Follow Us On

25

January

2022

Tuesday

ദൈവീക സംരക്ഷണത്തിനുള്ള കൃതജ്ഞതാർപ്പണം; ദോഹയിൽ ഒരുങ്ങിയത് അച്ചടിയെ വെല്ലുന്ന ബൈബിൾ കൈയെഴുത്തുപ്രതി

ദൈവീക സംരക്ഷണത്തിനുള്ള കൃതജ്ഞതാർപ്പണം; ദോഹയിൽ ഒരുങ്ങിയത് അച്ചടിയെ വെല്ലുന്ന ബൈബിൾ കൈയെഴുത്തുപ്രതി

ദോഹ: ഒരു ഇടവകസമൂഹം ഒന്നടങ്കം ഒരു മനസോടെ അണിനിരന്നപ്പോൾ ദോഹയിൽ ഒരുങ്ങിയത് അച്ചടിയെ വെല്ലുംവിധത്തിൽ തയാറാക്കിയ സമ്പൂർണ ബൈബിളിന്റെ കൈയെഴുത്തുപ്രതി! അതിലുപതി, കൊറോണാ മഹാമാരിയിൽനിന്നുള്ള ദൈവീക സംരക്ഷണത്തിന് ഒരു സമൂഹം നൽകുന്ന ക്തജ്ഞതാർപ്പണംകൂടിയാണ് ഈ സമ്മാനം. ദോഹ അബുഹമൂർ റീലിജിയസ് കോംപ്ലക്സിലെ മലങ്കര ഓർത്തഡോക്സ് ചർച്ച് (എം.ഒ.സി) ഇടവകാംഗങ്ങളാണ് അമൂല്യവും അവിസ്മരണീയവുമായ ഈ സമ്മാനത്തിന്റെ അണിയറ ശിൽപ്പികൾ.

ഇടവകയിലെ 640 പ്രവാസി കുടുംബങ്ങളിൽനിന്നുള്ള 1077പേർ ആറ് മാസങ്ങൾകൊണ്ടാണ് മഹത്തരമായ ഈ ഉദ്യമം യാഥാർത്ഥ്യമാക്കിയത്. ഇംഗ്ലീഷ് കൈയെഴുത്തുപ്രതിക്ക് 2151 പേജുകളാണുള്ളത്. ശ്രമകരമായ ഈ ഉദ്യമം പൂർത്തിയാക്കിയ അഭിമാനത്തേക്കാൾ ഉപരി, കോവിഡ് മഹാമാരിയുടെ ദിനങ്ങൾ തിരുവചനധ്യാനത്തിന് കൂടുതലായി വിനിയോഗിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.

ബൈബിൾ കൈയെഴുത്തിപ്രതിയുടെ ഉൾപ്പേജുകൾ

വിശ്വാസവളർച്ചയുമായി ബന്ധപ്പെട്ട എല്ലാ വർഷവും ആഘോഷിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവെലിന്റെ ഭാഗമായിട്ടായിരുന്നു ബൈബിൾ കൈയെഴുത്തുപ്രതിയുടെ സമർപ്പണം. മഹാമാരിയെ തുടർന്ന് ദൈവാലയ ശുശ്രൂഷകൾക്ക് കർശന നിയന്ത്രണങ്ങൾ നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ഇടവക ജനതയുടെ മനസിൽ ഈ ആഗ്രഹം നാമ്പിട്ടത്. 2021 മാർച്ചിലാണ് പദ്ധതിക്ക് ഇടവക നേതൃത്വം പച്ചക്കൊടി കാട്ടിയത്. ജൂൺ 26ന് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് പലഘട്ടങ്ങളിലൂടെയുള്ള സൂക്ഷ്മപരിശോധനകൾക്കുശേഷം പുസ്തകരൂപത്തിലാക്കി ഇക്കഴിഞ്ഞ ഒക്‌ടോബർ 22ന് ദൈവാലയത്തിൽ സമർപ്പിക്കുകയായിരുന്നു.

പുതിയ നിയമവും പഴയ നിയമവും ഉൾപ്പെടുന്ന ‘ദ ന്യൂ റിവൈസ്ഡ് സ്റ്റാൻഡേർഡ് വേർഷൻ’ ഇംഗ്ലീഷ് ബൈബിളാണ് പകർത്തിയെഴുതിയത്. 44 സെന്റിമീറ്റർ നീളവും 32 സെന്റിമീറ്റർ വീതിയിലുമുള്ള കൈയെഴുത്തുപ്രതിക്ക് 25 സെന്റിമീറ്റർ ഉയരവും 26 കിലോഗ്രാം ഭാരവുമുണ്ട്. ഒറ്റനോട്ടത്തിൽ അച്ചടിയെന്നേ തോന്നൂ. 12 വയസുമുതൽ 80 വയസുള്ളവർവരെ ഈ ഉദ്യമത്തിന്റെ ഭാഗമായെന്ന് വികാരി ഫാ. തോമസ് ഫിലിപ്പോസ് പറയുന്നു.

‘പാലിക്കേണ്ട നിർദേശങ്ങൾക്കൊപ്പം എഴുതാനുള്ള ‘എ 3′ സൈസ് പേപ്പറുകളും ഒരേ നിറമുള്ള പേനകളും ലഭ്യമാക്കിയിരുന്നു. 640 കുടുംബങ്ങളിലിരുന്ന് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരേ സമയത്താണ് അംഗങ്ങൾ ബൈബിൾ പകർത്തിയെഴുതിയത്. കുത്തും കോമയും ഉൾപ്പെടെ ഒന്നും വിട്ടുപോകാതെയായിരുന്നു എഴുത്ത്,’ അദ്ദേഹം വ്യക്തമാക്കി. എഴുതിയവരും പ്രൂഫ് റീഡർമാരും ചിത്രകാരന്മാരും ലോജിസ്റ്റിക്‌സ് വിഭാഗവും ഉൾപ്പെടെ 1200 പേരുടെ കഠിനാധ്വാനമാണ് ശ്രമകരമായ ഈ ഉദ്യമം സഫലമാക്കിയത്.

40 ലൈനുകളാണ് ഓരോ പേജിലുമുള്ളത്. ആദ്യം റഫ് എഴുതിനോക്കി തെറ്റുകൾ തിരുത്തി. തുടർന്നാണ് ദൈവാലയത്തിലേക്ക് കൈമാറാനുള്ള പകർത്തിയെഴുതൽ നടത്തിയത്. മൂന്നു തവണകൂടി സൂക്ഷ്മപരിശോധന നടത്തിയ ശേഷമാണ് പുസ്തകരൂപത്തിലാക്കിയത്. മനോഹരമായ കാലിഗ്രഫിയും ഇടവകാംഗങ്ങൾതന്നെ വരച്ച യേശുവിന്റെയും മാതാവിന്റെയും പെയിന്റിങ്ങുകളും കൈയെഴുത്തുപ്രതിയെ കൂടുതൽ ആകർഷകമാക്കുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?