Follow Us On

28

March

2024

Thursday

യഹൂദർക്ക് രക്ഷയൊരുക്കിയ കർദിനാൾ തിസരാങ്ങ് ‘ജനതകളിലെ നീതിമാൻ’; മരണാനന്തര ബഹുമതി സമ്മാനിച്ച്‌ ഇസ്രായേൽ

യഹൂദർക്ക് രക്ഷയൊരുക്കിയ കർദിനാൾ തിസരാങ്ങ് ‘ജനതകളിലെ നീതിമാൻ’; മരണാനന്തര ബഹുമതി സമ്മാനിച്ച്‌ ഇസ്രായേൽ

ജറൂസലെം: യഹൂദവംശഹത്യയുടെ (ഹോളോക്കോസ്റ്റ്) നാളുകളിൽ, ക്രിസ്തീയമായ സ്‌നേഹത്തെപ്രതി യഹൂദരെ രക്ഷിക്കാൻ കഠിന പരിശ്രമം നടത്തിയ ഫ്രഞ്ച് കർദിനാൾ യൂജിൻ തിസരാങ്ങിന് ‘ജനതകളിൽനിന്നുള്ള നീതിമാൻ’ പദവി മരണാനന്തര ബഹുമതിയായി സമ്മാനിച്ച്‌ ഇസ്രായേൽ. യഹൂദ വംശഹത്യയിൽനിന്ന് യഹൂദരെ രക്ഷിക്കാൻ പരിശ്രമിച്ച യഹൂദരല്ലാത്തവരെ ആദരിക്കാൻ, ഇസ്രായേലിന്റെ ഔദ്യോഗിക ഹോളോക്കോസ്റ്റ് സ്മാരകമായ ‘യാദ് വഷേം’ ഏർപ്പെടുത്തിയ പുരസ്‌ക്കാരമാണിത്.

കർദിനാൾ സംഘത്തിന്റെ ഡീൻ, പൗരസ്ത്യ തിരുസംഘം പ്രീഫെക്ട്, പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പ്രസിഡന്റ്, പൗരസ്ത്യ തിരുസംഘം സെക്രട്ടറി എന്നിങ്ങനെ പ്രമുഖ ചുമതലകൾ വഹിച്ചിട്ടുള്ള കർദിനാളാണ് എവുജിൻ തിസരാങ്ങ്. കർദിനാൾ പദവിയിലായിരിക്കുമ്പോഴും യഹൂദർക്ക് രക്ഷാമാർഗം ഒരുക്കിയ കാര്യങ്ങൾ പരിഗണിച്ചാണ് ‘യാദ് വാഷേം’ അധികൃതർ അദ്ദേഹത്തിന് പ്രസ്തുത പുരസ്‌ക്കാരം സമർപ്പിക്കുന്നത്.

‘നിരവധി യഹൂദരെ രക്ഷിക്കാനും നാടുവിടുന്നതിനും വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്. അനേകം യഹൂദരെ റോമിലെ വിവിധ ആശ്രമങ്ങളിൽ രഹസ്യമായി പാർപ്പിച്ചതിനൊപ്പം, ഇറ്റാലിയൻ ഭരണകൂടത്തിന്റെ യഹൂദവിരുദ്ധ നയങ്ങളെ പരസ്യമായി ചോദ്യംചെയ്യാനും കർദിനാൾ തയാറായി,’ ‘യാദ് വഷേം’ അധികൃതർ ചൂണ്ടിക്കാട്ടി.

ചരിത്രത്തിലും നിരവധി ഭാഷകളിലും പാണ്ഡിത്യം ഉണ്ടായിരുന്ന കർദിനാൾ തിസരാങ്ങ് 1957മുതൽ 1971വരെ വത്തിക്കാൻ ലൈബ്രേറിയനും ആർക്കിവിസ്റ്റുമായി സേവനം ചെയ്തിട്ടുണ്ട്. വത്തിക്കാൻ ലൈബ്രറിയുടെ ആധുനികരണത്തിനു നേതൃത്വം വഹിച്ചതും അദ്ദേഹംതന്നെ. 1961ൽ ഫ്രഞ്ച് അക്കാദമിയിലെ അംഗത്വം ലഭിച്ച അദ്ദേഹത്തിന് നിരവധി സർവകലാശാലകളിൽനിന്ന് ഡോക്ടറേറ്റ്‌ ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്.

1884ൽ ജനിച്ച് ഫ്രാൻസിലെ നാൻസി രൂപതയ്ക്കുവേണ്ടി 1907ൽ 23-ാം വയസിലാണ് തിരുപ്പട്ടം സ്വീകരിച്ചത്. ജറുസലേമിലും ഫ്രാൻസിലുമായിരുന്നു വിദ്യാഭ്യാസം. 1936ൽ കർദിനാളായി ഉയർത്തപ്പെട്ടു. 1953ൽ കേരളം സന്ദർശിച്ച ഇദ്ദേഹം സീറോ മലബാർ സഭയുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിച്ച ഇടയനുമാണ്. ‘ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയാണ് അദ്ദേഹം 1972ലാണ് കാലം ചെയ്തത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?