Follow Us On

25

January

2022

Tuesday

കാപട്യം ആത്മാവിനെ ബാധിക്കുന്ന ഗുരുതര രോഗം; ക്രൈസ്തവർ കാപട്യം കാട്ടരുതെന്നും പാപ്പ

കാപട്യം ആത്മാവിനെ ബാധിക്കുന്ന ഗുരുതര രോഗം; ക്രൈസ്തവർ കാപട്യം കാട്ടരുതെന്നും പാപ്പ

വത്തിക്കാൻ സിറ്റി: കാപട്യം ആത്മാവിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണെന്നും സ്വന്തം താൽപ്പര്യങ്ങൾ സാധിച്ചെടുക്കാൻ വിശ്വാസത്തിൽ കാപട്യം കാണിക്കരുതെന്നും വിശ്വാസീസമൂഹത്തെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദൈവത്തിന്റെ സമൃദ്ധിയിൽ പൂർണമായി വിശ്വസിക്കുകയും തനിക്ക് ആകെ ഉണ്ടായിരുന്ന ചെമ്പുനാണയംപോലും ദൈവത്തിന് സമർപ്പിക്കുകയും ചെയ്ത സുവിശേഷത്തിലെ വിധവയെ വിശ്വാസകാര്യങ്ങളിൽ നാം മാതൃകയാക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

കപട നാട്യക്കാരായ നിയമജ്ഞരെക്കുറിച്ചും തനിക്കുള്ളതെല്ലാം ഭണ്ഡാരത്തിൽ നിക്ഷേപിച്ച വിധവയെകുറിച്ചും യേശു പ്രതിപാദിക്കുന്ന സുവിശേഷ ഭാഗത്തെ ആസ്പദമാക്കി ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. ദീർഘമായി പ്രാർത്ഥിക്കുന്നുവെന്ന് നടിക്കുകയും പൊതു സ്ഥലങ്ങളിൽ അഭിവാദനം സ്വീകരിക്കാനും സിനഗോഗുകളിൽ മുഖ്യസ്ഥാനങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരുടെ കാപട്യം ചൂണ്ടിക്കാട്ടി, വിശ്വാസത്തിൽ ഇരട്ടത്താപ്പു കാട്ടുന്നവർക്കെതിരെ ജാഗരൂകരാകണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

ദൈവത്തോടും സഹോദരങ്ങളോടുമുള്ള ആത്മാർത്ഥതയ്ക്കായി പരിശ്രമിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതായത്, ദൈവത്തെയും അയൽക്കാരെയും വിശിഷ്യാ, ഏറ്റവും ആവശ്യമുള്ളവരെയും എപ്രകാരം സേവിക്കാനാകും എന്നതാണ് പ്രധാനം. നിയമജ്ഞരുടെ കപടതയെ കുറിച്ച് പരാമർശിക്കുന്ന ഇതേ സുവിശേഷ ഭാഗംതന്നെ, ദരിദ്രയായ വിധവയെയും ജറുസലേം ദൈവാലയത്തിൽ നമുക്കു കാണിച്ചു തരുന്നു.

ആ വിധവയുടെ ആത്മാർത്ഥത നാം കാണാതെ പോകരുത്. ദൈവത്തോടുള്ള അവരുടെ സ്‌നേഹം സകലർക്കും മാതൃകയാണ്. നിയമജ്ഞരെപ്പോലെ വിശ്വാസനാട്യവുമായി ജീവിക്കുന്നവരെ സൂക്ഷിക്കുന്നതോടൊപ്പം ആത്മാർത്ഥതയും വിനയവും ദൈവസ്‌നേഹവും പിന്തുടരാനുള്ള മാതൃകയായി വിധവയെ കാണുകയും വേണം. ഈ സുവിശേഷ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് നാമും കാപട്യത്തിൽനിന്ന് അകന്നുനിൽക്കണം.

ആനന്ദം പതിന്മടങ്ങായി സമ്മാനിക്കുന്ന ദൈവത്തിന്റെ സമൃദ്ധിയിൽ പരിപൂർണവുമായി വിശ്വസിച്ചുകൊണ്ടാണ് ആ വിധവ തനിക്കുള്ളതെല്ലാം ഭണ്ഡാരത്തിൽ നിക്ഷേപിച്ചത്. അതുകൊണ്ടാണ് ആ ദരിദ്ര വിധവയെ വിശ്വാസത്തിന്റെ അധ്യാപികയായി ഈശോ ചൂണ്ടിക്കാട്ടുന്നത്. പ്രകടനപരതയിൽ കുടുങ്ങാതെ, ഹൃദയപരമാർത്ഥതയോടെ വിശ്വാസം വളർത്തിയെടുക്കാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടണണെന്ന ഓർമപ്പെടുത്തലോടെയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?