Follow Us On

22

September

2023

Friday

ഇതാണ് ആ ഡോക്ടർ, ഫീസും വാങ്ങില്ല, മരുന്നും വാങ്ങിത്തരും! പാവങ്ങളുടെ ഡോക്ടറുടെ പ്രഥമ തിരുനാൾ ആഘോഷിച്ച് സഭ

സ്വന്തം ലേഖകൻ

ഇതാണ് ആ ഡോക്ടർ, ഫീസും വാങ്ങില്ല, മരുന്നും വാങ്ങിത്തരും! പാവങ്ങളുടെ ഡോക്ടറുടെ പ്രഥമ തിരുനാൾ ആഘോഷിച്ച് സഭ

വെനസ്വേലൻ ജനതയുടെ ഹൃദയത്തിൽ ഇടംപിടിച്ച, 2020ൽ അൾത്താര വണക്കത്തിന് അർഹത നേടിയ ഡോ. ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടസിന്റെ തിരുനാൾ (ഒക്‌ടോബർ 26) ആഘോഷിക്കുമ്പോൾ അടുത്തറിയാം, ജീവിച്ചിരിക്കുമ്പോൾതന്നെ ‘വിശുദ്ധൻ’ എന്ന് വിളിക്കപ്പെട്ട പ്രിയ ഡോക്ടറിന്റെ ജീവിതം.

പാവപ്പെട്ടവനാണോ, ചികിത്‌സിക്കുന്നതിന് ഫീസ് വാങ്ങില്ല, ആവശ്യമെങ്കിൽ മരുന്നും വാങ്ങി നൽകും! പ്രദേശവാസികൾ ആ ഡോക്ടറിനൊരു പേരു നൽകി- ‘പാവങ്ങളുടെ ഡോക്ടർ’. വെനിസ്വേലൻ ജനതയുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച ആ ഡോക്ടറുടെ യഥാർത്ഥ പേര്, ഡോ. ഹൊസെ ഗ്രിഗോറിയോ ഹെർണാണ്ടസ്. ഇന്ന്, കത്തോലിക്കാ സഭയിലെ ഏറ്റവും പുതിയ വാഴ്ത്തപ്പെട്ടവരിൽ ഒരാളാണ് അദ്ദേഹം. ജീവിച്ചിരിക്കുമ്പോൾതന്നെ ‘വിശുദ്ധൻ’ എന്ന് വിശേഷണത്തിന് അർഹനായ അദ്ദേഹത്തെ ഏപ്രിൽ 30നാണ് സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ട്രുജില്ലോ സംസ്ഥാനത്തെ ഇസ്‌നോറ്റു പട്ടണത്തിൽ 1864 ഒക്ടോബർ 26നായിരുന്നു ഹെർണാണ്ടസിന്റെ ജനനം. സമർത്ഥനായിരുന്ന അദ്ദേഹം, വൈദ്യശാസ്ത്ര പഠനമാണ് തിരഞ്ഞെടുത്തത്. തിരക്കുകൾക്കിടയിലും പാവപ്പെട്ടവരോട് പ്രത്യേക കരുതൽ ഉണ്ടായിരുന്ന അദ്ദേഹം ആശുപത്രിയിൽ പോകാൻ കഴിവില്ലാത്തവരെ വീട്ടിൽപോയി ചികിത്സിക്കുമായിരുന്നു. അവരിൽനിന്ന് ഫീസ് വാങ്ങില്ലെന്നു മാത്രമല്ല, ആവശ്യമായ മരുന്നുകൾ വാങ്ങിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധവെച്ചു.

പ്രസ്തുത ശുശ്രൂഷകളാണ് പാവങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായി അദ്ദേഹത്തെ മാറ്റിയത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന അദ്ദേഹം രണ്ട് തവണ സെമിനാരിയിൽ ചേർന്ന് വൈദീകപഠനം ആരംഭിച്ചെങ്കിലും അനാരോഗ്യം മൂലം തിരിച്ചുപോരേണ്ടി വന്നു. തന്നെ ദൈവം വിളിച്ചിരിക്കുന്നത് വൈദീക ശുശ്രൂഷയിലേക്കല്ല മറിച്ച്, അൽമായ ശുശ്രൂഷയിലേക്കാണെന്ന ബോധ്യം ആഴപ്പെട്ടത് അക്കാലത്താണ്. രോഗികളിൽ ക്രിസ്തുവിനെ ദർശിച്ച് ആതുരസേവന രംഗത്ത് കൂടുതൽ വ്യാപൃതനാകണമെന്ന ചിന്തയും അതോടെ ശക്തമായി.

ജീവകാരുണ്യ ശുശ്രൂഷകളെ തുടർന്ന് അനേകരുടെ ബഹുമാനവും പ്രശംസയും ഈ കാലയളവിൽ അദ്ദേഹം നേടിയിരുന്നു. 1918ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളൂവിൽ ഇദ്ദേഹം നടത്തിയ സേവനവും ശ്രദ്ധേയമാണ്. കാർ അപകടത്തിൽ 1919 ജൂൺ 29ന് ഇദ്ദേഹം മരണപ്പെടുമ്പോൾ 55 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1949ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിച്ചത്. 1985ൽ ധന്യരുടെ നിരയിലേക്ക് ഉയർത്തപ്പെട്ടു.

മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി തലയ്ക്ക് വെടിയേറ്റ വെനസ്വേലൻ പെൺകുട്ടിക്ക് ഇദ്ദേഹത്തിന്റെ മാധ്യസ്ഥത്താൽ ലഭിച്ച രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട പദവിക്ക് കാരണമായ അത്ഭുതം. സാധാരണ മരണദിനമാണ് തിരുനാളായി ക്രമീകരിക്കുന്നതെങ്കിലും ഡോ. ഹെർണാണ്ടസിന്റെ കാര്യത്തിൽ ജന്മദിനമായ ഒക്ടോബർ 26 തിരുനാൾ ദിനമായി തിരഞ്ഞെടുക്കുകയായിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?