Follow Us On

25

January

2022

Tuesday

രണ്ട് പതിറ്റാണ്ടിനുശേഷം പേപ്പൽ പര്യടനത്തിന് കളമൊരുങ്ങുന്നു; പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് മോദി

രണ്ട് പതിറ്റാണ്ടിനുശേഷം പേപ്പൽ പര്യടനത്തിന് കളമൊരുങ്ങുന്നു; പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് മോദി

വത്തിക്കാൻ സിറ്റി: രണ്ട് പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പുകൾക്കും അതിലുപരി ഏറെനാൾ ദീർഘിച്ച അനിശ്ചിതത്വങ്ങൾക്കും ശുഭസമാപ്തി- ഫ്രാൻസിസ് പാപ്പയുടെ ഭാരത പര്യടനത്തിന് സാധ്യത തെളിയുന്നു. വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയും മോദിയുടെ ക്ഷണവുമാണ് 21 വർഷത്തിനുശേഷം ഭാരതത്തിൽ പേപ്പൽ പര്യടനത്തിന് കളമൊരുക്കുന്നത്. കാര്യങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടുപോയാൽ അധികം താമസിയാതെ, ഭാരതത്തിൽ പര്യടനത്തിന് എത്തുന്ന മൂന്നാമത്തെ ആഗോള കത്തോലിക്കാ സഭാ അധ്യക്ഷനാകും ഫ്രാൻസിസ് പാപ്പ.

പോൾ ആറാമൻ പാപ്പയും (1964) വിശുദ്ധ ജോൺ പോൾ രണ്ടാമനുമാണ് (1986ലും 1999ലും) ഭാരതത്തിൽ പര്യടനം നടത്തിയ പാപ്പമാർ. ഇന്ന് വത്തിക്കാൻ സമയം രാവിലെ 8.30ന് നടന്ന കൂടിക്കാഴ്ചയിൽവെച്ച് ഫ്രാൻസിസ് പാപ്പയെ രാജ്യം സന്ദർശിക്കാൻ മോദി ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. ഭാരതം സന്ദർശിക്കാനുള്ള ആഗ്രഹം നിരവധി തവണ പാപ്പ പ്രകടിപ്പിച്ചിരുന്നെങ്കിലും ഭരണകൂടം അനുകൂല തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഔദ്യോഗിക ക്ഷണം ഉണ്ടായതോടെ, പാപ്പയുടെ ഭാരത പര്യടനത്തിലുണ്ടായ ഏക സാങ്കേതിക തടസം പരിഹരിക്കപ്പെടുകയായിരുന്നു.

പാപ്പ ഒരേസമയം കത്തോലിക്കാ സഭയുടെ പരമാചാര്യനും, വത്തിക്കാൻ എന്ന രാജ്യത്തിന്റെ അധിപനുമായതിനാൽ ഏതെങ്കിലും ഒരു രാജ്യത്ത് പര്യടനം നടത്തണമെങ്കിൽ അവിടത്തെ പ്രാദേശിക സഭയുടെയും ഭരണകൂടത്തിന്റെയും ക്ഷണം ഉണ്ടാകണം. ഇക്കാര്യത്തിനായി സഭാനേതൃത്വം മോദി സർക്കാരിനെ പലതവണ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഭാരത പര്യടനത്തിൽ അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ, ഭാരതത്തിന്റെ അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും മ്യാൻമറിലും ബംഗ്ലാദേശിലും പാപ്പ പര്യടനം നടത്തിയിരുന്നു. എന്തായാലും, ‘ജി 20’ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തുന്ന മോദി പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം.

പാപ്പയുമായുള്ള കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂറിലേറെ ദീർഘിച്ചു. പാപ്പയെ സന്ദർശിച്ചശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. പാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ജവാഹർലാൽ നെഹ്‌റു (1955), ഇന്ദിരാ ഗാന്ധി (1981), എ.കെ.ഗുജ്‌റൾ (1977), എ.ബി.വാജ്‌പേയി (2000) എന്നിവരാണ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിമാർ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?