വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ ഡിസംബറിൽ സൈപ്രസിലേക്കും ഗ്രീസിലേക്കും അപ്പസ്തോലിക പര്യടനം നടത്തുമെന്ന വാർത്ത സ്ഥിരീകരിച്ച് വത്തിക്കാൻ. ഡിസംബർ രണ്ടു മുതൽ ആറുവരെയാണ് പര്യടനം. ഡിസംബർ രണ്ടു മുതൽ നാലുവരെ സൈപ്രസിന്റെ തലസ്ഥാനമായ നിക്കോഷ്യയിൽ ചെലവിടുന്ന പാപ്പ, നാലിന് ഗ്രീസിലേക്ക് യാത്രതിരിക്കും. അവിടെ ഏഥൻസ് നഗരത്തിലും ലെസ്ബോസ് ദ്വീപിലും രണ്ട് ദിനങ്ങളിലായി പാപ്പ പര്യടനം നടത്തും. പേപ്പൽ പ്രോഗ്രാമുകളുടെ വിശദവിവരങ്ങൾ താമസിയാതെ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രസ് വ്യക്തമാക്കി.
വിശുദ്ധ പൗലോസ് അപ്പസ്തോലൻ തന്റെ സുവിശേഷപ്രഘോഷണ ദൗത്യത്തിന്റെ ആരംഭത്തിൽ എത്തിയ സ്ഥലമായി വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് മെഡിറ്ററേനിയൻ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സൈപ്രസ്. അവിടത്തെ റോമൻ ഗവർണർ ഉൾപ്പെടെയുള്ളവരെ അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിച്ച കാര്യവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കല്ലറയിൽനിന്ന് ഈശോ ഉയിർപ്പിച്ച ലാസർ മതപീഡനത്തിൽനിന്ന് രക്ഷനേടി സൈപ്രസിലെത്തിയെന്നും, അവിടെ അദ്ദേഹത്തെ അപ്പസ്തോലന്മാർ ബിഷപ്പായി നിയോഗിച്ചെന്നുമാണ് പാരമ്പര്യ വിശ്വാസം.
സൈപ്രസ് സന്ദർശിക്കുന്ന രണ്ടാമത്തെ ആഗോള സഭാതലവനാകും ഫ്രാൻസിസ് പാപ്പ. 2010ൽ ബെനഡിക്ട് 16-ാമൻ ഇവിടം സന്ദർശിച്ചിരുന്നു. സൈപ്രസ് ജനതയുടെ 94% വും ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവരാണെങ്കിലും 2400ൽപ്പരം ഊർജസ്വലമായ കത്തോലിക്കരുള്ള രാജ്യംകൂടിയാണിത്. ഗ്രീസിലേക്ക് ഫ്രാൻസിസ് പാപ്പ ഇത് രണ്ടാം തവണയാണ് പര്യടനം നടത്തുന്നത്. 2016ൽ ഗ്രീസിലെ ദ്വീപായ ലെസ്ബോസിൽ എത്തിയ പാപ്പ, അവിടത്തെ അഭയാർത്ഥി ക്യാംപിൽ സന്ദർശനം നടത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *