Follow Us On

25

January

2022

Tuesday

സഹോദരങ്ങൾക്കായി ജീവൻ അർപ്പിച്ച് സഭാതനയർ: കോവിഡ് സേവനത്തിനിടെ ഇന്തോനേഷ്യയിൽ മരണപ്പെട്ടത് 120ൽപ്പരം സമർപ്പിതർ

സഹോദരങ്ങൾക്കായി ജീവൻ അർപ്പിച്ച് സഭാതനയർ: കോവിഡ് സേവനത്തിനിടെ ഇന്തോനേഷ്യയിൽ മരണപ്പെട്ടത് 120ൽപ്പരം സമർപ്പിതർ

ജക്കാർത്ത: ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയിലെ ആത്മീയ ശുശ്രൂഷയ്ക്കിടെ കന്യാസ്ത്രീകൾ ഉൾപ്പെടെ കത്തോലിക്കാ സഭയിലെ 120ൽപ്പരം സന്യസ്തർ കോവിഡ് ബാധിതരായി മരണപ്പെട്ടെന്ന് റിപ്പോർട്ടുകൾ. മഹാമാരിക്കാലത്തും ആത്മീയ ശുശ്രൂഷകൾ ലഭ്യമാക്കാൻ നടത്തിയ ശ്രമങ്ങൾക്കിടെ രോഗബാധിതരായി മരണപ്പെട്ട സമർപ്പിതരുടെ എണ്ണം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ‘ഫിദെസാ’ണ് വെളിപ്പെടുത്തിയത്. മരണസംഖ്യ വർദ്ധിക്കാനുള്ള ആശങ്ക പങ്കുവെക്കുമ്പോഴും, ജീവൻ പണയപ്പെടുത്തിയും ആത്മീയശുശ്രൂഷകൾ തുടരാനുള്ള പ്രതിജ്ഞാബദ്ധതയും സഭാനേതൃത്വത്തെ ഉദ്ധരിച്ച് ‘ഫീദെസ്’ വ്യക്തമാക്കി.

‘കോവിഡിന്റെ ദുരിത പൂർണമായ ദിനങ്ങളിൽ ശുശ്രൂഷയും പ്രത്യാശയും പകരാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ ഇന്തോനേഷ്യയിലെ കത്തോലിക്ക സഭക്ക് വലിയ വില നൽകേണ്ടിവന്നു. ഭയമില്ലാതെ സ്വയം സമർപ്പിക്കാൻ തയാറാകുന്ന രാജ്യത്തെ മുഴുവൻ സമർപ്പിതരുടെ കാര്യത്തിലും തങ്ങൾക്ക് ആശങ്കയുണ്ട്. സമർപ്പിത വിളികളുടെ കാര്യത്തിൽ സഭ സമൃദ്ധമാണെങ്കിലും ഒരു വൈദികനെയോ സമർപ്പിതയേയോ രൂപപ്പെടുത്താൻ വർഷങ്ങൾ വേണ്ടിവരും,’ ഇന്തോനേഷ്യൻ മെത്രാൻ സമിതി സെമിനാരി കമ്മീഷന്റെ നേതൃനിരയിലുള്ള ഫാ. ജോസഫ് ക്രിസ്റ്റാന്റോ സുരാട്ട്മാൻ വ്യക്തമാക്കി.

മരണപ്പെട്ട സമർപ്പിതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഇന്തോനേഷ്യയിലെ കത്തോലിക്കാ സഭക്ക് വലിയ നഷ്ടമാണെന്ന് രാജ്യത്തെ പ്രമുഖ കത്തോലിക്കാ പോർട്ടലായ ‘സെസാവി ഡോട്ട് നെറ്റ്’ ചൂണ്ടിക്കാട്ടുന്നു. സെമിനാരി അർത്ഥിയായി എത്തുന്ന ഒരു വിദ്യാർത്ഥി 11 മുതൽ 14 വർഷങ്ങളുടെ പരിശീലനത്തിലൂടെയാണ് വൈദികനായി അഭിഷിക്തനാകുന്നത്. അതുപോലെ, ഒരു കന്യാസ്തീ രൂപപ്പെടുന്നത് ആറു വർഷത്തിൽപ്പരം ദീർഘിക്കുന്ന പരിശീലനത്തിലൂടെയാണ്.

രൂപീകരണം എന്നത് സമയത്തിന്റെ മാത്രം പ്രശ്നമല്ല. അതിലുപരി, ഒരാളുടെ ആന്തരിക ലോകവുമായി ബന്ധപ്പെട്ട ചോദ്യമാണെന്ന് അഗസ്റ്റീനിയൻ സഭാംഗവും നൊവീസ് മാസ്റ്ററുമായ സിസ്റ്റർ ഗബ്രിയേല വ്യക്തമാക്കി. ഇതര ക്രൈസ്തവ സഭകളിലെ കണക്കുകൾകൂടി എടുത്താൽ, മരണപ്പെട്ട സഭാശുശ്രൂഷകരുടെ എണ്ണം 200ൽപ്പരം വരും. ‘എന്നിട്ടും അവർ പിന്മാറിയില്ല, ആവശ്യനേരത്ത് സ്വന്തം ജീവൻവരെ നൽകാൻ തയാറായി അവർ വിശ്വാസികളുടെ അടുത്തെത്തി,’ കോവിഡ് കാലത്തുടനീളം ദൗത്യം തുടരാനുള്ള മിഷണറിമാരുടെ സന്നദ്ധത വ്യക്തമാക്കുന്നു സിസ്റ്റർ ഗബ്രിയേല.

ഇസ്ലാമിക ഭൂരിപക്ഷരാജ്യമായ (86%) ഇന്തോനേഷ്യയിൽ 10% മാത്രമാണ് ക്രൈസ്തവ ജനസംഖ്യ. 2018ലെ കണക്കുകൾ പ്രകാരം ആകെ ജനസംഖ്യയുടെ 3.12% മാത്രമാണ് കത്തോലിക്കർ. എങ്കിലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രബലമായ വിശ്വാസസമൂഹമാണ് കത്തോലിക്കർ. പോർച്ചുഗീസുകാരിലൂടെ 16-ാം നൂറ്റാണ്ടിലാണ് ഇവിടെ ക്രിസ്തീയ വിശ്വാസം എത്തിയത്. കത്തോലിക്കാ സഭയ്ക്ക് 10 അതിരൂപതകളും 27 രൂപതകളുമാണ് ഇവിടെയുള്ളത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?