്കാർ ഫ്രാൻസിസ്‌കോയുടെ വീട്ടിലെത്തിയ ദിനം. അപ്പോഴാണ് ഫ്രാൻസിസ്‌കോയുടെ കൈവശം സൂക്ഷിച്ചിരുന്ന കർമലോത്തരീയം അവരുടെ ശ്രദ്ധയിൽ പതിഞ്ഞത്. അത് ഉപേക്ഷിക്കണമെന്ന പട്ടാളക്കാരുടെ ഉത്തരവ് നിരസിക്കാൻ അവന് ആലോചിക്കേണ്ട ആവശ്യം പോലുമുണ്ടായില്ല. ഉത്തരീയം ഉപേക്ഷിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളോടൊപ്പം അറസ്റ്റ് ചെയ്യുമെന്നായി പട്ടാളക്കാർ.

ആ ഭീഷണിക്കുമുന്നിലും അവൻ പതറിയില്ല. നിശ്ചയദാർഢ്യത്തോടെ തന്നെ അതിനും അവൻ മറുപടി നൽകി: ‘ജയിലിൽ പോകേണ്ടിവന്നാലും ഈ ഉത്തരീയം ഞാൻ ഉപേക്ഷിക്കില്ല.’ അന്നുതന്നെ അറസ്റ്റുചെയ്യപ്പെട്ട അവനെ രണ്ട് ദിവസങ്ങൾക്കുശേഷം ഒക്‌ടോബർ 22ന് പട്ടാളം വധിക്കുകയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?