‘ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇന്ന് നിങ്ങൾ കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ല.’- കലാകേരളത്തിന്റെ ഓർമകളിൽ നക്ഷത്രമായി ശോഭിക്കുന്ന ആബേലച്ചന്റെ 20-ാം ചരമവാർഷികത്തിൽ (ഒക്ടോബർ 27) വീണ്ടും വായിക്കാം, അച്ചന്റെ ജന്മശതാബ്ദിയിൽ (2020 ജനുവരി 19) സുപ്രസിദ്ധ സിനിമാ താരം ജയറാം പങ്കുവെച്ച സാക്ഷ്യം.
വിശ്വസിക്കാനാവുന്നില്ല, കാലം എത്രപെട്ടെന്നാണ് കടന്നുപോയത്. എല്ലാം ഇന്നലകളിലെന്നപോലെ എന്റെ മനസിലുണ്ട്. ആബേലച്ചൻ ഇന്ന് കലാകേരളത്തിന്റെ ഓർമകളിലെ നക്ഷത്രമാണ്. പക്ഷേ എനിക്ക് അദ്ദേഹം കെടാത്ത നക്ഷത്ര ദീപമാണ്. എന്റെ എല്ലാ ഐശ്വര്യത്തിന്റെയും തുടക്കക്കാരൻ. 1984 സെപ്റ്റംബർ 24ന് ഞാൻ കലാഭവനിൽ കാലുകുത്തിയ അന്നു മുതൽ മരിക്കുന്നതു വരെ എന്നോടു കാണിച്ചത് ഒരു പിതാവിന്റെ സ്നേഹമായിരുന്നു. അനിർവചീനയമായ ഒരു പിതൃ-പുത്ര ബന്ധമായിരുന്നു ഞങ്ങളുടേത്. ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇന്നു നിങ്ങൾ കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ല.
ഇന്നും ഞാൻ ഓർക്കുന്നു, എന്റെ കലാഭവനിലെ ആദ്യ നിമിഷങ്ങൾ. ഭയത്തോടും അതിലേറെ ബഹുമാനത്തോടും കൂടിയാണ് ആദ്യമായി അച്ചന്റെ അടുത്തെത്തിയത്. തനിക്കെന്തറിയാം? സ്വൽപം ഗൗരവത്തോടെ അച്ചൻ ചോദിച്ചു. മിമിക്രി കാണിക്കും. പരുങ്ങലോടെ ഞാൻ പറഞ്ഞു. എന്നിട്ട് പ്രേംനസീറിനെ അനുകരിച്ചു കാണിിച്ചു. താനാരെയാണ് അനുകരിച്ചത്? ’പ്രേംനസീർ’ ഇതാണോ പ്രേംനസീർ. ഗൗരവത്തിൽ അച്ഛന്റെ ചോദ്യം. എനിക്ക് ആകെ വിഷമമായി. പക്ഷേ അന്നു തന്നെ അച്ചൻ എന്നെ സെലക്ട് ചെയ്തു. പിന്നീടൊരിക്കൽ അച്ചൻ എന്നോടു പറഞ്ഞു. “നിന്റെ ആദ്യത്തെ പെർഫോമൻസ് വളരെ നന്നായിരുന്നു. നിനക്ക് അഹങ്കാരമുണ്ടാകാതിരിക്കാനാണ് ഞാൻ അന്ന് ഒന്നും പറയാതിരുന്നത്.’’
1984 മുതൽ 88 വരെയായിരുന്നു എന്റെ സംഭവബഹുലമായ കലാഭവൻ ജീവിതം. ആബേലച്ചനെ അടുത്തറിഞ്ഞ നാളുകൾ. ഓരോ ദിവസം കഴിയും തോറും അടുപ്പത്തിന് ആഴമേറുകയായിരുന്നു. മുൻകോപവും ശുണ്ഠിയുമൊക്കെയുണ്ടെങ്കിലും ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. അത് ഒരു പക്ഷേ എനിക്കു മാത്രം ലഭിച്ച ഭാഗ്യമാണെന്ന് അഹങ്കാരത്തോടെ തന്നെ ഓർക്കുകയാണ്.
കലാകാരന്മാരെ ഇത്രയധികം സ്നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയെ ഞാൻ വേറെ കണ്ടിട്ടില്ല. എല്ലാം തികഞ്ഞ ഒരു കലാകാരനായിരുന്നു അദ്ദേഹം. പക്ഷേ അതൊന്നും അച്ചൻ പുറമേ കാണിച്ചിരുന്നില്ല. മിമിക്സ് പരേഡ് അവതരിപ്പിക്കുന്ന വേദികളിൽ അച്ചൻ ഞങ്ങൾ അറിയാതെ സദസിൽ വന്നിരിക്കും. ഞങ്ങളുടെ പെർഫോമൻസ് കണ്ട് വിലയിരുത്തും. പിറ്റേദിവസം തലേദിവസത്തെ പ്രോഗ്രാമിനെ ക്കുറിച്ച് ഞങ്ങളോട് അഭിപ്രായങ്ങൾ പറയുന്പോൾ ഞങ്ങൾ ചോദിക്കും. “അയ്യോ അച്ചനവിടെ ഉണ്ടായിരുന്നോ’’ അപ്പോൾ അച്ചൻ ഒരു കള്ളച്ചിരി ചിരിക്കും. അച്ചന്റെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതൊക്കെത്തന്നെയായിരുന്നു.
എന്റെ സിനിമാ പ്രവേശനത്തിനുള്ള എല്ലാ കടപ്പാടും അച്ചനോടാണ്. കലാഭവൻ ടീം ഗൾഫിൽ അവതരിപ്പിച്ച മിമിക്സ് പരേഡിന്റെ വീഡിയോ കാസറ്റ് പപ്പേട്ടന്റെ( പദ്മരാജൻ) മകൻ കാണുകയും എന്നെ പപ്പേട്ടനു കാണിച്ചുകൊടുക്കുകയുമായിരുന്നു. അങ്ങനെയാണ് അപരൻ എന്ന ചിത്രത്തിലൂടെ ഞാൻ സിനിമയിലെത്തുന്നത്. എനിക്ക് സിനിമയിൽ അവസരം കിട്ടി എന്നറിഞ്ഞപ്പോഴുള്ള അച്ചന്റെ സന്തോഷം വളരെ വലുതായിരുന്നു. അതിലേറെ വിഷമവും. സിനിമയിൽ അവസരം ലഭിച്ച കാര്യം അദ്ദേഹത്തെ നേരിട്ടു കണ്ടാണ് ഞാൻ പറഞ്ഞത്. സ്വൽപം വിഷമത്തോടെ അച്ചൻ പറഞ്ഞു. “അപ്പോൾ എനിക്കു നിന്നെ നഷ്ടമായി’’ സ്വതസിദ്ധമായ ശൈലിയിൽ വീണ്ടും പറഞ്ഞു. “നീ രക്ഷപെടുമെടാ.’’
സിനിമയിലെത്തിയതോടെ കലാഭവൻട്രൂപ്പിൽ നിന്നു മാറിയെങ്കിലും കലാഭവനും ആബേലച്ചനുമായുള്ള എന്റെ ബന്ധം കൂടുതൽ ദൃഢമായി തുടർന്നു. സിനിമാതിരക്കിനിടയിലും ഇടയ്ക്കിടെ ഫോണിൽ വിളിക്കുകയും എറണാകുളത്തു വരുന്പോഴൊക്കെ അച്ചനെ നേരിൽ ചെന്ന് കാണുകയും ചെയ്തിരുന്നു. എന്നോടു മാത്രമല്ല എന്റെ കുടുംബത്തോടും അദ്ദേഹം അതിയായ വാത്സല്യം കാണിച്ചു. പാർവതിക്കും മക്കൾക്കുമൊക്കെ അച്ചനെ ഏറെ ഇഷ്ടമായിരുന്നു. സാധാരണ ആരുടേയും വീടുകളിൽ അച്ചൻ പോകാറില്ല. പക്ഷേ ചെന്നൈയിലെ എന്റെ വീട്ടിലെത്തി ഏറെ നേരം ചെലവഴിച്ചിട്ടുണ്ട്.
സിനിമയിലെത്തി ഏറെ നാൾ കഴിഞ്ഞിട്ടും എന്റെ കരിയറിനെക്കുറിച്ച് ഇത്രയേറെ ഉത്കണ്ഠ വച്ചുപുലർത്തിയ മറ്റൊരാളില്ല. ഞാൻ അഭിനയിക്കുന്ന ചിത്രങ്ങൾ കാണാനൊന്നും അദ്ദേഹം പോകുമായിരുന്നില്ല. എങ്കിലും ഓരോ സിനിമയും റിലീസ് ചെയ്യുന്പോൾ അദ്ദേഹം ഏറെ താത്പര്യത്തോടെ മറ്റുള്ളവരോട് ചേദിച്ച് കാര്യങ്ങൾ മനസിലാക്കും. ആ സമയത്ത് എന്റെ ഒന്നുരണ്ടു സിനിമകൾ പ്രതീക്ഷിച്ച വിജയം നേടാതെ വന്നപ്പോൾ അച്ചൻ ഫോണിൽ വിളിച്ചു. “എന്താടാ നിന്റെ പടങ്ങളൊന്നും ഓടുന്നില്ലെന്നു കേൾക്കുന്നല്ലോ. എന്താ അതിനു കാരണം.’’ ഞാൻ പറഞ്ഞു, “അച്ചോ അത് ഇടയ്ക്ക് ഇങ്ങനെയൊക്കെ വരും.’’ അച്ചൻ വീണ്ടും ചോദിച്ചു, “അതിനു കാരണമെന്താണ്?’’ എനിക്കു പറയാൻ മറുപടിയില്ലായിരുന്നു.
എന്നെ ഏറെ സ്പർശിച്ച മറ്റൊരു സംഭവമുണ്ട്. നൂതനമായ ആശയങ്ങളോടും കാഴ്ചപ്പാടോടും കൂടി പണിത കലാഭവൻ ടാലന്റ് സ്കൂളിന് തറക്കല്ലിടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. സ്കൂളിനു തറക്കല്ലിടാൻ ഇന്ത്യയിലെ തന്നെ പല ഉന്നത·ാരുടേയും പേരുകൾ പറഞ്ഞിരുന്നു. അങ്ങനെയൊരു തീരുമാനവും വന്നതാണ്. പക്ഷേ ആബേലച്ചൻ പറഞ്ഞു. എന്റെ മക്കളിൽ ആരെങ്കിലും മതി, അതു ജയറാമായാൽ നന്നായി. എല്ലാവരും അച്ചന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായിരുന്നു അത്.
ആബേലച്ചൻ മരിച്ചത് 2001 ഒക്ടോബർ 27നായിരുന്നു. 2002 ജനുവരി 26ന് തിരുവനന്തപുരത്ത് അച്ചന് വലിയ സ്വീകരണം സംഘടിപ്പിച്ചിരുന്നു. അതിൽ മുഖ്യാതിഥിയായി എന്നേയും കുടുംബത്തേയുമാണ് ക്ഷണിച്ചിരുന്നത്. അച്ചനെ അവസാനമായി ഫോണ് ചെയ്തപ്പോൾ ജനുവരി 26ന് കാണാം എന്നു പറഞ്ഞാണ് ഞങ്ങൾ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ അതിനു മുന്പ് സ്വർഗത്തിലെ മാലാഖമാരുടെ സ്വീകരണം ഏറ്റുവാങ്ങാനായി അച്ചൻ പോയി.
കാലം ഏറെ കടന്നുപോയി. പക്ഷേ ഓർമകൾക്ക് മരണമില്ലല്ലോ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറെ വർഷങ്ങൾ. അതായിരുന്നു കലാഭവൻ നാളുകൾ. അന്നത്തെ സഹപ്രവർത്തകരെല്ലാം വഴിപിരിഞ്ഞു. പക്ഷേ എല്ലാവരും അവരവരുടെ കർമണ്ഡലങ്ങളിൽ ഇന്നും ശോഭിച്ചു നിൽക്കുന്നു. എന്റെ കലാജീവിതത്തിന് അദ്ദേഹം പകർന്നുതന്ന ശോഭ, അതണയാതെ ഞാനെന്നും സൂക്ഷിക്കും. അതു തന്നെയാണ് എനിക്ക് അദ്ദേഹത്തിനു നൽകാനുള്ള ഗുരുദക്ഷിണ.
(കടപ്പാട്: ദീപിക)
Leave a Comment
Your email address will not be published. Required fields are marked with *