Follow Us On

25

January

2022

Tuesday

ഈസ്റ്റർ ദിനത്തിലെ സ്ഫോടനം: നീതി ഉറപ്പാക്കാൻ പേപ്പൽ ഇടപെടൽ വാഗ്ദാനം ചെയ്ത് ശ്രീലങ്കയിലെ സഭയ്ക്ക് പാപ്പയുടെ കത്ത്

ഈസ്റ്റർ ദിനത്തിലെ സ്ഫോടനം: നീതി ഉറപ്പാക്കാൻ പേപ്പൽ ഇടപെടൽ വാഗ്ദാനം ചെയ്ത് ശ്രീലങ്കയിലെ സഭയ്ക്ക് പാപ്പയുടെ കത്ത്

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ (ഏപ്രിൽ 21) 267 പേർ കൊല്ലപ്പെട്ട ഇസ്ലാമിക ഭീകരാക്രമണത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള ശ്രീലങ്കൻ കത്തോലിക്കാ സഭയുടെ പരിശ്രമങ്ങളിൽ പേപ്പൽ ഇടപെടൽ വാഗ്ദാനം ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ കത്ത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ ഭാഗത്തുനിന്ന് എന്ത് നടപടിയാണ് ശ്രീലങ്കയിലെ സഭയ്ക്ക് ആവശ്യമെന്ന് ചോദിച്ചുകൊണ്ടുള്ള കത്ത് കൈപ്പടയിലാണ് പാപ്പ തയാറാക്കിയിരിക്കുന്നത്.

ഭീകരാക്രമണത്തിന്റെ ഇരകളെ സഹായിക്കാൻ ഓസ്ട്രേലിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രീലങ്കൻ ജസ്റ്റിസ് ഫോറം ക്രമീകരിച്ച ഓൺലൈൻ ബ്രീഫിംഗിലാണ് കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിലും സർക്കാർ വരുത്തുന്ന വീഴ്ചകളിലും കർദിനാൾ ആവർത്തിച്ച് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ്, പേപ്പൽ സാമീപ്യവും പിന്തുണയും അറിച്ചുകൊണ്ടുള്ള കത്ത് സഭാനേതൃത്വത്തിന് ലഭിച്ചത്.

രാജ്യത്ത് നടന്ന ദാരുണ സംഭവത്തെ കുറിച്ച് ബോധവാനാണെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്നും നീതിക്കായി കാത്തിരിക്കുന്നവർക്ക് പിന്തുണ നൽകുമെന്നുമുള്ള പേപ്പൽ വാദ്ഗാനം പങ്കുവെച്ച കർദിനാൾ രഞ്ജിത്ത്, കത്തിന്റെ പ്രസക്ത ഭാഗങ്ങൾ വായിക്കുകയും ചെയ്തു. രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്ന ഒരു സന്ദേശം വത്തിക്കാൻ സ്ഥാനപതിയിൽനിന്ന് കഴിഞ്ഞ ദിവസം തനിക്ക് ലഭിച്ച കാര്യവും പാപ്പ കത്തിൽ കുറിച്ചിട്ടുണ്ട്.

മൂന്ന് ദൈവാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ചാവേർ സ്‌ഫോടനത്തിൽ 267 പേർ കൊല്ലപ്പെടുകയും 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐസിസുമായി ബന്ധമുള്ള നാഷണൽ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന്, ആക്രമണം നടന്ന ഉടൻ കണ്ടെത്തിയിരുന്നു. സഭയുടെ സമ്മർദത്തെ തുടർന്ന് 25 പ്രതികൾക്കെതിരെ 23,750 കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. എങ്കിലും അന്വേഷണഘട്ടം മുതൽ ആരംഭിച്ച മെല്ലപ്പോക്കും ഒളിച്ചുകളിയും തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ പാതയിൽതന്നെയാണ് സഭാ നേതൃത്വം.

രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് വിശ്വാസീസമൂഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. ആക്രമണത്തിലെ ഇരകൾക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശത്തുള്ള ശ്രീലങ്കൻ ജനത പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ ന്യൂ യോർക്ക് സന്ദർശന വേളയിലും, പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഇറ്റലി സന്ദർശന വേളയിലും പ്രതിഷേധം സംഘടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പേപ്പൽ ഇടപെടൽ വാഗ്ദാനം ചെയ്യപ്പെട്ട സാഹചര്യത്തിൽ, അന്വേഷണം നേർവഴിയിലാകാനും ഇരകൾക്ക് നീതി ലഭിക്കാനുമുള്ള നയതന്ത്ര സമ്മർദങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസീസമൂഹം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?